കേരള ബജറ്റ് നാളെ: വരുമാനം കൂട്ടാനും വിഴിഞ്ഞത്തെ വളർത്താനും പദ്ധതികൾ? അവസാന ഒരുക്കത്തിൽ ധനകാര്യ വകുപ്പ്

സംസ്ഥാനത്തിൻ്റെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും

Kerala budget 2025 Finance minister expected announce projects to increase revenue

തിരുവനന്തപുരം: കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ നികുതിയേതര വരുമാന വര്‍ദ്ധനവിനുള്ള മാര്‍ഗ്ഗങ്ങളാകും നാളത്തെ സംസ്ഥാന ബജറ്റിന്‍റെ ഫോക്കസ്. തദ്ദേശ തെരഞ്ഞെടുപ്പിനും തൊട്ട് പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും മുൻപുള്ള അവസാന സന്പൂർണ ബജറ്റായതിനാൽ ജനപ്രിയ പ്രഖ്യാപനങ്ങളും കുറയാനിടയില്ല. പ്രഖ്യാപിത ഇടതു നയങ്ങളിൽനിന്ന് വഴിമാറിയുള്ള മാറ്റങ്ങൾ കൂടിയാണ് ഈ ബജറ്റിൽ പ്രതീക്ഷിക്കുന്നത്.

മൂന്ന് വര്‍ഷം കൊണ്ട് മുഴുവൻ പ്രവര്‍ത്തന സജ്ജമാകുന്ന വിഴിഞ്ഞം തുറമുഖം മുന്നിൽ കണ്ടാകും സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങൾ. വിഴിഞ്ഞം അനുബന്ധ വികസനത്തിന് വലുതും ചെറുതുമായ ഒട്ടേറെ പദ്ധതികൾ പരിഗണനയിലുണ്ട്. സാങ്കേതിക നൂലാമാലകൾ ഒഴിവാക്കി വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തിനുള്ള സാധ്യതളെല്ലാം തുറന്നിടുമെന്ന സൂചന ധനമന്ത്രി നൽകിയിരുന്നു. കിഫ്ബി റോഡിലെ ടോളിന് സമാനമായി പ്രഖ്യാപിത ഇടതു നയങ്ങളിൽ നിന്ന് എല്ലാം മാറി വരുമാന വര്‍ദ്ധനക്ക് നിര്‍ദ്ദേശങ്ങളുണ്ടാകും.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപത്തെ പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ സ്ഥാപങ്ങളിലെ തനതു വരുമാനം കൂട്ടുന്നതിനൊപ്പം പദ്ധതികൾക്ക് പണമെത്തിക്കാൻ വിവിധ സേവന നിരക്കുകളിലടക്കം പരിഷ്‌കാരങ്ങൾക്ക് സാധ്യതയുണ്ട്. ക്ഷേമ പെൻഷൻ കൂട്ടി നൽകുന്നത് മുതൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട ജനപ്രിയ നിര്‍ദ്ദേശങ്ങൾ എന്തൊക്കെയാകുമെന്നും ബജറ്റ് ഉറ്റുനോക്കുന്നു. പദ്ധതികളും പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇതിനെല്ലാം പണമെവിടെ നിന്നെ എന്ന ചോദ്യം പക്ഷെ ബാക്കിയാണ്
 

Latest Videos
Follow Us:
Download App:
  • android
  • ios