Asianet News MalayalamAsianet News Malayalam

‘ബാഡ് ബാങ്ക്’ രൂപീകരിച്ചാൽ ​ഗുണകരം, 2031ൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: ബാങ്ക് ഓഫ് അമേരിക്ക

ഒരു എൻട്രി ലെവൽ കാറിന്റെ വില 2028 ഓടെ ആളോഹരി വരുമാനത്തിന്റെ 1 മടങ്ങായി മാറും, നിലവിൽ ആത് 2.45 മടങ്ങാണ്. 2000 ത്തിൽ അത് 14 മടങ്ങ് ആയിരുന്നതായും, ബോഫ റിപ്പോർട്ട് പറഞ്ഞു.

Bank of America (BofA) Securities report on Indian economy detailed report
Author
New York, First Published Mar 23, 2021, 7:04 PM IST

2031 ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക (ബോഫ) സെക്യൂരിറ്റീസ് കണക്കാക്കുന്നു. 2028 ഓടെ സാമ്പത്തിക ഉയർച്ച യാഥാർത്ഥ്യമാകുമെങ്കിലും കൊവിഡ് പകർച്ചവ്യാധി മുന്നേറ്റത്തിന്റെ വേഗത വൈകിപ്പിക്കുകയാണെന്നും ബോഫ സെക്യൂരിറ്റീസിലെ സാമ്പത്തിക ശാസ്ത്രജ്ഞരായ ഇന്ദ്രാനിൽ സെൻ ഗുപ്തയും ആസ്ത ഗുഡ്വാനിയും റിപ്പോർട്ട് ചെയ്യുന്നു.

“ഒമ്പത് ശതമാനമായി വളരുകയാണെങ്കിൽ 2031 ൽ ജപ്പാനിലെ നാമമാത്ര ജിഡിപിക്ക് (യുഎസ്ഡിയിൽ) സമാനമാകും. 10 ശതമാനം നിരക്കിൽ വളരുകയാണെങ്കിൽ ഇത് 2030 ൽ സാധ്യമാകും. തികച്ചും യാഥാർത്ഥ്യബോധമുള്ള 6 ശതമാനം യഥാർത്ഥ വളർച്ചയും 5 ശതമാനം പണപ്പെരുപ്പവും രണ്ട് ശതമാനം മൂല്യത്തകർച്ചയുമാണ് കണക്കാക്കുന്നത്, ”ഗവേഷകർ അഭിപ്രായപ്പെട്ടു.

ജനസംഖ്യാപരമായ ലാഭവിഹിതം, വർദ്ധിച്ചുവരുന്ന സാമ്പത്തിക പക്വത, ബഹുജന വിപണികളുടെ ആവിർഭാവം എന്നിവ ഇന്ത്യയുടെ വളർച്ചയ്ക്ക് അനുകൂലമായി പ്രവർത്തിക്കുന്ന ഘടകങ്ങളാണ്. ഘടനാപരമായ മാറ്റത്തെ പിന്തുണയ്ക്കുന്ന മറ്റ് ഉത്തേജകങ്ങളും ഉണ്ട്. 

എട്ട് വർഷത്തിന് ശേഷം വിദേശ നാണ്യ കരുതൽ ധനത്തിന്റെ പര്യാപ്തത ഫലപ്രദമായി വീണ്ടും ആർബിഐ നേടിയെ‌ടുത്തിട്ടുണ്ട്, ഇത് ആഗോള ആഘാതങ്ങളിൽ നിന്ന് ഇന്ത്യൻ രൂപയെ സുസ്ഥിരമായി നിലകൊള്ളാൻ സഹായിക്കും.

‘ബാഡ് ബാങ്ക്’ ​ഗുണമാകും

“കൂടാതെ, 2016 മുതൽ വളർച്ചയ്ക്ക് വേ​ഗത കുറച്ച, ആർബിഐ വായ്പ നയത്തിന്റെ ഭാ​ഗമായ പലിശ നിരക്കുകൾ കേന്ദ്ര ബാങ്ക് അടുത്ത കാലത്തായി കുറച്ചിരിക്കുകയാണ്,” ഗവേഷകർ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിന്റെ പ്രാഥമിക ഗുണഭോക്താവായിരിക്കണം സാമ്പത്തിക മേഖലയെന്നും അവർ പറഞ്ഞു.

വരാനിരിക്കുന്ന വികസന ധനകാര്യ സ്ഥാപനവും, ‘ബാഡ് ബാങ്ക്’ എന്ന പരി​ഗണനയിലുളള സ്ഥാപനം നടപ്പാകുകയും ചെയ്താൽ, അത് ഇന്ത്യയെ ഭാവി സ്ഥാനം ഉറപ്പാക്കാൻ സഹായിക്കും. എന്നാൽ, എണ്ണവില ബാരലിന് 100 ഡോളർ എന്ന നിരക്കിലേക്ക് ഉയരുന്ന സാഹചര്യം രാജ്യത്തിന് അപകടകരമായിരിക്കുമെന്ന് ബോഫ പറയുന്നു.

നിലവിലെ 44.2 ശതമാനത്തിൽ നിന്ന് 10 വർഷത്തിനുള്ളിൽ ആശ്രിത അനുപാതം 41.2 ശതമാനമായി കുറയുമെന്ന് റിപ്പോർട്ട് പറയുന്നു. സാമ്പത്തിക പക്വതയുടെ അടിസ്ഥാന അളവുകോലായി കണക്കാക്കുന്ന ജിഡിപി അനുപാതത്തിലുളള വായ്പാ വളർച്ചാ നിരക്കിൽ 2032 സാമ്പത്തിക വർഷം ആകുമ്പോഴേക്കും മുന്നേറ്റം ഉണ്ടാകും. കൂടാതെ, ഒരു എൻട്രി ലെവൽ കാറിന്റെ വില 2028 ഓടെ ആളോഹരി വരുമാനത്തിന്റെ 1 മടങ്ങായി മാറും, നിലവിൽ ആത് 2.45 മടങ്ങാണ്. 2000 ത്തിൽ അത് 14 മടങ്ങ് ആയിരുന്നതായും, ബോഫ റിപ്പോർട്ട് പറഞ്ഞു.

രണ്ടാം തരം​ഗം അപകടകരം

550 ബില്യൺ ഡോളറിലധികം കരുതൽ ശേഖരം ഉള്ളതിനാൽ, 2011, 2013, 2018 എന്നിവ പോലെ ആഗോള ആഘാതങ്ങളിൽ വലിയ മൂല്യത്തകർച്ച കഴിഞ്ഞ കാലത്ത് ഉണ്ടായില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. മതിയായ വിദേശ നാണ്യ കരുതൽ ധന ശേഖരം രൂപയുടെ അപകടസാധ്യത കുറയ്ക്കുന്നതിനാൽ വിപണിയെ കൂടുതൽ പോർട്ട് ഫോളിയോ വരവ് നയിക്കുന്നു. ഇന്ത്യൻ കോർപ്പറേറ്റുകൾക്ക് വിദേശത്ത് നിന്ന് പണം സ്വരൂപിക്കാൻ കഴിയണമെന്നും ഗവേഷകർ പറഞ്ഞു.

യുഎസ് ഫെഡറൽ ബോണ്ട് വാങ്ങൽ താമസം സാവധാനം പിൻവലിക്കാൻ ആഗ്രഹിക്കുന്നിടത്ത്, വളർന്നുവരുന്ന വിപണികളിൽ നിന്ന് നിക്ഷേപത്തിന്റെ വൻതോതിലുളള ഒഴുക്ക് ഉണ്ടാകും. ഏഷ്യയിൽ ഇന്ത്യയും ഫിലിപ്പൈൻസിനെയും ആയിരിക്കും ഇത് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുക. യുഎസ് ഫെഡറൽ റിസർവ് 2023 അവസാനം വരെ തങ്ങളുടെ പണ നയം പിൻവലിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട് താനും.

