ദില്ലി: ജിഎസ്ടി നഷ്ടപരിഹാര വിഷയത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾക്ക് ഇപ്പോഴും കേന്ദ്ര നയവുമായി വിയോജിപ്പുള്ളതിനാൽ തിങ്കളാഴ്ച നടക്കുന്ന ജിഎസ്ടി കൗൺസിൽ യോഗ തീരുമാനം നിർണായകമാകും. കേന്ദ്രം മുന്നോട്ടുവച്ച വായ്പയെടുക്കൽ ഓപ്ഷനെ 21 സംസ്ഥാനങ്ങൾ അം​ഗീകരിക്കുന്നുണ്ട്.

എന്നാൽ, കേരളം പഞ്ചാബ്, പശ്ചിമ ബംഗാൾ സംസ്ഥാന‌ങ്ങൾ ഇതുവരെ കേന്ദ്ര നയത്തോട് അനുകൂലിച്ചിട്ടില്ല. ഒക്ടോബർ 5 ന് നടന്ന കൗൺസിലിന്റെ 42-ാമത് യോഗത്തിൽ പ്രതിപക്ഷ ഭരിക്കുന്ന സംസ്ഥാനങ്ങൾ കേന്ദ്രത്തിന്റെ വായ്പയെടുക്കൽ ഓപ്ഷനുകളെ എതിർക്കുമെന്നും ജിഎസ്ടി നഷ്ടപരിഹാര കമ്മി പരിഹരിക്കുന്നതിന് ബദൽ സംവിധാനം ആവശ്യപ്പെടുമെന്നും അറിയിച്ചിരുന്നു. 
 
സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനാണെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദം. നിലവിലെ സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾ 2.35 ലക്ഷം കോടി ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനക്കുറവ് നേരിടുന്നു.
 
ഇതിൽ, കേന്ദ്രത്തിന്റെ കണക്കുകൂട്ടൽ അനുസരിച്ച്, ഏകദേശം 97,000 കോടി ജിഎസ്ടി നടപ്പാക്കിയത് മൂലവും, ബാക്കി 1.38 ലക്ഷം കോടി സംസ്ഥാനങ്ങളുടെ വരുമാനത്തിൽ COVID-19 ന്റെ സ്വാധീനമാണ്. ആർബിഐ സൗകര്യമൊരുക്കിയ പ്രത്യേക വിൻഡോയിൽ നിന്ന് 97,000 കോടി കടം വാങ്ങാൻ ഓഗസ്റ്റിൽ കേന്ദ്രം ഓപ്ഷനുകൾ നൽകി.