2018 ഫെബ്രുവരിയില്‍ ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറാണ് കേന്ദ്രവുമായി ഉടക്കാനുള്ള ആദ്യ കാരണം. 

ദില്ലി: കേന്ദ്ര സര്‍ക്കാറുമായി വിയോജിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനം ഒഴിയാനുള്ള കാരണം വ്യക്തമാക്കി ഊര്‍ജിത് പട്ടേല്‍. പാപ്പരത്ത നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് താന്‍ സ്ഥാനമൊഴിഞ്ഞതെന്ന് ഊര്‍ജിത് പട്ടേല്‍ വ്യക്തമാക്കി. വെള്ളിയാഴ്ച പുറത്തിറക്കിയ പുസ്തകത്തിലാണ് ഊര്‍ജിത് പട്ടേല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

2018 ഫെബ്രുവരിയില്‍ ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറാണ് കേന്ദ്രവുമായി ഉടക്കാനുള്ള കാരണം. തിരിച്ചടവ് മുടക്കിയവരെ നിയമലംഘകരായി കണക്കാക്കി തരംതിരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുകയും വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്കിടെ തിരിച്ചടവില്‍ വീഴ്ച വരുത്തിയവര്‍ അവരുടെ സ്ഥാപനങ്ങള്‍ തിരിച്ചെടുക്കാനുള്ള ശ്രമം തടയാനും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. 
ഭാവി തെളിയിക്കുന്നതിനും താങ്ങി നിര്‍ത്തുന്നതിനും പകരം പകരം വീഴ്ച വരുത്തുന്ന ഭീമന്മാരെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പ്രധാനപ്പെട്ട നിയമം കാര്യക്ഷമമാക്കാന്‍ അതുവരെ താനും ധനകാര്യ മന്ത്രിയും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്.

ആര്‍ബിഐ സര്‍ക്കുലര്‍ ഭാവിയില്‍ സംരഭകര്‍ക്ക് ബിസിനസ് നഷ്ടപ്പെടാമെന്ന തരത്തിലാണ് സര്‍ക്കാര്‍ കണ്ടത്. അതുകൊണ്ട് തന്നെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ അഭ്യര്‍ത്ഥനകള്‍ വന്നു. ആര്‍ബിഐ സര്‍ക്കുലര്‍ ചെറുകിട സംരഭകരെ പ്രതികൂലമായി ബാധിക്കുമെന്നതടക്കം കള്ളക്കഥകള്‍ പ്രചരിപ്പിച്ചെന്നും പട്ടേല്‍ പറഞ്ഞു. പുതിയ പാപ്പരത്ത നിയമം ദുര്‍ബലമാണെന്നും കിട്ടാക്കടമില്ലാതാക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണെന്നും അദ്ദേഹം പുസ്തകത്തില്‍ വ്യക്തമാക്കി.

2018 ഡിസംബറിലാണ് ഊര്‍ജിത് പട്ടേല്‍ സ്ഥാനമൊഴിഞ്ഞത്. പിന്നീട് ശക്തികാന്ത ദാസ് ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റു.