Asianet News MalayalamAsianet News Malayalam

സ്വർണ ഇറക്കുമതിയിൽ വൻ ഇ‌ടിവ്: അന്താരാഷ്‌ട്ര വിഷയങ്ങളിൽ സമ്മർദ്ദത്തിലായി സ്വർണ വിപണി; ലാഭമെടുത്ത് നിക്ഷേപകർ

ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണം കുറെയെങ്കിലും ഓരോ വർഷവും വിറ്റഴിക്കപ്പെട്ടാൽ ഇറക്കുമതി പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

gold import huge decline may 2020
Author
Thiruvananthapuram, First Published Jun 2, 2020, 7:17 PM IST

കൊവിഡ് 19 സൃഷ്ടിച്ച സമ്പൂർണ അടച്ചിടൽ മൂലം തുടർച്ചയായ മൂന്നാം മാസവും രാജ്യത്തേക്കുളള സ്വർണ ഇറക്കുമതി ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുകയാണ്. മെയ് മാസത്തിൽ 1.4 ടൺ സ്വർണം മാത്രമാണ് ഇറക്കുമതി ചെയ്തിട്ടുള്ളത്. 99 ശതമാനത്തിന്റെ കുറവാണിത്. കഴിഞ്ഞവർഷം മെയ് മാസത്തിൽ 133.6 ടൺ സ്വർണമാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.

ഇന്ത്യയിലെ മിക്കവാറും എല്ലാ ആഭരണ നിർമ്മാണമേഖലകളും അടച്ചിട്ടിരിക്കുന്നതിനാലാണിത് ഈ ഇ‌ടിവെന്ന് ഓൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇൻഡ്യ ജം ആന്റ് ജൂവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു. ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന്‌ തുറന്ന ആഭരണ നിർമ്മാണ ശാലകൾക്ക് ആഭ്യന്തര മാർക്കറ്റിൽ നിന്നും പഴയ സ്വർണം യഥേഷ്ടം ലഭിക്കുന്നതായാണ് സൂചനകൾ.

ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വർണം കുറെയെങ്കിലും ഓരോ വർഷവും വിറ്റഴിക്കപ്പെട്ടാൽ ഇറക്കുമതി പൂർണമായും ഒഴിവാക്കാൻ കഴിയുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. 25,000 - 30,000 ടൺ സ്വർണം ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

കേരളത്തിലെ ജ്വല്ലറികളിൽ പഴയ സ്വർണം വിറ്റഴിക്കൽ പ്രവണത ഇപ്പോൾ കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധികൾക്കൊപ്പം ഉയർന്ന വില കിട്ടുമെന്നതാണ് ഈ വിൽപ്പന കൂടാൻ കാരണമെന്ന് അബ്ദുൽ നാസർ അഭിപ്രായപ്പെട്ടു. 

കൊവിഡ് 19 ന്റെ വ്യാപനം തുടരുമ്പോൾ തന്നെ ഭൗമ രാഷട്രീയ സംഘർഷങ്ങളും അന്താരാഷ്‌ട്ര തലത്തിൽ വർധിക്കുകയാണ്. ഹോങ്കോംഗ് സുരക്ഷ സംബസിച്ച ചൈന -അമേരിക്ക സംഘർഷവും അമേരിക്കയിൽ കത്തിപ്പടരുന്ന കലാപവും സ്വർണ വില വീണ്ടും കൂ‌ടാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന സൂചന. 2011 ലാണ് അന്താരാഷ്ട സ്വർണ വില എക്കാലത്തെയും റെക്കോർഡ് വിലയായ 1,923 ഡോളറിലെത്തിയത്.

അന്നും ഇന്നും

അന്ന് രൂപയുടെ വിനിമയ നിരക്ക് 54 രൂപയിലായിരുന്നതിനാൽ സ്വർണ വില കേരളത്തിൽ ഗ്രാമിന് 3,030 രൂപയായിരുന്നു. പവൻ വില 24,240 രൂപ.
പിന്നീട് പല തവണ സ്വർണത്തിന് കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ട്. 2013 ൽ 1,434 ഡോളറിലേക്ക് കയറിയ സ്വർണം 2015 ൽ 1,045 ഡോളറിലേക്കും താഴുകയുണ്ടായി. 2018 ന് ശേഷം സ്വർണ വില കുത്തനെ ഉയർന്ന് കഴിഞ്ഞ ആഴ്ച 1,765 ഡോളറിൽ എത്തിയപ്പോൾ കമ്മോഡിറ്റി വിപണികളിൽ വില്ലന സമ്മർദ്ദം വർധിച്ചു. 

തുടർന്ന് നിക്ഷേപകർ വിറ്റ് ലാഭമെടുത്തപ്പോൾ 50 ഡോളർ വില താഴ്ന്നിരുന്നു. പുതിയ സംഘർഷ സാഹചര്യങ്ങളിലാണ് ഇപ്പോൾ നിരക്ക് വീണ്ടും 1,740 ഡോളറിലേക്ക് എത്തിയിട്ടുള്ളത്. കേരളത്തിൽ സ്വർണ വ്യാപാരം മെച്ചപ്പെട്ടു വരുന്നതായാണ് ജ്വല്ലറി ഉ‌ടമകൾ നൽകുന്ന സൂചന. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്വർണാഭരണങ്ങളുടെ വിതരണം പുനരാരംഭിച്ചിട്ടില്ലാത്തതിനാൽ സംസ്ഥാനത്തെ സ്വർണാഭരണ നിർമ്മാണ, മൊത്തവിതരണ മേഖലയിൽ ഉണർവ് പ്രകടമാണ്.

നിലവിൽ ഒരു ‌ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ​ഗ്രാം) 1,744 ഡോളറാണ് അന്താരാഷ്ട്ര നിരക്ക്.

ഇന്ന് ​ഗ്രാമിന് 4,380 രൂപയാണ് സ്വർണത്തിന്റെ കേരളത്തിലെ ചില്ലറ വിൽപ്പന നിരക്ക്. 20 രൂപയാണ് ഇന്ന് ​ഗ്രാമിന്റെ മുകളിൽ സ്വർണത്തിന് കൂ‌ടിയത്, പവന് 160 രൂപയും. പവൻ 35,040 രൂപയാണ് ഇന്നത്തെ വിൽപ്പന വില. ഇന്നലെ ​ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയുമായിരുന്നു നിരക്ക്.  

Follow Us:
Download App:
  • android
  • ios