Asianet News MalayalamAsianet News Malayalam

കള്ളക്കടത്ത് സ്വർണത്തെ ആശ്രയിക്കേണ്ട സാഹചര്യം കേരളത്തിലെ വ്യാപാരികൾക്കില്ല: പ്രശ്നമാകുന്നത് ഉയർന്ന നികുതി

കേരളത്തിൽ കള്ളക്കടത്തായി എത്തുന്ന സ്വർണത്തിന്റെ സിംഹഭാഗവും മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. കേരളത്തെ അവർ ഒരിടത്താവളമായി ഉപയോഗിക്കുന്നു. ഒരു ഭാഗം സമാന്തര സ്വർണ വിപണിയിലേക്കും കള്ളപ്പണക്കാർക്കുമെത്തുന്നുണ്ടെന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത്. ഇതെല്ലാം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനങ്ങളുണ്ട്. അവർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.

gold smuggling increased due to high import tariff imposed by government
Author
Thiruvananthapuram, First Published Aug 3, 2020, 4:13 PM IST

സ്വർണക്കള്ളക്കടത്ത് ഇപ്പോൾ നമ്മുടെ സംസ്ഥാനത്ത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന് ഏറ്റവും വലിയ ഭീഷണികളിലെന്നാണിത്. ഇത് അതിവേഗം തടയിടേണ്ട ഒന്നാണ്. ഒരു കിലോ സ്വർണം തെറ്റായ മാർഗത്തിലൂടെ കേരളത്തിലേക്ക് കടത്തിയാൽ ഏഴ് ലക്ഷം രൂപയിലധികമാണ് ഇപ്പോഴത്തെ നിരക്കിന്റെ അടിസ്ഥാനത്തിലുളള ലാഭം. ഇത്രയും തുക വളരെ വേഗം വ്യക്തികളിലേക്ക് എത്തുന്നു എന്നത് നമ്മുടെ ധനകാര്യ വ്യവസ്ഥയ്ക്ക് അപടകരമാണ്.

സ്വർണത്തിന്റെ ഇറക്കുമതിച്ചുങ്കം കുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്ന സ്വർണ മേഖലയ്ക്ക് വൻ തിരിച്ചടിയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റിലൂടെ ഉണ്ടായിട്ടുള്ളത്. ഇറക്കുമതിച്ചുങ്കം കുറയ്ക്കുന്നതിന് പകരം 2.5 ശതമാനം കൂടിവർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്. രാജ്യത്തേക്കുളള കള്ളക്കടത്ത് വർധിക്കാൻ ഇതൊരു പ്രധാന കാരണമായി മാറുകയും ചെയ്തു എന്നതാണ് സത്യം. സ്വർണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ഇറക്കുമതിച്ചുങ്കം പിൻവലിക്കുകയോ പകുതിയായി കുറയ്ക്കുകയോ ചെയ്താൽ ഇന്ത്യയിലേക്കുളള സ്വർണക്കള്ളക്കടത്ത് കുറയും.

നമ്മുടെ രാജ്യത്ത് 700 മുതൽ 1000 ടൺ വരെ സ്വർണമാണ് ഓരോ വർഷവും പൂർണമായും ജുവല്ലറി വ്യവസായത്തിനായി ഇറക്കുമതി ചെയ്യുന്നത്.
12.5 ശതമാനം ഇറക്കുമതിച്ചുങ്കത്തിലൂടെ 50,000 കോടി രൂപയുടെ നികുതി കേന്ദ്ര ഖജനാവിലെത്തുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
50,000 കോടി രൂപയുടെ നികുതി വരുമാനം നേടുമ്പോൾ തന്നെ ഇതേ തുകയോളം തന്നെ നികുതി നഷ്ടമുണ്ടാക്കുന്നതാണ് സ്വർണക്കള്ളക്കടത്ത് എന്നും നമ്മൾ മനസ്സിലാക്കണം.

വർധിക്കുന്ന ആശങ്ക

എന്നാൽ, എന്തുകൊണ്ട് ഇറക്കുമതിച്ചുങ്കം എടുത്തുകളയുന്നില്ലന്ന ചോദ്യം ഇവിടെ വർഷങ്ങളായി നിലനിൽക്കുന്നു. പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് ഇറക്കുമതിച്ചുങ്കം 10 ശതമാനമാക്കിയത്. മാറിവന്ന കേന്ദ്ര സർക്കാർ ഇറക്കുമതിച്ചുങ്കം സ്വർണ വ്യവസായ മേഖലയുടെ ആവശ്യം പരിഗണിച്ച് കുറയ്ക്കുമെന്ന പ്രതീക്ഷയുണ്ടായിരിന്നിട്ടും, 10 ൽ നിന്നും 12.5 ശതമാനമായി വർദ്ധിപ്പിക്കുകയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ തന്റെ ആദ്യ ബജറ്റിലൂടെ ചെയ്തത്.

കേരളം ഇപ്പോൾ സ്വർണക്കള്ളക്കടത്തിന്റെ പറുദീസയായാണ് അറിയപ്പെടുന്നത്. നമ്മുടെ വിമാനത്താവളങ്ങൾ വഴിയും, കടൽമാർഗും ടൺ കണക്കിനു സ്വർണമാണെത്തുന്നത്. പിടിക്കപ്പെടുന്നില്ലന്നത് മാത്രമല്ല സംരക്ഷണവും ലഭിക്കുന്നു എന്നുളളതാണ് ഇതിലെ വിഷമകരമായ കാര്യം. എയർപോർട്ടിലൂടെ എത്തുന്ന യാത്രക്കാരുടെയും, കാർഗോ വഴിവരുന്ന ബാഗേജുകളിലും സ്വർണം ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും പരിശോധനകളിൽ തിരിച്ചറിയേണ്ടതാണ്. എന്നാൽ, ഇവയിൽ ഭൂരിഭാഗവും കസ്റ്റംസ് ഉദ്യോഗസ്ഥരുടെയോ പോലീസിന്റെയോ കണ്ണിൽ പൊടാറില്ലെന്നത് രാജ്യ സുരക്ഷയെ സംബന്ധിച്ച് സാധാരണക്കാരുടെ ആശങ്ക വർധിപ്പിക്കുന്നതാണ്.

