Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പൊതുമേഖലാ സ്ഥാപനത്തിന്റെ തലപ്പത്ത് വനിത

ഇന്ധനവും പ്രകൃതി വാതകവും ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പൊതുമേഖലാ കമ്പനിയുടെ തലപ്പത്ത് വനിതയെത്തുന്നത് ഇതാദ്യമാണ്

Alka Mittal becomes the first woman to head ONGC
Author
Mumbai, First Published Jan 4, 2022, 4:38 PM IST

ദില്ലി: ഓയിൽ ആന്റ് നാചുറൽ ഗ്യാസ് കോർപറേഷൻ തലപ്പത്ത് താത്കാലിക ചെയർപേഴ്സണും മാനേജിങ് ഡയറക്ടറുമായി അളക മിത്തലിനെ നിയമിച്ചു. ഇതാദ്യമായാണ് ഈ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത്. സുഭാഷ് കുമാർ വിരമിച്ചതോടെയാണ് അളക മിത്തലിന്റെ നിയമനം. കേന്ദ്ര കാബിനറ്റ് സമിതിയാണ് ഇവരുടെ നിയമനത്തിന് അംഗീകാരം നൽകിയത്.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ശുപാർശ കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി (എസിസി) അംഗീകരിക്കുകയായിരുന്നു. 2022 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന ആറ് മാസത്തെ കാലയളവ്, അല്ലെങ്കിൽ തസ്തികയിലേക്ക് ഒരു സ്ഥിരം ചുമതലക്കാരനെ നിയമിക്കുന്നത് വരെ, അതുമല്ലെങ്കിൽ അടുത്ത ഉത്തരവ് വരെയാണ് അളക മിത്തലിന്റെ നിയമനത്തിന്റെ കാലാവധി. ഇതിൽ ഏതാണോ ആദ്യം സംഭവിക്കുന്നത് അതുവരെ അവർക്ക് സിഎംഡി സ്ഥാനത്ത് തുടരാനാവും.

ഒഎൻജിസിയിൽ എച്ച്ആർ വിഭാഗം ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു ഇവർ. 2021 ഡിസംബർ 31-ന് സുഭാഷ് കുമാർ സ്ഥാനമൊഴിഞ്ഞതിനാലാണ് അളക മിത്തലിനെ അധിക ചുമതല ഏൽപ്പിച്ചത്. സുഭാഷ് കുമാർ കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ സിഎംഡിയുടെ ചുമതല വഹിച്ചിരുന്നു. നേരത്തെ ഒഎൻജിസിയുടെ തലപ്പത്ത് നിന്ന് ശശിശങ്കർ വിരമിച്ച ഫെബ്രുവരിക്ക് ശേഷം സ്ഥിരം സിഎംഡിയെ നിയമിക്കുന്നതിൽ ഒഎൻജിസി പരാജയപ്പെട്ടിരുന്നു.

അന്ന് ഒഎൻജിസിയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായിരുന്നതിനാലാണ് സുഭാഷ് കുമാറിന് സിഎംഡി ചുമതല ലഭിച്ചത്.  നേരത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ കമ്പനിയുടെ തലപ്പത്ത് 2014 ൽ നിഷി വസുദേവയെന്ന വനിത എത്തിയിരുന്നു. എന്നാൽ ഇന്ധനവും പ്രകൃതി വാതകവും ഉൽപ്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന പൊതുമേഖലാ കമ്പനിയുടെ തലപ്പത്ത് വനിതയെത്തുന്നത് ഇതാദ്യമാണ്.

സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദ ധാരിയായ അളക മിത്തലിന് കൊമേഴ്സിൽ ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. 2018 നവംബർ 27 നാണ് ഇവർ ഒഎൻജിസിയുടെ ബോർഡ് ഓഫ് ഡയറക്ടർമാരിൽ അംഗമാകുന്നതും. ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിതയുമായിരുന്നു ഇവർ. ഇവർക്ക് പിന്നാലെ പൊമിള ജസ്പാൽ ഫിനാൻസ് ഡയറക്ടറായി ബോർഡിലെത്തിയ രണ്ടാമത്തെ വനിതയായി. 

Latest Videos
Follow Us:
Download App:
  • android
  • ios