ന്ത്യയു‌ടെ കാർഷിക മേഖല കഴിഞ്ഞാൽ രണ്ടാമതായി ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത് എംഎസ്എംഇ (സൂക്ഷ്മ -ചെറുകിട -ഇടത്തരം സംരംഭങ്ങൾ) മേഖലയാണ്. ഏകദേശം 11 കോടിയോളം പേർക്ക് ഈ മേഖല തൊഴിൽ നൽകുന്നുണ്ട് എന്നാണ് കണക്കുന്നത്. നമ്മുടെ രാജ്യത്തിൻറെ ആഭ്യന്തര ഉത്പാദനത്തിന്റെ 28 ശതമാനത്തോളം ഈ മേഖലയാണ് സംഭാവന നൽകുന്നത്. നമ്മുടെ അയൽ രാജ്യമായ ചൈന എടുത്തു കഴിഞ്ഞാൽ അവരുടെ കയറ്റുമതിയുടെ 68 ശതമാനത്തോളം എംഎസ്എംഇകളാണ് സംഭാവന ചെയ്യുന്നത്. കൊവിഡ് മൂലമുളള ധനകാര്യ പ്രതിസന്ധി ഏറ്റവും കൂടുതൽ സമ്മർദ്ദത്തിലാക്കിയതും ഈ മേഖലയെ തന്നെയാണ്. 

അൽപ്പം ചരിത്രത്തിലേക്ക് പോയാൽ, തൊണ്ണൂറ്റിയൊന്നിലെ ഉദാരവത്കരണത്തിനു മുൻപ് രാജ്യത്തെ ചെറു സംരംഭങ്ങൾ വലിയ വിഭാ​ഗത്തിന് തൊഴിലും ആശ്രയവും നൽകിയിരുന്നു. എന്നാൽ, ഉദാരവത്കരണത്തിനു ശേഷം വലിയ കോർപ്പറേറ്റുകൾ മാർക്കറ്റ് പിടിക്കാൻ തുടങ്ങി. സാങ്കേതിക വിദ്യയും ഉയർന്ന മൂലധന ശേഷിയും ഇതിന് അവർക്ക് സഹായകരമായി നിന്നു. കയറ്റുമതി, ഉത്പാദനം, തൊഴിൽ ലഭ്യത എന്നിവയിൽ വലിയ കമ്പനികൾ  എംഎസ്എംഇകളെ കടത്തി വെട്ടി. ഈ വലിയ സമ്മർദ്ദം തൊഴിലാളി കേന്ദ്രികൃതമായ എംഎസ്എംഇ കൾക്ക് താങ്ങാനായില്ല. എന്നാൽ, ഏകദേശം രണ്ടായിരത്തോടു  അടുത്തപ്പോൾ എംഎസ്എംഇകൾ ഊർജസ്വലമായി തന്നെ തിരിച്ചുവന്നു. എംഎസ്എംഇ ക്ക് സുപ്രധാനമായ ഒരു സാമ്പത്തിക വർഷമായിരുന്നു 2006 -2007. ഈ സമയത്താണ് എംഎസ്എംഇ ആക്ട് നിലവിൽ വന്നത്. എംഎസ്എംഇക്ക് ശരിയായ ഒരു നിർവചനം ഇത് നൽകി. സേവന മേഖലയെയും ഈ ആക്ടിൽ ഉൾപ്പെടുത്തി.  മൈക്രോ, ചെറുകിട, ഇടത്തരം എന്നീ മൂന്ന് വിഭാഗങ്ങൾക്ക് മോനിറ്ററി പരിധിയും പ്രഖ്യാപിച്ചു. 

കേന്ദ്ര സർക്കാർ പ്രഖ്യാപനങ്ങളിലൂടെ

കേന്ദ്ര സർക്കാർ പ്രധാനമായും വായ്പ പദ്ധതികളിൽ ഊന്നിയ ധനകാര്യ നയമാണ് ഈ വ്യവസായ മേഖലയ്ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. അതിലൊരു പ്രഖ്യാപനം  എംഎസ്എംഇ കൾക്ക് അടുത്ത അഞ്ചു മാസത്തേക്ക് സർക്കാർ ഗ്വാരന്റിയിൽ മൂന്നു ലക്ഷം കോടി രൂപയുടെ ഈടില്ലാതെയുള്ള വായ്പ പദ്ധതിയാണ്. അതേപോലെതന്നെ സമ്മർദ്ദം അനുഭവിക്കുന്ന എംഎസ്എംഇ കൾക്കുള്ള  സബോർഡിനേറ്റഡ് വായ്പ പദ്ധതിയും. ഈ രണ്ടു വായ്പ പദ്ധതികളെയും തിരഞ്ഞെടുക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം കുറവായിരിക്കും എന്നതാണ് സത്യം. കാരണം വായ്പ കുടിശ്ശികയുള്ള എംഎസ്എംഇ കൾക്ക് മാത്രമേ ഈടില്ലാതെയുള്ള വായ്പ എടുക്കാൻ സാധിക്കു. ഇനി വായ്പ ഉള്ള എംഎസ്ഇഎം കൾ പോലും ഈ പ്രഖ്യാപിച്ച വായ്പ എടുക്കാനുള്ള സാധ്യതയും കുറവാണ്. ഇതിനുള്ള  പ്രധാന കാരണം  ലോക്ക് ഡൗൺ മൂലം വലിയ കമ്പനികൾ അടച്ചിടുകയും ആവശ്യത്തിനുള്ള ഡിമാൻഡ് ഇല്ലാതാകുകയും ചെയ്തതോടെ ഈ കൂ‌‌ട്ടർ ഇനി വായ്പയെടുക്കാൻ മ‌ടിക്കും. 

മറ്റൊരു പ്രധാന പ്രഖ്യാപനം വിവിധ സർക്കാർ വിഭാഗങ്ങൾ  ഇരുന്നൂറു കോടി വരെയുള്ള ആഗോള ടെൻഡർ ക്ഷണിക്കുമ്പോൾ അതിൽ ഇന്ത്യയിലെ കമ്പനികളെ മാത്രം ഉൾപെടുത്തുക എന്നുള്ള തീരുമാനമാണ്. ഈ തീരുമാനം ശരിക്കും രാജ്യത്തുളള കമ്പനികൾക്കു ആത്മവിശ്വാസം നൽകും. ഇതുമൂലം ആഭ്യന്തര കമ്പനികൾ ടെക്നോളജി മേഖലയിൽ കൂടുതൽ അഗ്രഗണ്യരാവാനുള്ള സാധ്യതയും ഈ തീരുമാനത്തിലൂടെ വർധിക്കുന്നു. അതേപോലെതന്നെ സർക്കാർ, സ്വകാര്യ  കമ്പനികളിൽ നിന്നും ലഭിക്കേണ്ട തീർപ്പുകല്പിച്ചിട്ടില്ലാത്ത പേയ്‌മെന്റുകൾ 45  ദിവസത്തിനുള്ളിൽ നൽകണം എന്നുള്ള തീരുമാനം വളരെ പ്രശംസ അർഹിക്കുന്നതാണ്. ഇത് വളരെ കഷ്ടത അനുഭവിക്കുന്ന എംഎസ്എംഇ കൾക്ക് തങ്ങളുടെ പ്രവർത്തന മൂലധനം അഥവാ ദൈനംദിന ഫാക്ടറി ഓപ്പറേഷൻ ചിലവുകൾക്ക് പ്രയോജനപ്പെടുത്താം.

വിഷ്യസ് സൈക്കിൾ അഥവാ വിഷമവൃത്തം

എംഎസ്എംഇ കൾക്ക് ഡിമാൻഡ് ഇല്ലാത്തതാണ് രാജ്യത്തെ പ്രധാന പ്രശ്നം. ഈ പ്രശ്നത്തെ പരിഹരിക്കാൻ കേന്ദ്ര -സംസ്ഥാന സർക്കാർ കാര്യമായ രീതിയിൽ ശ്രമിക്കേണ്ടിയിരിക്കുന്നു. അതായത് എംഎസ്എംഇ കൾക്ക് തങ്ങളുടെ ഫാക്ടറികളിൽ  ആവശ്യത്തിനു ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാനുള്ള ഓർഡറുകൾ ഇല്ല. ചുരുക്കത്തിൽ ഇങ്ങനെയുണ്ടാവുന്ന കുറഞ്ഞ ഡിമാൻഡ് മൂലം ഉത്പാദനം കുറയുന്നു. കുറഞ്ഞ ഉത്പാദനം മൂലം തൊഴിലവസരങ്ങൾ കുറയുന്നു.  തത്‌ഫലമായി തൊഴിലാളികളിൽ നിന്ന് കുടുംബങ്ങളിൽ പണം എത്താതെ മൊത്തമുള്ള ഡിമാന്റിൽ വീണ്ടും കുറവുണ്ടാകുന്നു. ഇതിനെയാണ് വിഷ്യസ് സൈക്കിൾ അഥവാ വിഷമവൃത്തം എന്ന് പറയുന്നത്.

 ഇരട്ട  ബാലൻസ്  ഷീറ്റ്  പ്രതിസന്ധി

ഏതായാലും സർക്കാർ പ്രഖ്യാപിച്ച ലിക്വിഡിറ്റി അല്ലെങ്കിൽ ദ്രവ്യതയുടെ കുത്തിവക്കൽ പദ്ധതി വിജയകരമാവണമെങ്കിൽ ഡിമാൻഡ് ഉണ്ടാകണം എന്നുള്ള കാര്യത്തിൽ തർക്കമില്ല. ഈ ഡിമാൻഡ് ഉണ്ടായില്ലെങ്കിൽ എംഎസ്എംഇ കൾക്ക് തങ്ങൾ എടുത്ത വായ്പ തിരിച്ചടക്കാൻ പറ്റാതെയാവും. ഇത് ഇരട്ട  ബാലൻസ് ഷീറ്റ്  പ്രതിസന്ധി അഥവാ ബാങ്കുകളുടെ ബാലൻസ് ഷീറ്റിൽ എംഎസ്എംഇ കൾ വായ്പ തിരിച്ചടക്കാത്തതു മൂലം എൻപിഎ ലയബിലിറ്റി അഥവ പ്രവർത്തനരഹിതമായ ആസ്ഥികളുടെ ബാധ്യത ഉണ്ടാക്കുന്നു. അതേപോലെതന്നെ എംഎസ്എംഇ കളുടെ ബാലൻസ് ഷീറ്റിൽ വായ്പ തിരിച്ചടക്കാത്തതുമൂലം കടബാധ്യതയും ഉയരുന്നു. നേരത്തെ തന്നെ ഈ ഇരട്ട ബാലൻസ് ഷീറ്റ് പ്രതിസന്ധി രാജ്യത്തെ ബാങ്കുകൾ നേരിടുന്നുണ്ട്. 

ചുരുക്കിപ്പറഞ്ഞാൽ സർക്കാർ ഡിമാൻഡ് ഉണ്ടാക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എംഎസ്എംഇ തൊഴിലാളികൾക്ക് വേണ്ടി ശമ്പള സുരക്ഷ പദ്ധതികൾ തുടങ്ങുക. അങ്ങനെ അവരുടെ കൈകളിൽ പണം എത്തിക്കുക. ഇത് തൊഴിലാളികൾക്ക് ഈ പ്രതിസന്ധി മറികടക്കുന്നതുവരെ തങ്ങളുടെ  ജീവിതം പിടിച്ചു നിർത്താൻ ഉപകാരപ്പെടും.  അതേപോലെതന്നെ പ്രതിസന്ധിയിലുള്ള എംഎസ്എംഇ കൾക്ക് ഈ പ്രതിസന്ധി ഘട്ടം കഴിയുന്നതുവരെ വൈദ്യുതി ചാർജിൽ ഇളവുകൾ നൽകുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ അത് പ്രതിസന്ധിയിലുള്ള എംഎസ്എംഇ കൾക്ക് ഈ ഞെരുക്കത്തിൽ നിന്ന് പെട്ടെന്ന് കിട്ടുന്ന ആശ്വാസമായിരിക്കും.

--- വിഘ്നേഷ് വി (തിരുച്ചിറപ്പള്ളി ഐഐഎമ്മിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പിജിപിഎം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)