കേരളത്തിൽ കള്ളക്കടത്തായി എത്തുന്ന സ്വർണത്തിന്റെ സിംഹഭാഗവും മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോകുന്നത്. കേരളത്തെ അവർ ഒരിടത്താവളമായി ഉപയോഗിക്കുന്നു. ഒരു ഭാഗം സമാന്തര സ്വർണ വിപണിയിലേക്കും കള്ളപ്പണക്കാർക്കുമെത്തുന്നുണ്ടെന്നാണ് സർക്കാർ ഏജൻസികൾ പറയുന്നത്. ഇതെല്ലാം പരിശോധിക്കുന്നതിന് കൃത്യമായ സംവിധാനങ്ങളുണ്ട്. അവർ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കേണ്ടതാണ്.

ജിഎസ്ടി വകുപ്പ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തണം

കേരളത്തിൽ 10,000 ഓളം സ്വർണ വ്യാപാരികളുണ്ട്. അതിൽ പകുതിയോളം വരുന്നവർ 20 ലക്ഷം രൂപയിൽ താഴെ വാർഷിക ടേണോവർ ഉള്ളതിനാൽ GST രജിസ്ട്രേഷൻ ആവശ്യമില്ലാത്തവരാണ്. കേരളത്തിലെ ജുവല്ലറികളിൽ നടക്കുന്ന വ്യാപാരത്തിന്റെ 60 -70 ശതമാനം വ്യാപാരം പഴയ സ്വർണത്തിനു പകരമായുള്ള പുതിയ സ്വർണം മാറ്റി വാങ്ങലാണ് നടക്കുന്നത്. പഴയ സ്വർണം യഥേഷ്ഠം ഇപ്പോൾ വിൽപനയ്ക്കെത്തുന്നതിനാൽ സ്വർണ വ്യാപാരികളുടെ ആവശ്യം നിറവേറ്റുന്നുണ്ട്. അതിനാൽ കള്ളക്കടത്ത് സ്വർണത്തെ ആശ്രയിക്കേണ്ട സാഹചര്യം കേരളത്തിലെ സ്വർണ വ്യാപാരികൾക്കില്ല.

കേരളത്തിലെത്തുന്ന കള്ളക്കടത്ത് സ്വർണം എങ്ങോട്ട് പോകുന്നു എന്ന് കണ്ടെത്താൻ നികുതി വകപ്പിന് തീർച്ചയായും അധികാരമുണ്ട്. ഇതിന്റെ നാൾവഴികൾ GST വകുപ്പിന് അന്വേഷിക്കാം. കള്ളക്കടത്തിന്റെ സ്വർണ മൂല്യവർദ്ധിത ഉൽപന്നങ്ങൾ എന്തെല്ലാമാണ്. ഇത് അനധികൃത നിർമ്മാണമേഖലയിലേക്ക് പോകുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട് അവിടെ പിടിക്കപ്പെടുന്നില്ല. ഈ ചോദ്യങ്ങളെല്ലാം ചോദ്യങ്ങളായി മാത്രം അവശേഷിക്കുകകയാണ്.

GST വകുപ്പ് എൻഫോഴ്സ്മെന്റ് ശക്തിപ്പെടുത്തി റോഡിൽ കൂടി കൊണ്ട് പോകുന്നത് മാത്രമല്ല പിടിക്കേണ്ടത്. ഇത് കേരളത്തിൽ തന്നെയാണ് നിർമ്മിക്കുന്നതെങ്കിൽ, അവയും പി‌ടിക്കപ്പെ‌ടണം. അനധികൃത നിർമ്മാണമേഖലയിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അവ പുറത്തുവരണം.

എല്ലാ പ്രതികളെയും പിടികൂടണം

കേരളത്തിൽ ഒരു വർഷം 30,000 മുതൽ 40,000 കോടി രൂപയുടെ സ്വർണ വ്യാപാരമാണ് നടക്കുന്നത്. ഇതിൽ പഴയ സ്വർണം മാറ്റി വാങ്ങുന്നതും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും സ്വർണാഭരണങ്ങൾ വാങ്ങിക്കുമ്പോൾ എടുക്കാവുന്ന നികുതി തട്ടിക്കഴിക്കലും കഴിഞ്ഞ് 630 -700 കോടിയോളം രൂപയാണ് നികുതിയായി കേരളത്തിലെ സ്വർണ വ്യാപാരികൾ സർക്കാരിന് നൽകുന്നത്.

സ്വർണക്കള്ളക്കടത്തിന്റെ പേരിൽ കേരളത്തിലെ പരമ്പരാഗത സ്വർണ വ്യാപാര മേഖലയെ കളങ്കപ്പെടുത്തരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇത്തരം കള്ളക്കടത്തുകളുമായി ബന്ധപ്പെട്ട എല്ലാ പ്രതികളെയും എത്രയും പെട്ടെന്ന് പിടികൂടുകയും വേണം.

- അഡ്വ എസ് അബ്ദുൽ നാസർ, ഓൾ കേരള ​ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറുമാണ്.

Follow Us:
Download App:
  • android
  • ios