Asianet News MalayalamAsianet News Malayalam

ഇന്ത്യക്കാരുടെ പേമെന്റ് രീതികൾ മാറുന്നു: 2024 ഓടെ ഇന്ത്യൻ ഇ-കൊമേഴ്സ് വിപണി 84 ‌ശതമാനം വളരും

'ഇപ്പോള്‍ വാങ്ങുക,  പിന്നീട് പണം നല്‍കുക' എന്ന ഓണ്‍ലൈന്‍ പേമെന്റ് രീതി ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. 

Indian eCommerce market is projected to surge 84 percentage by 2024
Author
Mumbai, First Published Mar 11, 2021, 6:16 PM IST

മുംബൈ: ഇന്ത്യയുടെ ഇ- കൊമേഴ്‌സ് വിപണി 84 ശതമാനം വളര്‍ച്ചയോടെ 2024-ല്‍ 111 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന് ആഗോള ധനകാര്യ സാങ്കേതികവിദ്യ ദാതാവായ എഫ്‌ഐഎസിന്റെ 2021 ഗ്ലോബല്‍ പേമെന്റ്‌സ് റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ്-19 പകര്‍ച്ചവ്യധിയുടെ വരവാണ് ഇ-കൊമേഴ്‌സ് വിപണിയില്‍ നാടകീയമായ ഈ വളര്‍ച്ചയ്ക്കു കളമൊരുക്കിയതെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. നാല്‍പ്പത്തിയൊന്ന് രാജ്യങ്ങളിലെ ഇപ്പോഴത്തേയും ഭാവിലേയും പേമെന്റ് ഗതി പരിശോധിച്ചതിനുശേഷമാണ് എഫ്‌ഐഎസ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.  

കൊവിഡ്-19 കാലയളവില്‍ ഈ രാജ്യങ്ങളിലെ ഡിജിറ്റല്‍ കൊമേഴ്‌സ് ത്വരിതപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ പേമെന്റ് ശീലത്തില്‍ കോവിഡ്-19 മാറ്റങ്ങള്‍ വരുത്തി. ഇന്ത്യയുടെ ഇ-കൊമേഴ്‌സ് വിപണി അടുത്ത നാലു വര്‍ഷക്കാലത്ത് 21 ശതമാനം വാര്‍ഷിക വളര്‍ച്ച നേടും. 2020-ല്‍ ഓണ്‍ലൈനില്‍ ഏറ്റവും പ്രചാരമുള്ള പേയ്മെന്റ് രീതികള്‍ ഡിജിറ്റല്‍ വാലറ്റുകള്‍ (40 ശതമാനം), ക്രെഡിറ്റ് കാര്‍ഡ് (15 ശതമാനം), ഡെബിറ്റ് കാര്‍ഡ് (15 ശതമാനം) എന്നിവയാണ്.

'ഇപ്പോള്‍ വാങ്ങുക,  പിന്നീട് പണം നല്‍കുക' എന്ന ഓണ്‍ലൈന്‍ പേമെന്റ് രീതി ഇന്ത്യയില്‍ അതിവേഗം വളരുകയാണ്. നിലവില്‍ ഈ പേമെന്റ് രീതിക്ക് വിപണിയിലെ സാന്നിധ്യം മൂന്ന് ശതമാനം മാത്രമാണ്. 2024 ഓടെ ഇത് 9 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ച് നടത്തുന്ന  വാങ്ങലുകള്‍ വന്‍ വളര്‍ച്ച നേടുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഓണ്‍ലൈന്‍ വിപണി വിഹിതം ഡിജിറ്റല്‍ വാലറ്റുകളുടെ വിഹിതം 2024ഓടെ 47 ശതമാനമായി ഉയരുമെന്നു കണക്കാക്കുന്നു.

ഇന്ത്യയിലെ പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) വിപണി 2024-ല്‍ ഇപ്പോഴത്തേതില്‍നിന്ന്  41 ശതമാനം വര്‍ധനയോടെ 1,035 ബില്ല്യണ്‍ കോടി ഡോളറിലെത്തുമെന്ന എഫ്‌ഐഎസ് റിപ്പോര്‍ട്ട് കണക്കാക്കുന്നു. ഏറ്റവും പ്രചാരമുള്ള ഇന്‍-സ്റ്റോര്‍ പേയ്മെന്റ് രീതി പണമായി നല്‍കുകയെന്നതുതന്നെയാണ്. ഇതിന്റെ വിഹിതം 34 ശതമാനമാണ്.  ഡിജിറ്റല്‍ വാലറ്റുകള്‍ (22 ശതമാനം), ഡെബിറ്റ് കാര്‍ഡ്  (20 ശതമാനം) എന്നിങ്ങനെയാണ് മറ്റ് രീതികള്‍.

 2024 ഓടെ ഡിജിറ്റല്‍ വാലറ്റുകള്‍  33 ശതമാനം വിഹിതത്തോടെ ഇന്‍സ്റ്റോര്‍ പേമെന്റ് രീതിയില്‍ ഒന്നാമതെത്തുമെന്നു റിപ്പോര്‍ട്ട് കണക്കാക്കുന്നു.
 

Latest Videos
Follow Us:
Download App:
  • android
  • ios