നികുതി വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും തീരുമാനത്തെ എതിർത്തത്.  

ദില്ലി: ലഖ്നൗവിൽ നടന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) കൗൺസിലിന്റെ 45-ാമത് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് ധനമന്ത്രി നിർമല സീതാരാമൻ. കൊറോണ വൈറസ് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷമുളള, നേരിട്ട് അം​ഗങ്ങൾ പങ്കെടുത്ത ആദ്യ ജിഎസ്ടി കൗൺസിലിന്റെ യോ​ഗമായിരുന്നു ഇത്. 

ജീവൻ രക്ഷാ മരുന്നുകൾക്കുളള നികുതി ഇളവ്, പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ജിഎസ്ടി തുടങ്ങിയ വിഷയങ്ങൾ ഇന്ന് കൗൺസിലിന്റെ മുന്നിലെത്തി. കൊവിഡ് 19 ചികിത്സയുമായി ബന്ധപ്പെട്ട മരുന്നുകളുടെ നികുതി ഇളവുകള്‍ ജിഎസ്ടി കൗണ്‍സില്‍ ദീര്‍ഘിപ്പിച്ചു. കൂടുതല്‍ മരുന്നുകള്‍ക്ക് നികുതിയിളവ് നല്‍കുന്നതിനൊപ്പം നിരവധി മരുന്നുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി ചുരുക്കാനും യോഗം അനുമതി നല്‍കി. ഡിസംബര്‍ 31 വരെയാകും മരുന്നുകള്‍ക്ക് നികുതിയിളവ് ലഭിക്കുക. 

മസ്കുലർ അട്രോഫിക്കുള്ള മരുന്നുകളെ ജിഎസ്ടി പരിധിയിൽ നിന്ന് ഒഴിവാക്കി. എണ്ണ കമ്പനികൾക്കുള്ള ബയോ ഡീസലിന്റെ നികുതി കുറച്ചു. ബയോ ഡീസലിന്‍റെ നികുതി 12 ശതമാനത്തിൽ നിന്നും അഞ്ച്​ ശതമാനമായാണ്​ കുറച്ചത്​.

പെട്രോൾ, ഡീസൽ തുടങ്ങിയ കമ്മോഡിറ്റികളെ ജിഎസ്​ടി സംവിധാനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സമയമായിട്ടില്ലെന്ന്​ ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. കേരള ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് വിഷയം ജിഎസ്​ടി കൗൺസിലിൽ ചർച്ചക്കെടുത്തതെന്നും അവർ പറഞ്ഞു. എന്നാൽ, ഭൂരിപക്ഷം അംഗങ്ങളും പെട്രോളിയം ഉൽപന്നങ്ങളെ ചരക്ക് സേവന നികുതി സംവിധാനത്തിന്റെ ഭാ​ഗമാക്കുന്നതിനെ എതിർത്തുവെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് കൗൺസിലിന്റെ തീരുമാനം കേരള ഹൈക്കോടതിയെ കേന്ദ്ര സർക്കാർ അറിയിക്കും. കോടതിയുടെ പരി​ഗണനയിൽ ഉളള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. നികുതി വരുമാന നഷ്ടം ചൂണ്ടിക്കാട്ടിയാണ് ഭൂരിപക്ഷം സംസ്ഥാന സർക്കാരുകളും തീരുമാനത്തെ എതിർത്തത്.

കഴിഞ്ഞ ജൂണിലാണ്​ പെട്രോൾ, ഡീസൽ എന്നിവയെ ജിഎസ്​ടിയിൽ ഉൾപ്പെടുത്തുന്നത്​ പരിഗണിക്കണമെന്ന്​ കോടതി കേന്ദ്രസർക്കാറിനോട്​ ആവശ്യപ്പെട്ടിരുന്നു. ശാരീരിക വെല്ലുവിളി നേരിടുന്നവർ ഉപയോഗിക്കുന്ന വാഹനങ്ങളിലെ റെട്രോ ഫിറ്റ്മെന്റ് കിറ്റിന് നികുതി ഇളവ് പ്രഖ്യാപിച്ചു. വിലകൂടിയ ഇറക്കുമതി മരുന്നുകളായ സോളോഗെൻസ്മ, വിൽറ്റെറ്റ്സോ എന്നിവയ്ക്ക് ജിഎസ്ടി ഇളവ് നൽകിയിട്ടുണ്ട്. 

കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ നികുതി നിരക്ക് ജിഎസ്ടി കൗൺസിൽ 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറച്ചു. ഓൺലൈൻ ഭക്ഷണ വിതരണ രം​ഗത്തുളള സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്കും സംരംഭങ്ങൾക്കും പുതിയ നികുതിയില്ലെന്ന് റവന്യൂ സെക്രട്ടറി സ്ഥിരീകരിച്ചു. ഇതോടെ ഓൺലൈൻ ഭക്ഷണ വിതരണത്തിന് നിരക്ക് വർധന ഉണ്ടാകാനിടയില്ലെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. വ്യോമ, കപ്പൽ മാർഗമുള്ള കയറ്റുമതിക്കുള്ള ജിഎസ്ടി ഇളവുകൾ നീട്ടി. സെപ്റ്റംബർ മുപ്പതിന് കാലാവധി അവസാനിക്കാനിരിക്കെയാണ് സമയം നീട്ടാൻ കൗൺസിൽ തീരുമാനിച്ചത്. കയറ്റുതി രം​ഗത്ത് അടുത്ത കാലത്ത് ഉണ്ടായ ഉണർവ് തുടരുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

2022 ന് ശേഷവും ജിഎസ്ടി നഷ്ടപരിഹാര നൽകുന്നത് തുടരണമെന്ന് എല്ലാ സംസ്ഥാനങ്ങളും കൗൺസിൽ യോ​ഗത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ വിശദമായ പഠനത്തിന് മന്ത്രിതല സമിതികളെ നിയോ​ഗിക്കാൻ യോഗത്തിൽ തീരുമാനമായി.

വരുമാന നഷ്ടത്തെ കുറിച്ചും, വരുമാനം കണ്ടെത്തുന്നതിന്റെ കുറിച്ചും സമിതികൾ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമായിരിക്കും നഷ്ടപരിഹാര നീട്ടുന്നതിൽ തീരുമാനമെടുക്കുക. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona