Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് സംസ്ഥാനത്തെ ചെമ്മീൻ കൃഷി മേഖലയിൽ 12,000 പേർക്ക് തൊഴിൽ നഷ്ടം

നിലവിൽ 3,144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻ കൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1,500 ടൺ ആണ്. 

Around 12000 job loss reported in Kerala prawn farming sector
Author
Cochin, First Published Aug 20, 2020, 8:33 PM IST

കൊച്ചി: കൊവിഡ് ലോക്ഡൗൺ കാരണം സംസ്ഥാനത്തെ ചെമ്മീൻകൃഷി മേഖലയിൽ ഏകദേശം 12,000 പേർക്ക് തൊഴിൽ നഷ്ടമായെന്ന് കേന്ദ്ര ഓരുജല കൃഷി ഗവേഷണ സ്ഥാപനം (സിബ) നടത്തിയ പഠനം. കൃഷി, സംസ്‌കരണം, വിതരണം എന്നീ രംഗങ്ങളിലായി ഇത്രയും പേർക്ക് ജോലി ഇല്ലാതായത്. ആറ് മാസം നീണ്ടുനിൽക്കുന്ന ഒരു കൃഷി സീസണിലെ തൊഴിൽ ഇല്ലാതായതിലൂടെയുള്ള നഷ്ടം 108 കോടി രൂപയാണ്. ചെമ്മീൻ ഉൽപാദന-വിതരണ രംഗത്ത് കൃഷിയിടങ്ങൾ, ഹാച്ചറികൾ, സംസ്‌കരണ യൂണിറ്റുകൾ, ചില്ലറ-മൊത്ത വ്യാപാരം എന്നീ രംഗങ്ങളിലായി നിരവധി തൊഴിലവസരങ്ങളുണ്ട്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ കാരണം ഇന്ത്യയുടെ ചെമ്മീൻ ഉൽപാദനത്തിൽ മുൻവർഷത്തേക്കാൾ ഇക്കാലയളവിൽ 40 ശതമാനത്തോളം ഇടിവുണ്ടായിട്ടുണ്ടെന്ന് സിബ ഡയറക്ടർ ഡോ കെ കെ വിജയൻ പറഞ്ഞു. ഇതിലൂടെയുള്ള നഷ്ടം 1.60 ബില്യൺ യുഎസ് ഡോളറാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമയോചിതമായ ഇടപെടൽ കാരണം മത്സ്യ-ചെമ്മീൻ കൃഷിയെ അവശ്യസേവന വിഭാഗത്തിൽ ഉൾപെടുത്താനും ഇതുമായി ബന്ധപ്പെട്ടുള്ള യാത്രാനിയന്ത്രണങ്ങളിൽ ഇളവ് വരുത്താനും സാധിച്ചു. ഇതുകൊണ്ട് നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

നിലവിൽ 3,144 ഹെക്ടറിലാണ് കേരളത്തിൽ ചെമ്മീൻ കൃഷി നടക്കുന്നത്. കൃഷിയിലൂടെയുള്ള സംസ്ഥാനത്തിന്റെ ശരാശരി വാർഷിക ചെമ്മീൻ ഉൽപാദനം 1,500 ടൺ ആണ്. കൃഷിക്കാവശ്യമുള്ള വിത്ത്, തീറ്റ തുടങ്ങിയവയ്ക്ക് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടതിനാൽ അന്തർസംസ്ഥാന ഗതാഗതത്തിലെ പ്രതിസന്ധി കേരളത്തിലെ ചെമ്മീൻ കൃഷിയെ കാര്യമായി ബാധിക്കുമെന്ന് ഡോ വിജയൻ സൂചിപ്പിച്ചു. ദുരന്തകാലയളവിൽ കർഷകർക്ക് സഹായകമാകുന്ന ഇൻഷുറൻസ് പരിരക്ഷ കർഷകർക്ക് ലഭ്യമാക്കണമെന്നും ഇത്തവണ കർഷകർക്കുണ്ടായ നഷ്ടം നികത്തുന്നതിന് സാമ്പത്തിക സഹായം ഏർപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു.

പുറത്തു നിന്നു വരുന്ന ചെമ്മീൻ വിത്തുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ അക്വാകൾച്ചർ ക്വാറന്റൈൻ സംവിധാനം മെച്ചപ്പെടുത്തണമെന്ന് സിബയുടെ പഠനം നിർദേശിക്കുന്നു. ഇതര സംസ്ഥാനത്തെ കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാൻ വനാമി ചെമ്മീൻ വിത്തുൽപാദനത്തിന് കേരളത്തിൽ ഹാച്ചറി സംവിധാനങ്ങൾ വികസിപ്പിക്കണമെന്നും നിർദേശമുണ്ട്.

Follow Us:
Download App:
  • android
  • ios