Asianet News MalayalamAsianet News Malayalam

GEM Report : ഇന്ത്യ ആദ്യ അഞ്ചിൽ: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന രാജ്യം; അഭിമാന നേട്ടം

സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്

Global survey places India among top 5 economies for ease of starting business
Author
Delhi, First Published Feb 15, 2022, 2:16 PM IST

ദില്ലി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന (Ease of Doing Business) അഞ്ച് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ (India). 500 ലേറെ ഗവേഷകർ ചേർന്ന് തയ്യാറാക്കിയ ഗ്ലോബൽ എന്റർപ്രണർഷിപ്പ് മോണിറ്റർ റിപ്പോർട്ട് 2021-22 (The Global Entrepreneurship Monitor (GEM) 2021/2022 report) ലാണ് ഇന്ത്യ ഈ അഭിമാനാർഹമായ നേട്ടമുണ്ടാക്കിയത്. ദുബൈ എക്സ്പോയിലാണ് (Dubai Expo) റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ലോകത്തെ 47 ഓളം പ്രമുഖ സാമ്പത്തിക ശക്തികൾക്കിടയിൽ 2000 ത്തിലേറെ പേരിൽ നിന്നായി അഭിപ്രായം തേടിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 82 ശതമാനം പേരും ഇന്ത്യയിൽ വളരെ എളുപ്പത്തിൽ ബിസിനസ് തുടങ്ങാൻ കഴിയുമെന്നാണ് അഭിപ്രായപ്പെട്ടത്. പ്രാദേശിക സംരംഭകത്വ സാഹചര്യം, സംരംഭകത്വ പ്രവർത്തനം, സംരംഭകരോടുള്ള മനോഭാവം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളോടാണ് സർവേയിൽ പങ്കെടുത്തവർ പ്രതികരിച്ചത്.

ഇന്ത്യയിൽ ബിസിനസ് തുടങ്ങാൻ വളരെയേറെ സാധ്യതകളുണ്ടെന്നാണ് ഭൂരിഭാഗം അഭിപ്രായപ്പെട്ടത്. 86 ശതമാനം ഇന്ത്യാക്കാരും കരുതുന്നത് തങ്ങൾക്ക് ബിസിനസ് തുടങ്ങാനുള്ള ശേഷിയും അറിവുമുണ്ടെന്നാണ്. സർവേയിൽ പങ്കെടുത്ത 54 ശതമാനം പേരും തകർച്ച ഭയന്ന് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ബിസിനസ് തുടങ്ങാൻ മടിക്കുന്നവരാണ്. പേടി മൂലം ബിസിനസ് തുടങ്ങാൻ മടിക്കുന്ന കൂടുതൽ പേരുള്ള രാജ്യങ്ങളിൽ രണ്ടാമതാണ് ഇന്ത്യ.

ലോകത്തെ കുറഞ്ഞ വ്യക്തിഗത വരുമാനമുള്ള രാജ്യങ്ങളിൽ എളുപ്പത്തിൽ ബിസിനസ് തുടങ്ങാനാവുന്ന ഒന്നാമത്തെ രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ബിസിനസ് തുടങ്ങാനുള്ള സാമ്പത്തിക സഹായം, സർക്കാർ നയം, ബിസിനസിനുള്ള പിന്തുണ, നികുതിയും നടപടിക്രമങ്ങളും, സർക്കാരിന്റെ സംരംഭകത്വ പദ്ധതികൾ തുടങ്ങിയവയെല്ലാം പുതുസംരംഭകർക്ക് സഹായകരമാണെന്ന് റിപ്പോർട്ട് പറയുന്നു.

എന്നാൽ ഇന്ത്യൻ സംരംഭകരിൽ 80 ശതമാനം പേരും മുൻവർഷത്തെ അപേക്ഷിച്ച് കുറഞ്ഞ വളർച്ചയാണ് തങ്ങളുടെ സംരംഭങ്ങളിൽ പ്രതീക്ഷിക്കുന്നത്. കൊവിഡിനെ തുടർന്ന് ബിസിനസിൽ മാറ്റം വരുത്തിയ സംരംഭകരിൽ ഇന്ത്യ ഒന്നാമതാണ്. 77 ശതമാനം ഇന്ത്യൻ സംരംഭകരും ഇത്തരത്തിൽ ബിസിനസിൽ മാറ്റം വരുത്തി. 

പട്ടികയിൽ ഉൾപ്പെട്ട 47 രാജ്യങ്ങളിൽ 15 ഇടത്തും കൊവിഡ് കാലം പുതിയ അവസരങ്ങൾ തുറന്നതായാണ് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. 2020 ൽ ഈ പട്ടികയിൽ വെറും ഒൻപത് രാജ്യങ്ങളിലെ സംരംഭകർ മാത്രമാണ് തങ്ങൾക്ക് മുന്നിലെ സാധ്യതകളെ ഉപയോഗിച്ച് ബിസിനസിൽ മാറ്റം വരുത്തിയത്.

Follow Us:
Download App:
  • android
  • ios