Asianet News MalayalamAsianet News Malayalam

ജി 20 രാജ്യങ്ങൾക്കിടയിൽ ഏറ്റവും മികച്ച ജിഡിപി വളർച്ച ഇന്ത്യ നേടും, ആ​ഗോള വളർച്ചാ നിരക്ക് പ്രവചിച്ച് ഒഇസിഡി

ഡിസംബർ ആദ്യം പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വർഷം ആഗോള വളർച്ച 4.2 ശതമാനവും അടുത്ത വർഷം 3.7 ശതമാനവുമായിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്.

OECD growth forecast report
Author
Paris, First Published Mar 9, 2021, 7:34 PM IST

പാരീസ്: രാജ്യങ്ങൾ കൊവിഡ്-19 വാക്സിൻ വിതരണം വേഗത്തിലാക്കുകയും അമേരിക്ക പുതിയ ഉത്തേജക പാക്കേജിലേക്ക് കടക്കുകയും ചെയ്തതിനാൽ ആഗോള സാമ്പത്തിക കാഴ്ചപ്പാട് മികച്ച നിലയിലേക്ക് എത്തിയതായി ഒഇസിഡി (ഓർ​ഗനൈസേഷൻ ഫോർ ഇക്കണോമിക് കോ- ഓപ്പറേഷൻ ആൻഡ് ഡെവലപ്പ്മെന്റ്) വ്യക്തമാക്കി.

ലോക സമ്പദ് വ്യവസ്ഥ ഈ വർഷം 5.6 ശതമാനം വളർച്ചയോടെ തിരിച്ചുവരവ് പ്രകടിപ്പിക്കും. അടുത്ത വർഷം 4.0 ശതമാനം വികസിക്കുമെന്നും ഒഇസിഡി പ്രവചിക്കുന്നു. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ -ഓപ്പറേഷൻ ആന്റ് ഡവലപ്മെന്റിന്റെ ഇടക്കാല ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ടിലാണ് ഈ വിവരങ്ങളുളളത്.

ഡിസംബർ ആദ്യം പുറത്തുവിട്ട റിപ്പോർട്ടിൽ ഈ വർഷം ആഗോള വളർച്ച 4.2 ശതമാനവും അടുത്ത വർഷം 3.7 ശതമാനവുമായിരിക്കും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാൽ, പുതിയ റിപ്പോർട്ടിൽ പാരീസ് ആസ്ഥാനമായ ഏജൻസി പ്രതീക്ഷിത വളർച്ചാ നിരക്ക് ഉയർത്തിയതായി കാണാം. വിവിധ രാജ്യങ്ങൾ വാക്സിൻ വിതരണം വേ​ഗത്തിലാക്കിയതും നിയന്ത്രണങ്ങൾ നീക്കിയതുമാണ് പ്രതീക്ഷിത വളർച്ചാ നിരക്ക് ഉയരാൻ കാരണം.

ജി 20 രാജ്യങ്ങൾക്കിടയിൽ ഏറ്റവും മികച്ച വളർച്ചാ നിരക്ക് പ്രകടമാക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്നാണ് ഏജൻസി പ്രവചിക്കുന്നത്. 2022 സാമ്പത്തിക വർഷം ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 12.6 ശതമാനമായിരിക്കുമെന്നാണ് കണക്കാക്കുന്നത്.  മുൻ സാമ്പത്തിക വർഷത്തിലെ 7.4 ശതമാനം സങ്കോചത്തിൽ നിന്നുളള മികച്ച മുന്നേറ്റം ഇന്ത്യ നടത്തുമെന്നും ഒഇസിഡി പറയുന്നു     

രാജ്യങ്ങൾക്കിടയിൽ വലിയ വ്യത്യാസങ്ങളുണ്ടെങ്കിലും ആഗോള മൊത്ത ആഭ്യന്തര ഉത്പാദനം ഈ വർഷം പകുതിയോടെ പകർച്ചവ്യാധിക്ക് മുമ്പുളള തലത്തിലേക്ക് മടങ്ങിവരും. പാക്കേജ് പ്രകാരമുളള ധനകാര്യ ഉത്തേജനം അമേരിക്കയിലെ പ്രധാന വ്യാപാര പങ്കാളികൾക്ക് ഒരു അനുഗ്രഹമായിരിക്കും, കാനഡയിലും മെക്സിക്കോയിലും 0.5-1 ശതമാനം വളർച്ചയും യൂറോ മേഖലയിലും ചൈനയിലും 0.25-0.5 നും ഇടയിൽ വളർച്ചാ നിരക്ക് ഉയർത്തുമെന്നും ഒഇസിഡി അറിയിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios