2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് വിവിധ റേറ്റിംഗ് ഏജന്‍സികളും അഭിപ്രായപ്പെടുന്നു.

ദില്ലി: വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.5-7 ശതമാനമായിരിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്‍. സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള വിവിധ ഭരണ പിരിഷ്‌കരണ-സാമ്പത്തിക നടപടികളും കൊവിഡ് വാക്‌സീന്‍ കുത്തിവെയ്പ്പ് വേഗത്തിലാക്കാനുളള ശ്രമങ്ങളും ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ജിഡിപി വളര്‍ച്ചാ നിരക്കില്‍ മികച്ച മുന്നേറ്റം ഉണ്ടാകുമെന്ന് വിവിധ റേറ്റിംഗ് ഏജന്‍സികളും അഭിപ്രായപ്പെടുന്നു.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. ഡൺ & ബ്രാഡ്സ്ട്രീറ്റ് സംഘടിപ്പിച്ച വെർച്വൽ പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്. 

“കഴിഞ്ഞ ഒന്നര വർഷമായി സംഭവിച്ച സുപ്രധാന പരിഷ്കാരങ്ങൾ കണക്കിലെടുക്കുമ്പോൾ, ഇന്ത്യയുടെ ഒരു ദശകത്തെ ഉയർന്ന വളർച്ചയാണ് ഞാൻ പ്രതീക്ഷിക്കുന്നത്.” 2021 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും മൊത്തത്തിൽ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിലും കണ്ട വീണ്ടെടുക്കലിന്റെ വേഗതയെ ഒരു പരിധിവരെ കൊവിഡിന്റെ രണ്ടാം തരംഗം ബാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ തരംഗം ആരോഗ്യ രം​ഗത്ത് വളരെ വിനാശകരമായ അവസ്ഥ സൃഷ്ടിച്ചെങ്കിലും, അതിന്റെ സാമ്പത്തിക ആഘാതം പരിമിതമായിരുന്നു, കൊവിഡ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ സംസ്ഥാന തലത്തിലായിരുന്നതാണ് ഇതിന് കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. “രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം വളരെ വലുതായിരിക്കില്ലെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

കൃഷി, തൊഴിൽ, കയറ്റുമതി പിഎൽഐ പദ്ധതി, എംഎസ്എംഇ നിർവചനത്തിലെ മാറ്റം, ബാഡ് ബാങ്ക് രൂപീകരണം, പൊതുമേഖലാ ബാങ്കുകളുടെ (പിഎസ്ബി) സ്വകാര്യവൽക്കരണം തുടങ്ങിയ സർക്കാരിന്റെ വിവിധ പരിഷ്കാരങ്ങൾ വളർച്ചയെ മുന്നോട്ട് നയിക്കുമെന്ന് സുബ്രഹ്മണ്യൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona