ദില്ലി: ജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടനയിലുണ്ടായ സങ്കോചം ജി -20 രാജ്യങ്ങള്‍ക്കിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ്. രാജ്യത്തെ ഉപഭോക്തൃ ആവശ്യകതയില്‍ ഇടിവുണ്ടായതും കൊറോണ വൈറസ് ബാധ മൂലമുളള ലോക്ക്ഡൗണുകളില്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതുമാണ് ഇത്തരത്തിലൊരു പ്രതിസന്ധിക്ക് കാരണമെന്ന് പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റിന് വേണ്ടി എഴുതിയ ലേഖനത്തില്‍ അസിത് രഞ്ജന്‍ മിശ്ര അഭിപ്രായപ്പെട്ടു. 

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (എന്‍എസ്ഒ) നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍ -ജൂണ്‍ പാദത്തിലെ ജിഡിപി ഡേറ്റ തിങ്കളാഴ്ച പുറത്തുവിടും. 1996 മുതല്‍ സര്‍ക്കാര്‍ ഔദ്യോഗിമായി പുറത്തുവിടുന്ന പാദ അടിസ്ഥാനത്തിലുളള ജിഡിപി നിരക്കുകളില്‍ ഏറ്റവും മോശം പാദ റിപ്പോര്‍ട്ടായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ലോകത്തിലെ മികച്ച 20 സമ്പദ്‌വ്യവസ്ഥകളുടെ ഇതുവരെയുളള കണക്കുകൾ പ്രകാരം, ജിഡിപിയുടെ ഏറ്റവും വലിയ ഇടിവ് റിപ്പോർട്ട് ചെയ്തത് യുകെ സമ്പദ്‌വ്യവസ്ഥയിലാണ്, 21.7 ശതമാനമാണ് മുൻ വർഷത്തെ അപേക്ഷിച്ചുളള ഇടിവ് - ചരിത്രത്തിലെ ഏറ്റവും ആഴമേറിയ മാന്ദ്യമായിരുന്നു ഇതെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ രാജ്യവ്യാപക ലോക്ക്ഡൗൺ മാർച്ച് 25 ന് ആരംഭിച്ച് മെയ് അവസാനം വരെ തുടർന്നു, അതിനുശേഷം മൊബിലിറ്റി നിയന്ത്രണങ്ങൾ ക്രമേണ ജൂൺ ഒന്ന് മുതൽ എടുത്തുകളഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ മിക്ക ബിസിനസുകളുടെയും പ്രവർത്തനം ഏതാണ്ട് നിർജീവ അവസ്ഥയായി കണക്കാക്കപ്പെടുമ്പോൾ, പെൻറ്-അപ്പ് ഡിമാൻഡ് ജൂൺ മാസത്തിലെ ഉപഭോഗം ഒരു പരിധിവരെ വർദ്ധിപ്പിച്ചു എന്നത് മാത്രമാണ് ആകെയുളള ആശ്വാസം.