Asianet News MalayalamAsianet News Malayalam

വിലക്കയറ്റം തടയാൻ കേന്ദ്രം; നിർമ്മലയുടെ വൻ നീക്കം; നികുതി കുറയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഇവ

ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊണ്ടിട്ടുണ്ട്

Fuel Price Cut To LPG Subsidy 5 Announcements Made By Nirmala Sitharaman
Author
Delhi, First Published May 21, 2022, 7:12 PM IST

ദില്ലി: രാജ്യത്ത് വിലക്കയറ്റം അനിയന്ത്രിതമായി ഉയരുന്നത് നിയന്ത്രിക്കാൻ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. അരിയടക്കമുള്ള സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെയാണ് തീരുമാനം. ഇന്ധന വില കുറച്ച കേന്ദ്രസർക്കാർ നിർമ്മാണ മേഖലയിലെ ചെലവ് ഉയരുന്നത് തടയാനടക്കം നടപടി കൈക്കൊണ്ടിട്ടുണ്ട്.

പെട്രോൾ - ഡീസൽ - പാചക വാതകം

പെട്രോൾ ലിറ്ററിന് 9.50 രൂപ കുറയും. ഡീസൽ ലിറ്ററിന് 8 രൂപ കുറയും. കേന്ദ്ര എക്സൈസ് തീരുവ കുറച്ചതോടെയാണിത്. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. ഇതോടെയാണ് പെട്രോൾ ലിറ്ററിന്  9.50 രൂപയുടെയും ഡീസൽ ലിറ്ററിന് എട്ട് രൂപയുടെയും കുറവുണ്ടാവുന്നത്. പാചക വാതകത്തിന് സബ്സിഡി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക.

വളങ്ങളും കീടനാശിനികളും

കാർഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തിൽ വളങ്ങൾക്ക് സബ്സിഡി നൽകുന്നത് ഉയർത്തി. 1.05 ലക്ഷം കോടിയാണ് വളം സബ്സിഡിയായി നീക്കിവെച്ചത്. ഒരു ലക്ഷം കോടി രൂപ കൂടി സബ്സിഡിയായി നൽകും. ഇതോടെ വളത്തിന്റെ വില കുറയും.

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ

പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കളുടെയും അനുബന്ധ ഘടകങ്ങളുടെയും ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറയ്ക്കും. ഇറക്കുമതിയെ ഇന്ത്യ വൻതോതിൽ ഈ രംഗത്ത് ആശ്രയിക്കുന്നത് കൊണ്ടാണെന്ന് കേന്ദ്രമന്ത്രി പറയുന്നു.

ഇരുമ്പ് - ഉരുക്ക് 

ഇരുമ്പിന്റെയും ഉരുക്കിന്റെയും അനുബന്ധ ഘടകങ്ങളുടെ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്റ്റംസ് തീരുവ കുറയ്ക്കാൻ തീരുമാനമുണ്ട്. ഈ മേഖലയിൽ കയറ്റുമതിക്ക് നികുതി ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

സിമന്റ് 

നിർമ്മാണ മേഖലയിലും ചെലവ് ചുരുക്കാൻ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം. സിമന്റ് മേഖലയിൽ ചരക്ക് ഗതാഗതം സുഗമമാക്കാനും ഇടപെടുമെന്നും കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചു.
 

Follow Us:
Download App:
  • android
  • ios