Asianet News MalayalamAsianet News Malayalam

കേന്ദ്രനിബന്ധന കേരളം പാലിച്ചു, കൂടുതൽ പണം കടമെടുക്കാൻ അനുമതി; മൊറട്ടോറിയം ആവശ്യം തള്ളി സുപ്രീം കോടതി

ഇനി ജിഎസ്ടി നഷ്ടപരിഹാരം പൂർണ്ണമായും നൽകണം എന്ന ആവശ്യം ഉന്നയിക്കാനാണ് കേരളത്തിൻറെ തീരുമാനം. 

Kerala borrowing limits increased to five percentage
Author
New Delhi, First Published Jun 11, 2021, 9:26 PM IST

ദില്ലി: വായ്പ പരിധി അഞ്ച് ശതമാനമായി ഉയർത്താൻ കേന്ദ്രം അനുമതി നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും. കേന്ദ്ര നിബന്ധനകൾ പാലിച്ച സാഹചര്യത്തിലാണ് നാലിൽ നിന്ന് അഞ്ചായി പരിധി ഉയർത്താനായത്. കൊവിഡ് രണ്ടാം തരംഗത്തിൽ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ബാങ്ക് വായ്പകൾക്ക് വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. 

സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആഭ്യന്തര ഉൽപ്പാദനത്തിന്റെ അഞ്ച് ശതമാനമായി കടെമെടുക്കൽ പരിധി ഉയർത്താൻ കഴിഞ്ഞ വർഷമാണ് കേന്ദ്രം അനുമതി നല്കിയത്. മൂന്നിൽ നിന്ന് നാലായി എല്ലാ സംസ്ഥാനങ്ങൾക്കും പരിധി കൂട്ടി നൽകി. എന്നാൽ, നാലിൽ നിന്ന് അഞ്ചിലേക്ക് പരിധി ഉയർത്താൻ കേന്ദ്രം ചില ഉപാധികൾ വച്ചിരുന്നു. 

ഒറ്റ രാജ്യം ഒറ്റ റേഷൻ കാ‍ർഡിനുള്ള നടപടി, വ്യവസായസൗഹൃദ ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതി, നഗരവികസനത്തിന് നികുതി പരിഷ്ക്കാരം, വൈദ്യുതി സബ്സിഡി നേരിട്ട് അക്കൗണ്ടുകളിൽ നൽകുന്നതിലെ പുരോഗതി തുടങ്ങിയ ഉപാധികളാണ് വച്ചത്. ഇത് പാലിച്ച സാഹചര്യത്തിലാണ് കേരളത്തിന് പരിധി ഉയർത്താനായത്. രണ്ടു ശതമാനത്തിൻറെ വ്യത്യാസം വരുമ്പോൾ കൊവിഡ് പ്രതിസന്ധിക്കിടെ ആകെ 18,000 കോടിയിലധികം രൂപയാണ് ഇതുവഴി കേരളത്തിന് അധികം സമാഹരിക്കാനാകുന്നത്. 

ഇനി ജിഎസ്ടി നഷ്ടപരിഹാരം പൂർണ്ണമായും നൽകണം എന്ന ആവശ്യം ഉന്നയിക്കാനാണ് കേരളത്തിൻറെ തീരുമാനം. നാളെ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ അടുത്ത അഞ്ചു വർഷം കൂടി ജിഎസ്ടി നടപ്പാക്കിയതിനു ശേഷമുള്ള നഷ്ടം കേന്ദ്രം നൽകണമെന്ന ആവശ്യം ഉയരും. കഴിഞ്ഞ വർഷം ലോക്ക്ഡൗൺ കാലത്തെന്ന പോലെ ഇത്തവണയും ബാങ്ക് വായ്പയ്ക്ക്  മോറട്ടോറിയം പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി വന്നത്. എന്നാൽ, അത് സര്‍ക്കാരിന്‍റെ നയപരമായ തീരുമാനമാണ്. കോടതിക്ക് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കഴിഞ്ഞ വർഷം ആറുമാസത്തേക്കാണ് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ചത്. രണ്ടാം തരംഗത്തിൽ വീണ്ടും മോറട്ടോറിയം പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയിൽ അറിയിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios