Asianet News MalayalamAsianet News Malayalam

കിലോയ്ക്ക് വൻ വിലയുള്ള കടൽമീനിന്റെ വിത്തുൽപ്പാദനത്തിൽ സിഎംഎഫ്ആർഐക്ക് വിജയം

ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 450 രൂപ വിലയുണ്ട് കറുത്ത ഏരിക്ക്. പെട്ടെന്നുള്ള വളർച്ചാനിരക്കും ഉയർന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും മികച്ച രോഗപ്രതിരോധ ശേഷിയുമുണ്ട്. 

cmfri research report
Author
Cochin, First Published Mar 4, 2021, 5:55 PM IST

കൊച്ചി: ഉയർന്ന വിപണന മൂല്യമുള്ള കടൽമത്സ്യമായ കറുത്ത ഏരിയുടെ വിത്തുൽപാദനം വിജയം. സമുദ്രമത്സ്യകൃഷിയിലൂടെ മത്സ്യോൽപാദനം കൂട്ടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്തുപകരുന്നതാണ് ഈ നേട്ടം. മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സിഎംഎഫ്ആർഐ) ഈ മീനിന്റെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്. സമുദ്രകൃഷിരംഗത്ത് വഴിത്തിരിവായേക്കാവുന്ന നേട്ടമാണിത്.

ആഭ്യന്തര വിപണിയിൽ കിലോയ്ക്ക് 450 രൂപ വിലയുണ്ട് കറുത്ത ഏരിക്ക്. പെട്ടെന്നുള്ള വളർച്ചാനിരക്കും ഉയർന്ന വിപണി മൂല്യവുമുള്ള ഇതിന് പ്രതികൂല കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവും മികച്ച രോഗപ്രതിരോധ ശേഷിയുമുണ്ട്. അതിനാൽ ഇവയുടെ കൃഷി ഏറെ ലാഭകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  സ്വാദിലും മുന്നിട്ടു നിൽക്കുന്ന ഈ മീൻ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്നതിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും സഹായിക്കുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ൺ പറഞ്ഞു. സിഎംഎഫ്ആർഐയുടെ കർണാടകയിലുള്ള കാർവാർ ഗവേഷണ കേന്ദ്രമാണ് വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിച്ചത്.

ഇവയുടെ കൃഷി രീതി ശാസ്ത്രീയമായി വികസിപ്പിക്കുകയാണ് സിഎംഎഫ്ആർഐയുടെ അടുത്ത ലക്ഷ്യം. കൂടുകൃഷി ഉൾപെടെയുള്ള സമുദ്രമത്സ്യ കൃഷിയിലൂടെ 40 മുതൽ 50 ലക്ഷം മെട്രിക് ടൺ മത്സ്യോൽപാദനമാണ് അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. ഈ ലക്ഷ്യം മുന്നിൽകണ്ടാണ് സമുദ്ര മത്സ്യകൃഷി വൈവിധ്യവൽകരിക്കുന്നതിന്റെ ഭാഗമായി വാണിജ്യമൂല്യമുള്ള വിവിധ കടൽമത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്  സിഎംഎഫ്ആർഐ ഊന്നൽ നൽകുന്നതെന്നും ഡോ ഗോപാലകൃഷ്ണൻ പറഞ്ഞു.

കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ കറുത്ത ഏരിയുടേതടക്കം ഏഴ് കടൽമത്സ്യങ്ങളുടെ വിത്തുൽപാദന സാങ്കേതികവിദ്യയാണ് സിഎംഎഫ്ആർഐ വികസിപ്പിച്ചത്. മോദ, വളവോടി വറ്റ, ആവോലി വറ്റ, കലവ, പുള്ളി വെളമീൻ, ജോൺ സ്‌നാപ്പർ എന്നിവ ഇതിൽപെടും. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് സർക്കാർ-സ്വകാര്യ ഹാച്ചറികളിലൂടെ വാണിജ്യാടിസ്ഥാനത്തിൽ ഇവയുടെ വിത്തുൽപാദനം നടത്താം. സമുദ്രമത്സ്യകൃഷിയുടെ പ്രധാന വെല്ലുവിളിയായ മത്സ്യക്കുഞ്ഞുങ്ങളുടെ ദൗർലഭ്യതയ്ക്ക് ഇതുവഴി പരിഹാരവുമാകും. വാണിജ്യാടിസ്ഥാനത്തിൽ ഈ മത്സ്യങ്ങളുടെ വിത്തുൽപാദനം നടത്താൻ താൽപര്യമുള്ളവർക്ക്് സിഎംഎഫ്ആർഐ സാങ്കേതികവിദ്യ കൈമാറും.  

Follow Us:
Download App:
  • android
  • ios