ഴിഞ്ഞ വർഷം തുടക്കത്തിലെ കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ മാന്ദ്യത്തിൽ നിന്ന് ചൈനയുടെ സാമ്പത്തിക വീണ്ടെടുക്കൽ കുത്തനെ ഉയർന്നു. ശക്തമായ ആവശ്യകതാ വളർച്ചയും ചെറുകിട സ്ഥാപനങ്ങൾക്ക് സർക്കാർ നൽകിയ പിന്തുണയും ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ മുന്നേറ്റത്തിന് സഹായകരമായി. 

മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) ആദ്യ പാദത്തിൽ 18.3 ശതമാനം ഉയർന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശം ഉളളത്. റോയിട്ടേഴ്സ് വോട്ടെടുപ്പിൽ സാമ്പത്തിക വിദഗ്ധർ 19 ശതമാനം വളർച്ചയാണ് ചൈനയ്ക്ക് പ്രവചിച്ചത്. കഴിഞ്ഞ വർഷം നാലാം പാദത്തിൽ 6.5 ശതമാനമായിരുന്നു വളർച്ച. 

ഒരു വർഷം മുമ്പ് റിപ്പോർട്ട് ചെയ്ത ഇടിവ് വളർച്ചാ നിരക്കിനെ വളരെയധികം സ്വാധീനിക്കുന്നുണ്ടെങ്കിലും, 1992 മുതൽ ഔദ്യോഗിക ത്രൈമാസ ജിഡിപി കണക്കെടുപ്പ് ആരംഭിച്ചതിനുശേഷമുളള ഏറ്റവും ശക്തമായ വളർച്ചയാണിത്. 

വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ടത്

“ചൈനയുടെ ആദ്യ പാദം മികച്ച രീതിയിൽ ആരംഭിച്ചു, പ്രത്യേകിച്ചും സാമ്പത്തിക വീണ്ടെടുക്കലിന് സഹായിച്ച റീട്ടെയിൽ വിൽപ്പനയിൽ വലിയ നേട്ടമുണ്ടായി. എന്നാൽ, മുന്നോട്ട് പോകുമ്പോൾ, വളർച്ച എങ്ങനെ തുടരാമെന്നും സാമ്പത്തിക റിസ്ക് ഏത് രീതിയിൽ കൈകാര്യം ചെയ്യാമെന്നും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു,” എം യു എഫ് ജി ബാങ്കിലെ ചീഫ് ഫിനാൻഷ്യൽ മാർക്കറ്റ് അനലിസ്റ്റ് മാർക്കോ സൺ പറഞ്ഞു.

കർശനമായ വൈറസ് നിയന്ത്രണ നടപടികളുടെയും ബിസിനസുകൾക്കുള്ള അടിയന്തിര ആശ്വാസത്തിന്റെയും സഹായത്തോടെ, 2020 ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 6.8 ശതമാനമെന്ന കുത്തനെയുളള ഇടിവിൽ നിന്ന് സമ്പദ് വ്യവസ്ഥ കരകയറി, മധ്യ നഗരമായ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ്-19 പൂർണ്ണമായ പകർച്ചവ്യാധിയായി മാറിയത് ശരിക്കും ചൈനീസ് സമ്പദ്‍വ്യവസ്ഥയെ വിറപ്പിച്ചു. ചൈനയിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലേക്ക് പടന്നുപിടിച്ച കൊവിഡ് -19 ഇന്ത്യ അടക്കമുളള ലോക രാജ്യങ്ങളിലെല്ലാം വൻ നാശം വിതയ്ക്കുകയും ചെയ്തു. 

ഉപഭോ​ഗത്തിലെ സ്ഥിരമായ മുന്നേറ്റവും കയറ്റുമതിയിലെ നേട്ടവുമാണ് ആദ്യപാദത്തിലെ വീണ്ടെടുക്കലിനെ സഹായിച്ചത്. മാർച്ചിലെ വ്യാവസായിക ഉൽപാദനത്തിൽ വാർഷിക അടിസ്ഥാനത്തിൽ 14.1 ശതമാനം വർധനയുണ്ടായി. ജനുവരി-ഫെബ്രുവരി കാലയളവിൽ ഇത് 35.1 ശതമാനമായും ഉയർന്നു.

സങ്കോചം ഒഴിവാക്കിയ ചൈനീസ് കരുത്ത്

റീട്ടെയിൽ വിൽപ്പന മാർച്ചിൽ മുൻ വർഷത്തെ അപേക്ഷിച്ച് 34.2 ശതമാനം ഉയർന്നു. വിശകലന വിദഗ്ധർ പ്രതീക്ഷിച്ച 28.0 ശതമാനം നേട്ടവും വർഷത്തിന്റെ ആദ്യ രണ്ട് മാസങ്ങളിൽ 33.8 ശതമാനം വർധനവാണ് ചൈനീസ് സമ്പദ്‍വ്യവസ്ഥ നേടിയെടുത്തത്. സ്ഥിര ആസ്തി നിക്ഷേപം കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നിന്ന് 25.6 ശതമാനം ഉയർന്നു. പ്രവചനത്തിൽ 25.0 ശതമാനം വർധനയും ജനുവരി-ഫെബ്രുവരിയിലെ 35 ശതമാനം വർധനയും കൈവരിച്ചു. 

ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ 8.6 ശതമാനം വാർഷിക വളർച്ച നേടുമെന്ന് റോയിട്ടേഴ്സ് വോട്ടെടുപ്പ് പറയുന്നു. കഴിഞ്ഞ വർഷം 2.3 ശതമാനം വർധനയുണ്ടായി. ഇത് 44 വർഷത്തിനിടയിലെ ഏറ്റവും ദുർബലമായിരുന്നുവെങ്കിലും സങ്കോചം ഒഴിവാക്കിയ ഒരേയൊരു പ്രധാന സമ്പദ് വ്യവസ്ഥയായിരുന്നു ചൈന. 

ആദ്യപാദത്തിലെ മുന്നേറ്റം സർക്കാരിന്റെ 2021 ലെ വാർഷിക വളർച്ചാ ലക്ഷ്യത്തെ ആറ് ശതമാനത്തിന് മുകളിൽ എത്തിക്കും. സമ്പദ്‍വ്യവസ്ഥയെ ഡെറ്റും മറ്റ് സാമ്പത്തിക അപകട സാധ്യതകളും ഉൾക്കൊള്ളാൻ സഹായിക്കുന്നതിനായി വായ്പാ വളർച്ചയിൽ "സാവധാനം" എന്ന നയത്തിൽ മുന്നേട്ട് പോകുകയാണ് ചൈനീസ് കേന്ദ്ര ബാങ്ക്. പെട്ടെന്നുളള നയമാറ്റങ്ങൾ പ്രഖ്യാപിക്കില്ലെന്ന് നയനിർമ്മാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. 

ഭവന നിരക്കിലെ വളർച്ച ആശങ്ക

റിയൽ എസ്റ്റേറ്റ് ഊഹക്കച്ചവടങ്ങൾ തടയാൻ അധികാരികൾ നടപടിയെടുക്കുമ്പോഴും മാർച്ചിൽ ചൈനയിലെ ഭവന വില അതിവേഗം ഉയർന്നതായി വെള്ളിയാഴ്ച പുറത്തിവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അസ്വസ്ഥമായ രീതിയിൽ തുടരുന്ന പ്രോപ്പർട്ടി മാർക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക അപകടങ്ങളെക്കുറിച്ച് ചൈനീസ് അധികാരികൾ പ്രത്യേകിച്ചും ആശങ്കാകുലരാണ്.