ദില്ലി: വാൾസ്ട്രീറ്റിലെ വ്യാഴാഴ്ച്ച ട്രേഡിംഗിൽ ഓഹരികളിൽ ഇടിവ് റിപ്പോർട്ട് ചെയ്തു. വ്യാപാരത്തിന്റെ ആദ്യ 30 മിനിറ്റിനുശേഷം എസ് ആൻഡ് പി 500 1.5% താഴേക്ക് പോയി, യൂറോപ്പിലെ വിപണികളിൽ റിപ്പോർട്ട് ചെയ്ത വലിയ നഷ്ടം യുഎസ് വിപണികളിലും സമ്മർദ്ദം വർധിക്കാനിടയാക്കി. ഏഷ്യൻ വിപണികളിൽ മിക്കയിടത്തും നേരിയ തോതിലുള്ള നഷ്ടമുണ്ടായി. 

കെവിഡ്-19 ജാഗ്രത വർദ്ധിക്കുന്നതിന്റെ സൂചനയായി ട്രഷറി വരുമാനവും കുറഞ്ഞു. അതേസമയം സ്വർണം അതിന്റെ റെക്കോർഡ് നിലവാരത്തിൽ നിന്ന് താഴേക്ക് എത്തി. ഡൗ ജോൺസ് വ്യാവസായിക ശരാശരി 503 പോയിൻറ് അഥവാ 1.9 ശതമാനം ഇടിഞ്ഞ് 26,036 എന്ന നിലയിലെത്തി. നാസ്ഡാക്ക് കോംപോസൈറ്റ് ഒരു ശതമാനം ഇടിഞ്ഞു. 

യുഎസ്സിലെ പിരിച്ചുവിടലുകൾ വലിയതോതിൽ തുടരുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന ശേഷമാണ് വിപണി നഷ്ട മാർജിനിലേക്ക് നീങ്ങിയത്, സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമ്പോൾ തന്നെ സമ്പദ്‌വ്യവസ്ഥയ്ക്ക് വേഗത്തിൽ വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയ്ക്ക് ഇത് മങ്ങലേൽപ്പിക്കുന്നതാണ്. വസന്തകാലത്ത് യുഎസ് സമ്പദ്‌വ്യവസ്ഥ ഏകദേശം 33% വാർഷിക നിരക്കിൽ ചുരുങ്ങിയതായി വ്യാഴാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് റെക്കോഡിലെ ഏറ്റവും മോശം സാമ്പത്തിക പാദമാണ്.

കഴിഞ്ഞ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്പാദനം 32.9 ശതമാനം വാർഷിക നിരക്കിൽ തകർന്നതായി വാണിജ്യ വകുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. വൈറസ് ബാധയെ പ്രതിരോധിക്കാനുളള ശ്രമങ്ങളെ തുടർന്ന് ബിസിനസ്സ് പ്രവർത്തനങ്ങൾ പെട്ടെന്ന് നിർത്തിവച്ചതാണ് സമ്പദ്‍വ്യവസ്ഥയുടെ സമ്മർദ്ദം വർധിക്കാൻ കാരണം. അമേരിക്കയുടെ തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ധന പ്രതിസന്ധി രൂക്ഷമാണെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.