Asianet News MalayalamAsianet News Malayalam

ജിഎസ്ടി നഷ്ടപരിഹാരം: പ്രധാനമന്ത്രിക്ക് പിണറായി വിജയനടക്കം ആറ് മുഖ്യമന്ത്രിമാരുടെ കത്ത്

കടമെടുക്കുന്നതിലൂടെ ജിഎസ്ടി നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളിലേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി.
 

5 chief ministers include Pinarayi Vijayan wrote to PM on GST
Author
New Delhi, First Published Sep 2, 2020, 6:08 PM IST

ദില്ലി: ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള 2.35 ലക്ഷം കോടി നല്‍കുന്നത് സംബന്ധിച്ചുള്ള ഭരണഘടനാ ഉത്തരവാദിത്തം ഓര്‍മ്മിപ്പിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം ആറ് മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. കൊവിഡ് കാലത്ത് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കേണ്ട സാമ്പത്തിക സഹായം സംബന്ധിച്ചും കത്തില്‍ സൂചിപ്പിച്ചു. 

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ എന്നിവരാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ജിഎസ്ടി നടപ്പാക്കിയതിന് ശേഷമുള്ള ആദ്യത്തെ അഞ്ച് വര്‍ഷം കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം നിയമപരമായ ബാധ്യതയാണെന്ന് മുഖ്യമന്ത്രിമാര്‍ ഓര്‍മ്മിപ്പിച്ചു. പണം കടമെടുക്കാമെന്ന കേന്ദ്ര നിര്‍ദേശം ഇവര്‍ തള്ളി. ഇത് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയാകുമെന്നും ഇവര്‍ കത്തില്‍ വ്യക്തമാക്കി. 

കടമെടുക്കുന്നതിലൂടെ ജിഎസ്ടി നഷ്ടപരിഹാര ബാധ്യത സംസ്ഥാനങ്ങളിലേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. ഇപ്പോള്‍ തന്നെ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറവും ചെലവ് കൂടുതലുമാണെന്ന് പിണറായി വിജയന്‍ കത്തില്‍ പറഞ്ഞു. ആദ്യത്തെ അഞ്ച് വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ 14 ശതമാനം വാര്‍ഷിക വളര്‍ച്ച ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും പിണറായി വിജയന്‍ ആരോപിച്ചു.  

ജിഎസ്ടി നഷ്ടപരിഹാരത്തില്‍ കേന്ദ്രം വഞ്ചിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിനെ വിശ്വസിക്കാനാകില്ലെന്ന കാരണത്താലായിരുന്നു 2013ല്‍ ബിജെപി ജിഎസ്ടിയെ എതിര്‍ത്തത്. ഇപ്പോള്‍ അവരുടെ ആരോപണം സത്യമായിരിക്കുകയാണ്. കേന്ദ്രത്തിലുള്ള വിശ്വാസം നഷ്ടമായെന്നും മമത കുറ്റപ്പെടുത്തി. ചെലവിനായി കടമെടുക്കാമെന്ന കേന്ദ്ര നിര്‍ദേശം കൂടുതല്‍ സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുമെന്നും മമത വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്ന് അരവിന്ദ് കെജ്രിവാളും വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios