കർച്ചവ്യാധിയെ തുടർന്നുളള ധനകാര്യ-വ്യവസായ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ വിദേശ നിക്ഷേപകരുടെ ആകർഷകമായ ലക്ഷ്യസ്ഥാനമായി തുടരുന്നു, ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ എഫ്ഡിഐ നിക്ഷേപ വരവ് 15 ശതമാനം ഉയർന്ന് 30 ബില്യൺ ഡോളറായി (2.2 ട്രില്യൺ രൂപ).

കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ മൊത്തം എഫ്ഡിഐ വരവ് 26 ബില്യൺ ഡോളറായിരുന്നു.

ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീ ആൻഡ് ഇന്റേണൽ ട്രേഡിന്റെ (ഡിപിഐഐടി) കണക്കുകൾ പ്രകാരം മൗറീഷ്യസും സിംഗപ്പൂരുമാണ് ഇന്ത്യയിലേക്കുളള എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടങ്ങൾ. യഥാക്രമം 29 ശതമാനവും 21 ശതമാനവുമാണ് ഇരുരാജ്യങ്ങളിൽ നിന്നുമുളള എഫ്ഡിഐ വരവ്.

യുഎസ്, നെതർലാന്റ്സ്, ജപ്പാൻ എന്നീ രാജ്യങ്ങൾ ഏഴ് ശതമാനം വീതം ഇന്ത്യൻ എഫ്ഡിഐയിലേക്ക് സംഭാവന നൽകി. സേവന മേഖലയാണ് ഏറ്റവും കൂടുതൽ എഫ്ഡിഐ നിക്ഷേപം നേട‌ിയെടുത്തത്. സേവന മേഖലയിൽ തന്നെ ധനകാര്യം, ബാങ്കിംഗ്, ഇൻഷുറൻസ്, ഔട്ട് സോഴ്സിംഗ്, ആർ & ഡി എന്നിവയിലേക്കാണ് അവലോകന കാലയളവിലെ എഫ്ഡിഐ ഇക്വിറ്റി വരവിന്റെ 17 ശതമാനം വിഹിതവും ലഭിച്ചത്.

ഒന്നാം സ്ഥാനം ​ഗുജറാത്തിന് 

കമ്പ്യൂട്ടർ സോഫ്റ്റ്‍വെയർ, ഹാർഡ് വെയർ വിഭാഗങ്ങൾക്ക് 12 ശതമാനം എഫ്ഡിഐയും ടെലികോം മേഖലയ്ക്ക് ഏഴ് ശതമാനവും ലഭിച്ചു.

സംസ്ഥാനങ്ങളിൽ ഗുജറാത്താണ് ഏറ്റവും ഉയർന്ന എഫ്ഡിഐ ഇക്വിറ്റി വരവ് നേടിയെടുത്തത്. ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ മൊത്തം ഫണ്ടിന്റെ 35 ശതമാനം ​ഗുജറാത്താണ് നേടിയെടുത്തത്. മഹാരാഷ്ട്ര (20 ശതമാനം), കർണാടക (15 ശതമാനം), ദില്ലി (12 ശതമാനം) എന്നീ സംസ്ഥാനങ്ങളാണ് തുടർന്നുളള സ്ഥാനങ്ങളിൽ.

പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ലോകമെമ്പാടുമുള്ള സർക്കാരുകളും ഇന്ത്യയും വിപണിയിൽ പണലഭ്യത വർധിപ്പിക്കാനുളള നടപടികൾ പ്രഖ്യാപിച്ചതാണ് വിദേശ നിക്ഷേപത്തിന്റെ ഒഴുക്ക് വർദ്ധിക്കാനിടയാക്കിയത്. കരാർ നിർമ്മാണം, കൽക്കരി ഖനനം, പ്രതിരോധം തുടങ്ങി നിരവധി മേഖലകളിൽ എഫ്ഡിഐയ്ക്കുള്ള ഉദാരവൽക്കരണ നടപടികളും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.