Asianet News MalayalamAsianet News Malayalam

കർഷകർക്കായി സുപ്രധാന പ്രഖ്യാപനം നടത്തി കേന്ദ്ര സർക്കാർ, രാസവള സബ്‍സിഡി നിരക്കിൽ വൻ വർധന

കഴിഞ്ഞ വർഷം ഡിഎപി നിരക്ക് ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ ഒരു ബാഗിന് 500 രൂപ സബ്സിഡി നൽകിയിരുന്നു. 

central govt raises subsidy on fertilizer by 140 percentage
Author
New Delhi, First Published May 19, 2021, 9:24 PM IST

ദില്ലി: കർഷകരുടെ ക്ഷേമം ലക്ഷ്യമിട്ട് സുപ്രധാന പ്രഖ്യാപനവുമായി നരേന്ദ്ര മോദി സർക്കാർ. രാസവള സബ്‍സിഡി 140% വർദ്ധിപ്പിക്കാനുള്ള ചരിത്രപരമായ തീരുമാനമാണ് കേന്ദ്ര സർക്കാരിൽ നിന്നുണ്ടായത്. 500 രൂപയ്ക്ക് പകരം കർഷകർക്ക് ഒരു ബാഗ് ഡിഎപി രാസവളത്തിന് (di-ammonium phosphate) ഇനിമുതൽ 1200 രൂപ സബ്സിഡിയായി ലഭിക്കും. ഇനിമുതൽ ഒരു ബാഗ് ഡിഎപിക്ക് 2400 രൂപയ്ക്ക് പകരം 1200 രൂപയാകും സബ്സിഡി കഴിഞ്ഞുളള നിരക്ക്.

ഈ തീരുമാനത്തിലൂടെ രാസവള സബ്സിഡി ഇനത്തിൽ സർക്കാരിന് ഏകദേശം 14,775 കോടി രൂപ അധികമായി ചെലവഴിക്കേണ്ടി വരും. രാസവള നിരക്ക് സംബന്ധിച്ച് പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഉന്നതതല യോഗത്തിലാണ് തീരുമാനം.

അന്താരാഷ്ട്ര തലത്തിൽ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ വില ഉയരുന്നതിനാൽ രാസവളങ്ങളുടെ വില വിപണിയിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെ വിവിധ കർഷക സംഘനകളുടെ ഭാ​ഗത്ത് നിന്നും സർക്കാർ സബ്സിഡി വർധിപ്പിക്കണം എന്ന ആവശ്യം ഉയർന്നിരുന്നു. അന്താരാഷ്ട്ര വിലയിൽ വർധനവുണ്ടായാലും കർഷകർക്ക് കുറഞ്ഞ നിരക്കിൽ രാസവളങ്ങൾ ലഭിക്കണമെന്ന് യോ​ഗത്തോട് പ്രധാനമന്ത്രി നിർദ്ദേശിച്ചു. 

കഴിഞ്ഞ വർഷം ഡിഎപി നിരക്ക് ഒരു ബാഗിന് 1,700 രൂപയായിരുന്നു. ഇതിൽ കേന്ദ്ര സർക്കാർ ഒരു ബാഗിന് 500 രൂപ സബ്സിഡി നൽകിയിരുന്നു. അതിനാൽ കമ്പനികൾ ഒരു ബാഗിന് 1200 രൂപയ്ക്ക് കർഷകർക്ക് വളം വിറ്റിരുന്നു. എന്നാൽ പിന്നാലെ വില വിപണിയിൽ ഉയർന്നു. 

ഡിഎപി രാസവളത്തിലെ പ്രധാന ഘടകമായ ഫോസ്ഫോറിക് ആസിഡ്, അമോണിയ തുടങ്ങിയവയുടെ അന്താരാഷ്ട്ര വിലകൾ അടുത്തകാലത്തായി കുതിച്ചുയർന്നു. ഇതോടെ രാസവളത്തിന്റെയും നിരക്ക് ഉയർന്നു. ഒരു ഡിഎപി ബാഗിന്റെ ഇപ്പോഴത്തെ ഓപ്പൺ മാർക്കറ്റ് നിരക്ക് 2400 രൂപയാണ്, ഇത് രാസവള കമ്പനികൾക്ക് 500 രൂപ സബ്സിഡി പരിഗണിച്ച് 1900 രൂപയ്ക്ക് വിൽക്കാൻ കഴിയും. എന്നാൽ, ഇത് കർഷകരുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കും. സബ്സിഡി 500 ൽ നിന്ന് 1,200 ലേക്ക് ഉയർത്തിയതോടെ, കർഷകർക്ക് തുടർന്നും 1200 രൂപയ്ക്ക് ഒരു ഡിഎപി രാസവള ബാ​ഗ് ലഭിക്കുന്നത് തുടരും.

കർഷകരുടെ ക്ഷേമത്തിനായി തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിലക്കയറ്റത്തിന്റെ ആഘാതം കർഷകർക്ക് നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

രാസവളങ്ങൾക്കുള്ള സബ്സിഡികൾക്കായി കേന്ദ്ര സർക്കാർ പ്രതിവർഷം 80,000 കോടി രൂപ ചെലവഴിക്കുന്നു. ഡിഎപിയിൽ സബ്സിഡി വർദ്ധിച്ചതോടെ ഖരീഫ് സീസണിൽ കേന്ദ്ര സർക്കാർ 14,775 കോടി രൂപ അധികമായി സബ്സിഡിയായി ചെലവഴിക്കും.

അക്ഷയ് ത്രിതിയ ദിനത്തിൽ പ്രധാനമന്ത്രി-കിസാന് പദ്ധതിക്ക് കീഴിലുള്ള കർഷകരുടെ അക്കൗണ്ടുകളിലേക്ക് 20,667 കോടി രൂപ നേരിട്ട് കൈമാറിയ ശേഷമുളള കർഷകർക്കായുളള സർക്കാരിന്റെ രണ്ടാമത്തെ പ്രധാന തീരുമാനമാണിത്.  

Latest Videos
Follow Us:
Download App:
  • android
  • ios