ദില്ലി: ഇന്ത്യയുടെ വളർച്ചാ മുന്നേറ്റത്തിലെ വലിയ അവസരം പ്രയോജനപ്പെടുത്തുന്നതിന് യുഎസ് കമ്പനികളെയും വായ്പ ദാതാക്കളെയും നിക്ഷേപകരായി രാജ്യത്തേക്ക് ക്ഷണിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രി ധർമേന്ദ്ര പ്രധാൻ. എണ്ണ, വാതക പര്യവേക്ഷണ രം​ഗത്ത് ഇന്ത്യയിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 118 ബില്യൺ ഡോളർ നിക്ഷേപം നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ധർമേന്ദ്ര പ്രധാനും യുഎസ് ഊർജ്ജ സെക്രട്ടറി ഡാൻ ബ്രോള്ളിലെറ്റും കഴിഞ്ഞ ദിവസം നടന്ന യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ വ്യവസായതല യോ​ഗത്തിൽ വിഷയം ചർച്ച ചെയ്തു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് എനർജി കൂട്ടായ്മ സംഘടിപ്പിച്ച വ്യവസായതല ആശയവിനിമയത്തിനും മന്ത്രി പ്രത്യേകം അധ്യക്ഷത വഹിച്ചു.

ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് പോലും കോവിഡ് -19 കൈകാര്യം ചെയ്യുന്നതിലും ആഗോള ഊർജ്ജ വിപണികളെ സുസ്ഥിരമാക്കുന്നതിലും ഇന്ത്യയും യുഎസും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഊർജ്ജമേഖലയിൽ ഇന്ത്യൻ-അമേരിക്കൻ കമ്പനികൾ തമ്മിൽ സഹകരണ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും അത് പരിമിതമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രകൃതി വാതക മേഖലയിലെ സഹകരണം മുൻ‌ഗണനാ മേഖലയായി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇന്ത്യയിലെ പര്യവേക്ഷണ, ഉൽ‌പാദന മേഖലയിൽ നയ പരിഷ്കാരങ്ങൾ നടക്കുന്നുണ്ടെന്നും സ്ട്രാറ്റജിക് എനർജി പാർട്ണർഷിപ്പിനെക്കുറിച്ച് സംസാരിച്ച പ്രധാൻ പറഞ്ഞു.