തിരുവനന്തപുരം: മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന ഒരു കമ്പനി കൂടി കേരളത്തിൽ അടച്ചുപൂട്ടിയതോടെ 1500 പേർക്ക് കേരളത്തിൽ ജോലി നഷ്ടമായി. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ലിമിറ്റഡ് കമ്പനിയാണ് കളിമണ്ണ് കിട്ടുന്നതിലെ അപര്യാപ്തതയെ തുടർന്ന് പ്രവർത്തനം നിർത്തിയത്. ഇതോടെ കമ്പനിയിലെ ജീവനക്കാരുടെ സംഘടനകൾ സംയുക്തമായി സമരവും ആരംഭിച്ചിരിക്കുകയാണ്.

മൈനിങ് അനുമതിക്കായി 2019 ജൂലൈ 15 ന് സംസ്ഥാന സർക്കാരിനെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് കമ്പനിയുടെ ഓപ്പറേഷൻസ് വിഭാഗം ഡപ്യൂട്ടി ജനറൽ മാനേജർ എസ് മഹേഷ് പറഞ്ഞു. ഇക്കഴിഞ്ഞ ഓഗസ്റ്റ് പത്തോടെയാണ് കേരളത്തിൽ കൊച്ചുവേളിയിലും തോന്നയ്ക്കലിലും സ്ഥിതി ചെയ്യുന്ന ഫാക്ടറികൾ കമ്പനി അടച്ചുപൂട്ടിയത്. രണ്ട് വർഷമായി കമ്പനി നഷ്ടത്തിലായിരുന്നുവെന്നും കൈയ്യിലുണ്ടായിരുന്ന കളിമണ്ണ് ഉപയോഗിച്ചാണ് പ്രവർത്തനം തുടർന്നതെന്നും മഹേഷ് പറഞ്ഞു. എന്നാൽ സർക്കാരിൽ നിന്ന് അനുമതി ലഭിക്കാതെ വന്നതോടെയാണ് അടച്ചുപൂട്ടേണ്ട സാഹചര്യത്തിലേക്ക് എത്തിയത്.

കമ്പനി കളിമണ്ണ് കുഴിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഖനനം പൂർത്തിയായ സ്ഥലങ്ങളെ മഴക്കുഴികളായി മാറ്റിയെടുക്കാറുമുണ്ട്. പള്ളിപ്പുറത്തെ സ്ഥലത്ത് ഖനനം പൂർത്തിയായ ശേഷമാണ് കമ്പനി ഇവിടെ പ്രവർത്തനം നിർത്തിയത്. ഭൂമി പഴയ നിലയിലേക്ക് മാറ്റി. തോന്നയ്ക്കലിൽ കമ്പനി സ്ഥലത്താണ് ഖനനം നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമ്പത് വർഷമായി പ്രവർത്തിക്കുന്ന കമ്പനിയാണ്. ലോക്ക്ഡൗൺ സമയത്ത് പ്രവർത്തിച്ചിരുന്നില്ലെങ്കിലും ജീവനക്കാർക്ക് ആനുകൂല്യങ്ങൾ നൽകിയിരുന്നുവെന്നും എല്ലാൽ ശമ്പള പരിഷ്‌കരണവും ആനുകൂല്യങ്ങൾ ഉയർത്തുന്നതും വെല്ലുവിളിയാണെന്നും കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഖനനാനുമതി ലഭിക്കുന്നതിന് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് മന്ത്രിക്കും നിവേദനം നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു.