പ്രധാനമായും സാമ്പത്തിക -രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

ന്താരാഷ്ട്ര തലത്തിൽ സ്വർണ വിലയിലെ ചാഞ്ചാട്ടം കഴിഞ്ഞ രണ്ട് മാസത്തിലധികമായി തുടരുകയാണ്. ഓ​ഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര സ്വർണവില എക്കാലത്തെ ഉയർന്ന നിരക്കായ 2,080 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാൽ, പിന്നീട് മൂന്ന് ദിവസത്തിനകം സ്വർണ നിരക്കിൽ 220 ഡോളറിന്റെ ഇടിവ് റിപ്പോർട്ട് ചെയ്തു. ഓ​ഗസ്റ്റ് ഏഴിന് ​ഗ്രാമിന് 5,250 രൂപയും പവന് 42,000 രൂപയുമായിരുന്നു കേരളത്തിലെ സ്വർണ വില.

സമാനമായ ചാഞ്ചാട്ടമാണ് രാജ്യാന്തര വിപണിയിലും അതിന്റെ പ്രതിഫലനമെന്ന രീതിയിൽ കേരള വിപണിയിലും ദൃശ്യമാകുന്നത്. ഇന്ന് കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,821 ഡോളറാണ് അന്താരാഷ്ട്ര നിരക്ക് നിരക്ക്. കേരള വിപണിയിൽ ഇന്ന് ​ഗ്രാമിന് 90 രൂപയാണ് കുറഞ്ഞത്. പവന് 720 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,620 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 36,960 രൂപയും. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 50 ലക്ഷം രൂപയ്ക്കടുത്തേക്ക് താഴ്ന്നിട്ടുണ്ട്. 

"അമേരിക്കൻ തെരഞ്ഞെടുപ്പ് ഫല സൂചനകളെ തുടർന്ന് കഴിഞ്ഞാഴ്ച്ചകളിൽ 1,980 ഡോളറിലേക്ക് വരെ സ്വർണനിരക്ക് എത്തിയിരുന്നു. തുടർന്ന്
യുഎസ് പ്രസിഡന്റ് പദവി സംബന്ധിച്ച അനിശ്ചിതത്വങ്ങൾ ഏതാണ്ട് മാറുകയും ഫൈസറിന്റെ കൊവിഡ് വാക്സിൻ സംബന്ധിച്ച ശുഭകരമായ വാർത്തകൾ പുറത്തു വരികയും ചെയ്തതോടെ ഒറ്റ ദിവസം കൊണ്ടുതന്നെ 100 ഡോളർ വരെ നിരക്ക് ഇടിഞ്ഞിരുന്നു. പിന്നീട് ദീപാവലി സമയത്ത് വില ഉയർന്നെങ്കിലും വീണ്ടുമിപ്പോൾ 1,855 ഡോളറിലേക്കെത്തിയതിനു ശേഷം 1,821 ഡോളർ വരെ താഴ്ന്നിരിക്കുകയാണ് സ്വർണ വില, " ഓൾ ഇന്ത്യ ജം ആൻറ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

അനിശ്ചിതത്വം 2021 ആദ്യപാദം വരെ

പ്രധാനമായും സാമ്പത്തിക -രാഷ്ട്രീയ അനിശ്ചിതത്വങ്ങളാണ് സ്വർണ വിലയിലെ ചാഞ്ചാട്ടത്തിന് കാരണം.

"2020 ഒരനിശ്ചിതത്വത്തിന്റെ വർഷമാണ്. കൊവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി, രാജ്യങ്ങൾക്കിടയിലെ രാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ സ്വർണത്തിന് അനുകൂല ഘടകമാണെന്ന് വിലയിരുത്തുന്നു. സ്വർണത്തിന്റെ വില സംബന്ധിച്ച് 2021 ആദ്യപാദം വരെ അനിശ്ചിതത്വം തുടരുമെന്നാണ് കണക്കാക്കുന്നത്. 2020 അവസാനിക്കുന്നതിനു മുമ്പ് സ്വർണ വില സംബസിച്ച് സ്ഥിരത കൈവരിക്കാൻ പ്രയാസമാണെന്നും, ചാഞ്ചാട്ടം തുടരുമെന്ന് തന്നെയുള്ള പ്രവചനങ്ങളാണ് പുറത്തുവരുന്നത്, " അദ്ദേഹം കൂട്ടിച്ചേർത്തു

അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേറ്റതിനു ശേഷമുള്ള സാമ്പത്തിക സാഹചര്യത്തെ ഇപ്പോൾ വിലയിരുത്താനാകില്ലെന്നും സാമ്പത്തിക വിദഗ്ദർ ചുണ്ടിക്കാട്ടുന്നു. ആരോഗ്യ രംഗത്തെ പ്രതിസന്ധികൾ അവസാനിക്കാൻ ഇനിയുമൊരുപാട് സമയമെടുക്കുമെന്നതിനാൽ താൽക്കാലികമായി വില കുറഞ്ഞാലും ദീർഘകാല അടിസ്ഥാനത്തിൽ സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യത.