ന്താരാഷ്ട്ര സ്വർണ നിരക്ക് ഇപ്പോഴും ഉയർന്ന നിലയിൽ തുടരുകയാണ്. അന്താരാഷ്ട്ര നിരക്ക് ട്രോയ് ഔൺസിന് 1,940 ഡോളറാണ്. കൊവിഡ് -19 മാന്ദ്യം മൂലമുളള തകർച്ചയിൽ നിന്ന് സാമ്പത്തിക വീണ്ടെടുക്കലിനെക്കുറിച്ചുള്ള സംശയങ്ങൾ ഇപ്പോഴും വിപണിയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ, ഡോളർ ശക്തിപ്പെട്ടത് വിപണിക്ക് ആശ്വാസകരമാണ്.

ഡോളർ സൂചികയിൽ മുന്നേറ്റമുണ്ട്. കൊറോണ വൈറസ് ലോകത്ത് കൂടുതൽ പേരിലേക്ക് പടർന്നുപിടിക്കുകയാണ്. മരണസംഖ്യയും സമാനമായി വർധിക്കുകയാണ്. ജപ്പാനിലെ സമ്പദ്‌വ്യവസ്ഥ രണ്ടാം പാദത്തിൽ തുടക്കത്തിൽ കണക്കാക്കിയതിലും കൂടുതൽ ചുരുങ്ങിയതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നു. ഇത് നിക്ഷേപകരുടെ ഇ‌ടിയിൽ വലിയ ആശങ്കയ്ക്ക് ഇടയാക്കി. ഏഷ്യ വിപണികളെ ഇത് സമ്മർദ്ദത്തിലാക്കുകയും ചെയ്തു.

അതേസമയം ജർമ്മൻ വ്യാവസായിക ഉൽ‌പാദനം ജൂലൈയിൽ പ്രതീക്ഷിച്ചതിലും താഴ്ന്ന മുന്നേറ്റമാണ് നടത്തിയത്, യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയെ ഇത് വിഷമവൃത്തിലാക്കുന്നു. യുഎസ് ഫെഡറൽ റിസർവ് നാണയപ്പെരുപ്പത്തെ കൂടുതൽ സഹിഷ്ണുതയോടെയുള്ള നിലപാടിലേക്ക് മാറ്റുന്നു. 

സ്വർണ നിരക്ക് താൽക്കാലിക തിരുത്തലിൽ  
 
രാജ്യങ്ങളുടെ കേന്ദ്ര ബാങ്കുകളിൽ നിന്നുള്ള വ്യാപകമായ ഉത്തേജക നടപടികളിൽ നിന്ന് സ്വർണം കരുത്ത് നേടുന്നു. യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകളും ഏഷ്യൻ ഓഹരികളും ചൊവ്വാഴ്ച തിരിച്ചെത്തിയത് പ്രതീക്ഷ നൽകുന്നതാണെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ ‍‍(ജിജെസി) ദേശീയ ഡയറക്ടറായ എസ് അബ്ദുൽ നാസർ പറഞ്ഞു. യുഎസിനെയും ചൈനീസ് സമ്പദ്‌വ്യവസ്ഥയെയും വേർതിരിക്കാനുള്ള ആശയം പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച വീണ്ടും ഉന്നയിച്ചിരുന്നു. ലോക വ്യാപാര സംവിധാനത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പ്രവർത്തനങ്ങളുമായി ഇരു സാമ്പത്തിക ശക്തികളും മുന്നോട്ട് പോകുകയാണ്. 

"സ്വർണ വില താൽക്കാലിക തിരുത്തലിലാണെന്നാണ് ചില സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്. 2012 ലെ പോലെയുള്ള തിരുത്തലാണിതെന്ന് മറ്റൊരു വിഭാഗവും സൂചിപ്പിക്കുന്നു. 2000 മുതൽ ഏഴ് വലിയ തിരുത്തലിന് ശേഷമാണ് 2012 ൽ സ്വർണ വില 1,917 ഡോളറിൽ എത്തിയത്. എന്നാൽ, അതിനു ശേഷം സ്വർണ വില കുത്തനെ കുറഞ്ഞ് 2015 ൽ 1,050 ഡോളർ വരെ എത്തിയിരുന്നു. പിന്നീട് പടിപടിയായും കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ക്രമാതീതമായ വർദ്ധനയും, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുള്ള കുത്തനെയുള്ള വിലക്കയറ്റ സ്വഭാവവുമാണ് മഞ്ഞലോഹം പ്രകടിപ്പിച്ചത്. സ്വർണ വിലയെ 2,081 ഡോളറിലേക്ക് എത്തിച്ചതും ഈ മുന്നേറ്റമാണ്, " അബ്ദുൽ നാസർ കൂട്ടിച്ചേർത്തു

ഓണം കഴിഞ്ഞുള്ള വിവാഹ സീസൺ ആരംഭിച്ചതിനാൽ കേരളത്തിലെ വിപണിയിൽ ചലനങ്ങളുണ്ട്. നിലവിൽ കേരളത്തിലെ സ്വർണത്തിന്റെ വിൽപ്പന നിരക്ക് ​ഗ്രാമിന് 4,725 രൂപയാണ്. പവന് 37,800 രൂപയാണ് നിരക്ക്.