Asianet News MalayalamAsianet News Malayalam

അഫ്​ഗാൻ പ്രതിസന്ധി: കായം, ഡ്രൈ ഫ്രൂട്സ് വ്യാപാരം ആശങ്കയിൽ, ക്ഷാമത്തിലേക്ക് വിപണി നീങ്ങിയേക്കും

“പ്രതിദിനം വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, രണ്ട് ദിവസം മുമ്പ് ഞാൻ 750 രൂപയ്ക്ക് ബദാം വാങ്ങി, ഇപ്പോൾ അത് കിലോയ്ക്ക് 950 രൂപയാണ്,” വ്യാപാരിയായ പവൻദീപ് സിം​ഗ് പറഞ്ഞു. 

Afghan crisis impact in dry fruits market
Author
New Delhi, First Published Aug 26, 2021, 7:45 PM IST

ൾഡ് ദില്ലി വിപണിയിലെ ഡ്രൈ ഫ്രൂട്സ് കച്ചവടക്കാർക്ക് അഫ്ഗാനിസ്ഥാനിൽ നടക്കുന്ന സംഘർഷം പേടിസ്വപ്നമായി മാറിയിരിക്കുന്നു, ദില്ലിയിലെ പ്രാദേശിക വ്യാപാരികളിൽ പലരും അഫ്​ഗാനിൽ നിന്നുളള ഡ്രൈ ഫ്രൂട്സ്, കായം, പ്രത്യേക ഇനം ജീരകം എന്നിവയുടെ വിതരണത്തിന്റെ ഭാവിയെക്കുറിച്ച് അനിശ്ചിതത്വത്തിലാണ്. ഇന്ത്യയിലേക്കുളള ഡ്രൈ ഫ്രൂട്സ് ഇറക്കുമതിയിൽ 75 ശതമാനവും അഫ്​ഗാനിൽ നിന്നോ അഫ്​ഗാൻ വഴിയോ ആണ് നടന്നിരുന്നത്. ഇത് പൂർണമായി മുടങ്ങിയിരിക്കുകയാണ്. അഫ്​ഗാനിലെ സംഘർഷങ്ങൾക്ക് പിന്നാലെ ഡ്രൈ ഫ്രൂട്സ് വില ഉയർന്നതായി പ്രമുഖ ദേശീയ മാധ്യമമായ ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. 

300 രൂപ മുതൽ 400 രൂപ വരെ ഡ്രൈ ഫ്രൂട്സിലെ അഫ്ഗാനി ഇനങ്ങളുടെ നിരക്ക് ഉയർന്നു. ബദാം 1100 രൂപയ്ക്കാണ് നിലവിൽ വിൽക്കുന്നത്, ഇത് നേരത്തെ 700 രൂപയ്ക്ക് ലഭിച്ചിരുന്നതാണെന്ന് വ്യാപാരികൾ പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. മൊത്തക്കച്ചവടക്കാർ വില വർദ്ധിപ്പിച്ചതാണ് നിരക്ക് ഇത്രവേ​ഗം ഉയരാൻ കാരണമായി ചില്ലറ വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.

“പ്രതിദിനം വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, രണ്ട് ദിവസം മുമ്പ് ഞാൻ 750 രൂപയ്ക്ക് ബദാം വാങ്ങി, ഇപ്പോൾ അത് കിലോയ്ക്ക് 950 രൂപയാണ്,” വ്യാപാരിയായ പവൻദീപ് സിം​ഗ് പറഞ്ഞു. 

അഫ്​ഗാൻ പ്രതിസന്ധി കേരളത്തെ ഏറ്റവും കൂടുതൽ ബാധിക്കുക കായത്തിന്റെ കാര്യത്തിലാണ്. രാജ്യത്തേക്ക് എത്തുന്ന കായത്തിന്റെ വലിയ ശതമാനവും അഫ്​ഗാനിൽ നിന്നാണ്. നമ്മുടെ സാമ്പാറിനും രസത്തിനും മറ്റ് കറികൾക്കും ഉപയോ​ഗിക്കുന്ന കായം കിട്ടാതെയായാൽ അടുക്കളകളിലും ഹോട്ടലുകളിലും കായം ഇല്ലാക്കറികൾ വിളമ്പേണ്ടി വരും ! ഡ്രൈ ഫ്രൂട്സ് ക്ഷാമം ബേക്കറികളെയാണ് പ്രധാനമായും പ്രതിസന്ധയിലാക്കുക. ബദാം, പിസ്റ്റാഷിയോ, ഫി​ഗ്. ഏപ്രുക്കോട്ട്, ഉണക്ക മുന്തിരി തുടങ്ങിയവയുടെ ലഭ്യതയെ അഫ്​ഗാൻ പ്രതിസന്ധി തടസ്സപ്പെടുത്തും. ബിരിയാണിയിൽ ചേർക്കുന്ന പ്രത്യേക തരം ജീരകത്തിനും ക്ഷാമം നേരിടാൻ സംഘർഷങ്ങൾ ഇടയാക്കും.  

തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിലും കായം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും ആ രാജ്യങ്ങളുമായി തീരുവ ഇളവ് സാധ്യമാക്കുന്ന വ്യാപാരക്കരാർ നിലവിലില്ല. അഫ്​ഗാൻ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്ക് അം​ഗമായതിനാലും അവികസിത രാജ്യമായതിനാലും അവിടെ നിന്ന് ഇന്ത്യയിലേക്ക് നടത്തുന്ന ഇറക്കുമതിക്ക് കസ്റ്റംസ് തീരുവ ഇളവുണ്ട്. അതിനാൽ ഇന്ത്യൻ വ്യാപാരികൾ വലിയതോതിൽ കായം ​ഡ്രൈ ഫ്രൂട്സ് എന്നിവയ്ക്ക് അഫ്​ഗാനെയാണ് ആ​ശ്രയിച്ചിരുന്നത്. ഇറാനിലും മറ്റും ഉൽപാദിപ്പിക്കുന്ന കായത്തിന് അഫ്ഗാൻ കായത്തിന്റെ ഗുണമേന്മയില്ലെന്നും വ്യാപാരികൾ പറയുന്നു.

ഇന്ത്യയിൽ കായം ഉൽപ്പാദിപ്പിക്കുന്നത് സംബന്ധിച്ച് സിഎസ്ഐആർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസേഴ്സ് ടെക്നോളജി പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ ഉത്തരാഖന്ധ്, അരുണാചൽ പ്രദേശ് എന്നിവടങ്ങളിൽ നിന്ന് കായം ഉൽപ്പാദനം സാധ്യമാകും. 

രാജ്യത്ത് കായം വിപണനം ചെയ്യപ്പെടുന്നത് 30 ലേറെ ബ്രാൻഡുകളിലാണ്. അഫ്​ഗാനിൽ നിന്ന് ഇറക്കുമതി ചെയ്ത് സംസ്കരണ പ്രക്രിയ പൂർത്തീകരിച്ചാണ് ഇവ വിവിധ പേരുകളിൽ വിപണിയിലെത്തുന്നത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios