Asianet News MalayalamAsianet News Malayalam

ആശ്വസിക്കാൻ ഇന്ത്യക്ക് മറ്റൊരു നേട്ടം, ചരിത്രം, സാമ്പത്തിക വളർച്ചയിൽ കുതിപ്പ്, ജിഡിപി 4 ട്രില്ല്യൺ ഡോളർ കടന്നു

ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീഡിലാണ് ഇക്കാര്യം വ്യക്തമാക്കി‌യത്.

Indian GDP touch four trillion dollar, says report prm
Author
First Published Nov 19, 2023, 10:09 PM IST

ദില്ലി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ചരിത്ര നേട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ ജിഡിപി(മൊത്ത ആഭ്യന്തര ഉൽപാദനം) നാല് ട്രില്യൺ ഡോളർ (നാല് ലക്ഷം കോടി ഡോളർ) കടന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് ട്രില്യൺ ഡോളർ കടന്നെന്ന്  ധനമന്ത്രാലയമോ ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ വകുപ്പോ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) ഡാറ്റയെ അടിസ്ഥാനമാക്കി എല്ലാ രാജ്യങ്ങളുടെയും തത്സമയ ജിഡിപി ട്രാക്കിംഗ് ഫീഡിലാണ് ഇക്കാര്യം വ്യക്തമാക്കി‌യത്. റിപ്പോർട്ടിന്റെ സ്ക്രീൻഷോട്ട് നിരവധി ബിജെപി നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്തിട്ടുണ്ട്. 

പട്ടികയിൽ അമേരിക്കയാണ് മുന്നിൽ. ചൈന തൊട്ടുപിന്നിലും ജപ്പാൻ മൂന്നാമതും ജർമനി നാലാമതുമാണ്. അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം.  മുന്നിൽ നിൽക്കുന്ന അമേരിക്കയുടെ ജിഡിപി 26 ട്രില്ല്യൻ ഡോളറും ചൈനയുടേത് 19 ട്രില്യൺ ഡോളറുമാണ്. 

ഇന്ത്യ 2029 ൽ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ലോകത്തെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്ന രാജ്യം 15 വർഷം കൊണ്ടാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കുക എന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇക്കണോമിക് റിസർച്ച് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടതാണ് ഈ റിപ്പോർട്ട്. 

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം നിലവിൽ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. ബ്രിട്ടനെ മറികടന്നാണ് ഇന്ത്യ ഈ സ്ഥാനത്തെത്തിയത്. ഡോളര്‍ ആധാരമാക്കി തയ്യാറാക്കിയ റാങ്ക് പട്ടികയില്‍ ഇന്ത്യയ്ക്ക് പിന്നില്‍ ആറാം സ്ഥാനത്താണ് യുകെയുടെ സ്ഥാനം.  2011 ല്‍ ലോക സാമ്പത്തികശക്തികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു യുകെ. എന്നാല്‍ 2021ലെ അവസാന മൂന്നുമാസങ്ങളിലെ ഇന്ത്യയുടെ പ്രകടനം യുകെയെ മറികടക്കുകയായിരുന്നു. ക്രമാതീതമായി വര്‍ധിച്ച ജീവിതച്ചെലവാണ് യുകെയെ ഇന്ത്യക്ക് പിന്നിലാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  

Follow Us:
Download App:
  • android
  • ios