തിരുവനന്തപുരം: സ്വർണത്തിന് ഉച്ചയോടെ വീണ്ടും 50 രൂപ നിരക്ക് കുറഞ്ഞു. ഇന്ന് രാവിലെ ഗ്രാമിന് 5150 രൂപയും പവന് 41200 രൂപയുമായി കുറഞ്ഞ കേരളത്തിലെ സ്വർണ വില, ഉച്ചയ്ക്ക് ശേഷം വീണ്ടും 50 രൂപ ഗ്രാമിന് കുറഞ്ഞ് 5100 രൂപയും പവന് 40800 രൂപയിലുമെത്തി.

അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് 2081.60 ഡോളർ വരെ ഉയർന്നതിനു ശേഷം 1,985 ഡോളറായി താഴ്ന്നിട്ടുണ്ട്. ഡോളർ കരുത്താർജിച്ചതാണ് സ്വർണ വില കുറയാൻ പ്രധാന കാരണം. ഉയർന്ന വിലയിൽ ലാഭമെടുക്കുന്നതാണ് മറ്റൊരു കാരണം. ഡോളർ സൂചിക രണ്ട് വർഷത്തെ താഴ്ന്ന വിലനിലവാരത്തിൽ നിന്നും 0.1 % ഉയർന്നിട്ടുണ്ട്.

ഡോളറിന് വീണ്ടും കരുത്ത് കൂടിയാൽ സ്വർണ വില ഇനിയും കുറയാനിടയുണ്ട്. അമേരിക്കൻ സാമ്പത്തിക ഉത്തേജക പാക്കേജ് ഫലം കണ്ട് തുടങ്ങിയതായി സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. 2020 മാർച്ച് 31ന് 1,578 ഡോളറായിരുന്ന അന്താരാഷ്ട്ര വില കഴിഞ്ഞ നാല് മാസം കൊണ്ട് 500 ഡോളറിലധികമാണ് വർദ്ധിച്ചത്.

500 ഡോളർ വർദ്ധിച്ചതിലുള്ള തിരുത്തലാണിതെന്ന സൂചനകളാണ് നിലവിൽ പുറത്തുവരുന്നത്. ഇപ്പോഴത്തെ സാഹചര്യങ്ങളിൽ വലിയ തോതിൽ സ്വർണ വില ഇടിയാനുള്ള സാധ്യത കുറവാണെന്നാണ് പൊതു വിപണി വിലയിരുത്തൽ.

പരമാവധി നിരക്ക് 120-150 ഡോളർ വരെ കുറഞ്ഞേക്കാം. താൽക്കാലികമായി വിലയിൽ തിരുത്തലിനും ചാഞ്ചാട്ടത്തിനുമുളള സാധ്യതയാണ് വിപണി ഫലങ്ങൾ നൽകുന്ന സൂചനയെന്ന് ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.