ദില്ലി: നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് ധനനയ സമിതി വായ്‌പ നയം അവലോകനം ചെയ്തു . റിപ്പോ റിവേഴ്‌സ് റിപോ നിരക്കുകള് മാറ്റമില്ലാതെ തുടരും . നിലവിൽ 4 ശതമാനമാണ് റിപോ നിരക്ക് . ഇതോടെ ബാങ്ക് പലിശ നിരക്ക് താത്ക്കാലത്തേക്കു കുറയില്ല .

നടപ്പ് സാമ്പത്തിക വർഷം ജിഡിപി നിരക്ക് മൈനസ് 7.5 ശതമാനമായിരിക്കും എന്നാണ് റിസർവ് ബാങ്കിന്റെ വിലയിരുത്തൽ . നേരത്തെ മൈനസ് 9.5 ആയിരിക്കും ജിഡിപി എന്നായിരുന്നു  റിസർവ് ബാങ്കിന്റെ വിലയിരുത്തൽ . കൊവിഡ്  ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രാജ്യം പതുക്കെ പുറത്തു എന്നാണ് റിസർവ് ബാങ്ക് പുറത്തു വിട്ട കണക്കുകൾ സൂചിപ്പിക്കുന്നത് .

ഈ വർഷത്തെ അവസാന പാദത്തോടെ നെഗറ്റീവ് വളർച്ചാ നിരക്ക് മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രകടിപ്പിച്ചു . കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിൽ നിന്നും സമ്പദ് മേഖല പതുക്കെ പുറത്തു വരുന്നു എന്ന റിസർവ് ബാങ്ക് വിലയിരുത്തലിനെ തുടർന്ന് ഓഹരി വിപണിയിലും മുന്നേറ്റം ഉണ്ടായി . സെൻസെക്സ് 300 പോയിന്റ്‌ ഉയർന്ന് 45000 ന് മുകളിലെത്തി . ഇത് ആദ്യമായാണ് സെൻസെക്സ് ഇത്രയും ഉയരത്തിൽ എത്തുന്നത് . കഴിഞ്ഞ ദിവസവും  വിപണി റിക്കാർഡ് ക്ലോസിങ്  രേഖപ്പെടുത്തിയിരുന്നു