പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി എട്ടുമണിക്ക് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രഖ്യാപിച്ച പാക്കേജ്, അദ്ദേഹത്തിന്റെ ഭാഷയിൽ പറഞ്ഞാൽ 'ആത്മനിർഭർ അഭിയാൻ', ഇന്ത്യ ഇന്നോളം കണ്ട സാമ്പത്തിക ഉത്തേജന പാക്കേജുകളിൽ ഏറ്റവും ഭീമമായതാണ്. 20 ലക്ഷം കോടിയുടേതാണ് പാക്കേജ് എന്നാണ് മോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ജിഡിപിയുടെ പത്തു ശതമാനത്തിന് തുല്യമാണത്. പ്രസ്തുത പാക്കേജിന്റെ വിശദാംശങ്ങൾ ഇന്ന് നാലുമണിക്ക് നടക്കാനിരിക്കുന്ന നിർമല സീതാരാമന്റെ പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്താനിരിക്കുന്നത്. ജിഎസ്ടി നിരക്കിളവുകൾ, ചെറുകിട വ്യവസായങ്ങൾക്കുള്ള ഇളവുകൾ, കടാശ്വാസങ്ങൾ തുടങ്ങിയ പലതും ജനം പ്രതീക്ഷിക്കുന്നുണ്ട്. 

ഈ പാക്കേജിന്റെ ചില രസകരമായ താരതമ്യങ്ങളാണ് ഇനി. 

പാകിസ്ഥാന്റെ ജിഡിപിക്ക് തുല്യം : ഡോളറിൽ നോക്കിയാൽ ഈ പാക്കേജിന്റെ മൂല്യം 226 ബില്യൺ ഡോളറാണ്. അത് 149 രാജ്യങ്ങളുടെ ജിഡിപിയെക്കാൾ കൂടുതലാണ്. പാകിസ്ഥാന്റെ ജിഡിപിയായ 284 ബില്യൺ ഡോളറിന് ഏതാണ്ട് തുല്യമാണിത്. 

പത്ത് ശതകോടീശ്വരന്മാരുടെ ആസ്തിയുടെ ഇരട്ടി : ബ്ലൂംബെർഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിലുള്ള ഇന്ത്യക്കാരുടെ ആസ്തി ഏകദേശം 147 ബില്യൺ ഡോളർ വരും. പ്രധാനമന്ത്രി പ്രഖ്യാപിച്ച പാക്കേജ് അതിന്റെ 1.8 മടങ്ങു വരും. 

ബിഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആകെ മാർക്കറ്റ് വാല്യൂവിന്റെ 17 ശതമാനം: 121 ലക്ഷം കോടിയാണ് ബിഎസ്ഇ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആകെ വിപണി മൂല്യം. അതിന്റെ പതിനേഴു ശതമാനത്തോളം വരും മോദി പ്രഖ്യാപിച്ച പാക്കേജ്.

ഇന്ത്യയിൽ ലിസ്റ്റ് ചെയ്ത ഏറ്റവും വലിയ വ്യവസായ സ്ഥാപനത്തിന്റെ ആസ്തിയുടെ ഇരട്ടി : റിലയൻസ് ഇൻഡസ്ട്രീസ് ആണ് ഇന്ത്യയിൽ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിൽ ഏറ്റവും സമ്പന്നമായത്. ചൊവ്വാഴ്ചത്തെ ക്ളോസിങ് നിരക്കിൽ RIL ന്റെ വിപണി മൂല്യം ഏകദേശം 9,88,946 കോടി വരും. അതിന്റെ ഇരട്ടിയോളമുണ്ട്  പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ സാമ്പത്തിക ഉത്തേജന പാക്കേജ്.