കൊവിഡ് അണുബാധയുടെ വർദ്ധനവ് ഇന്ത്യയുടെ വളർച്ചയെ വളരെയധികം തടസ്സപ്പെടുത്തുമെന്ന് ബാർക്ലെയ്സ് ഇന്ത്യ ചീഫ് ഇക്കണോമിസ്റ്റ് രാഹുൽ ബജോറിയ അഭിപ്രായപ്പെടുന്നു. വർദ്ധിച്ചുവരുന്ന പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തിൽ നിന്നുളള പ്രത്യാഘാതം വളർച്ചയെ പരിമിതപ്പെടുത്താം, വളർച്ചാ കാഴ്ചപ്പാടിലേക്കുള്ള അപകടസാധ്യതകൾ സന്തുലിതമാണെന്നും അദ്ദേഹം പ്രമുഖ വാർത്താ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.

ഇന്ത്യയെന്ന ശക്തൻ 

“നിലവിലെ നിയന്ത്രണങ്ങൾ രണ്ട് മാസത്തേക്ക് നിലനിൽക്കുകയാണെങ്കിൽ, ഇത് നാമമാത്ര ജിഡിപി (മൊത്ത ആഭ്യന്തര ഉത്പാദനം) വളർച്ചയിൽ നിന്ന് 0.17 ശതമാനം പോയിന്റുകൾ പിന്നോട്ടടിക്കുമെന്ന് ഞങ്ങൾ കണക്കാക്കുന്നു. അതുപോലെ, 2021-22 സാമ്പത്തിക വർഷത്തിൽ ജിഡിപി വളർച്ച 11 ശതമാനമായി പ്രവചിക്കുന്നത് തുടരുകയാണ്, ” ബജോറിയ അഭിപ്രായപ്പെട്ടു.

ഏറ്റവും മോശം അവസ്ഥയിൽ, വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ഇന്ത്യയിലെ ബോണ്ട് ഹോൾഡിംഗ് ലിക്വിഡേറ്റ് ചെയ്ത് വിടാൻ തീരുമാനിക്കുകയാണെങ്കിൽ, അത് വിപണികളെ ബാധിക്കില്ലെന്ന് ഫിലിപ്പ് ക്യാപിറ്റൽ അഭിപ്രായപ്പെ‌ടുന്നു.

കാരണം, ഡെറ്റിലെ എഫ്ഐഐ നിക്ഷേപങ്ങൾക്ക് റെഗുലേറ്റർമാർ പരിധി ഏർപ്പെടുത്തിയിട്ടുണ്ട്, കൂടാതെ ഉപയോഗ നില വളരെ താഴെയാണ്. ജി-സെക്സിൽ, എഫ്ഐഐ ഹോൾഡിംഗിന്റെ വ്യാപ്തി കുടിശ്ശികയുള്ള സ്റ്റോക്കിന്റെ 1.6 ശതമാനമാണ്. കുടിശ്ശികയുള്ള കോർപ്പറേറ്റ് ബോണ്ടുകളുടെ എഫ്ഐഐ ഓഹരി 3.8 ശതമാനം മാത്രമാണ്.

“ലോകമെമ്പാടും ഇന്ത്യയെ പോലെ സമാനമായ / ഉയർന്ന സർക്കാർ ബോണ്ട് വരുമാനവും സമാനമായ / മികച്ച അടിസ്ഥാനകാര്യങ്ങളും ഉള്ള കുറച്ച് രാജ്യങ്ങൾ മാത്രമേയുള്ളൂ,” ഫിലിപ്പ് ക്യാപിറ്റൽ തിങ്കളാഴ്ച ഒരു കുറിപ്പിൽ എഴുതി.

Follow Us:
Download App:
  • android
  • ios