ദില്ലി: പൊതുമേഖല സ്ഥാപനങ്ങളെ സംബന്ധിച്ച് പുതിയ നയം സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തെ സംബന്ധിച്ച് തന്ത്രപരമായി കണക്കാക്കേണ്ട മേഖലകളെക്കുറിച്ച് ഇതില്‍ വ്യക്തമാക്കും. തന്ത്രപരമായി നിര്‍ണയിക്കുന്ന മേഖലകളില്‍ നാലില്‍ കൂടുതല്‍ പൊതുമേഖല സ്ഥാപനങ്ങള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. 

"ഞങ്ങള്‍ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി വരുകയാണ്. വിഷയം ക്യാബിനറ്റിന്റെ പരിഗണനയ്ക്ക് ഉടന്‍ എത്തും," ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

തന്ത്രപ്രധാന മേഖലകളിൽ പരമാവധി നാല് പൊതുമേഖലാ കമ്പനികളുണ്ടാകുമെന്ന് ധനമന്ത്രി മെയ് മാസത്തിൽ പ്രഖ്യാപിച്ചിരുന്നു. മറ്റ് വിഭാഗങ്ങളിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കപ്പെടുമെന്നാണ് ധനമന്ത്രി മെയ് മാസത്തിൽ കൊവിഡ് പാക്കേജ് പ്രഖ്യാപന വേളയിൽ പറഞ്ഞത്. 

പോളിസി പ്രകാരം, സ്വകാര്യമേഖല കമ്പനികൾക്ക് പുറമെ, കുറഞ്ഞത് ഒന്ന്, പരമാവധി നാല് എന്ന രീതിയിൽ പൊതുമേഖലാ സംരംഭങ്ങൾ ഉള്ള തന്ത്രപരമായ മേഖലകളുടെ ഒരു പട്ടിക തയ്യാറാക്കാനാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. മറ്റ് മേഖലകളിൽ, സാധ്യതകളനുസരിച്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ (സിപിഎസ്ഇ) സ്വകാര്യവൽക്കരിക്കും.

"ഒരു പി‌എസ്‌ഇ നയം പ്രഖ്യാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരു സ്വാശ്രയ ഇന്ത്യയ്ക്ക് യോജിച്ച നയം ഇക്കാര്യത്തിൽ ആവശ്യമാണ്. എല്ലാ മേഖലകളിലും സ്വകാര്യ മേഖലയ്ക്ക് കൂടി അവസരം ഒരുക്കും," ധനമന്ത്രി പറഞ്ഞു.