ഏറ്റവും കുറഞ്ഞ മാനുഫാക്ചറിങ് കോസ്റ്റില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയെ വരും നാളുകളില്‍ ഇന്ത്യയും വിയറ്റ്‌നാമും മറികടക്കും. 

ദില്ലി: രാജ്യത്തെ സാമ്പത്തിക പരിഷ്‌കാര നടപടികള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് കരുത്താകുമെന്ന് റിപ്പോര്‍ട്ട്. 2026 ഓടെ ആഗോള ജിഡിപിയുടെ വളര്‍ച്ചയില്‍ 15 ശതമാനം ഇന്ത്യയില്‍ നിന്നായിരിക്കുമെന്ന് യുബിഎസ് സെക്യൂരിറ്റീസിലെ തന്‍വീ ഗുപ്ത ജയിനിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴില്‍ നിയമ ഭേദഗതി, സ്വകാര്യവത്കരണം, വിദേശ നിക്ഷേപ നയം എന്നിവയെല്ലാം ഇന്ത്യയുടെയും ഒപ്പം ആഗോള സാമ്പത്തിക രംഗത്തിന്റെയും വളര്‍ച്ചയ്ക്ക് കരുത്താകും.

ഏറ്റവും കുറഞ്ഞ മാനുഫാക്ചറിങ് കോസ്റ്റില്‍ നിലവില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയെ വരും നാളുകളില്‍ ഇന്ത്യയും വിയറ്റ്‌നാമും മറികടക്കും. ആഗോള വിതരണ ശൃംഖലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20 മുതല്‍ 30 ശതമാനം വരെ പങ്കാളിത്തം ഇന്ത്യയില്‍ നിന്ന് വരേണ്ടതുണ്ട്. 

ആപ്പിള്‍ കമ്പനിയുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ ഉയരുന്നതും ടെസ്ലയുടെ രാജ്യത്തേക്കുള്ള കടന്നുവരവും മോഡല്‍ 3 കാറുകളുടെ ഉല്‍പ്പാദനവും കരുത്തേകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 7.5 ശതമാനം ഇടിയുമെങ്കിലും 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.5 ശതമാനമായി ഉയരും. എന്നാലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആറ് ശതമാനം വളര്‍ച്ചയേ ഇന്ത്യയ്ക്ക് നേടാനാവൂ എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.