ഏറെനാൾ നീണ്ട ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കുമൊടുവിൽ ഒപെക് പ്ലസ് എണ്ണയുത്പാദക രാജ്യങ്ങളുടെ ഇരുപത്തിനാലംഗ സൂപ്പർ കാർട്ടൽ, ഏപ്രിൽ ഒമ്പതാം തീയതി, അന്താരാഷ്ട്ര തലത്തിലെ എണ്ണയുത്പാദനം പ്രതിദിനം 10 ബില്യൺ ബാരൽ വെച്ച് കുറയ്ക്കാനുള്ള ഐതിഹാസികമായ തീരുമാനത്തിൽ എത്തിച്ചേർന്നു. മെക്സിക്കോ ഒഴികെയുള്ള ലോകത്തിലെ സകല എണ്ണയുത്പാദക രാജ്യങ്ങളും ഇപ്പോൾ നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന വെട്ടിക്കുറയ്ക്കലിന് തത്വത്തിൽ തയ്യാറായിട്ടുണ്ട്. 

മെയ് മാസം മുതൽ പുതിയ തീരുമാനം നടപ്പിൽ വരാൻ പോവുകയാണ്. ഇങ്ങനെയൊരു ഒത്തുതീർപ്പിൽ എത്തിയിരുന്നില്ലെങ്കിൽ എണ്ണവില താമസിയാതെ 20 ഡോളറിലും താഴേക്ക് കൂപ്പുകുത്തിയേനെ. അങ്ങനെ സാഹചര്യത്തിലാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്ന് കരാർ സാധ്യയമായത്.

മാർച്ച് മുഴുവൻ നടന്നുവന്ന 'റഷ്യ -സൗദി എണ്ണയുദ്ധം' ക്രൂഡ് നിരക്ക് പതിനെട്ടു വർഷത്തിനിടെ ലോകം കണ്ട ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തി. മാർച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക് ബാരലിന് 23 ഡോളർ ആയിരുന്നു. 2008 -ൽ ക്രൂഡോയിൽ നിരക്ക് സർവകാല റെക്കോർഡായ 147 ഡോളർ തൊട്ടിരുന്നതാണ് എന്നോർക്കണം.

ഒപെക് അംഗങ്ങളായ പതിനാല് എണ്ണയുത്പാദക രാജ്യങ്ങളും, റഷ്യയടക്കമുള്ള മറ്റു പത്ത് രാജ്യങ്ങളും ചേർന്നതാണ് ഒപെക് പ്ലസ് കൂട്ടായ്മ. അതിന്റെ അടിയന്തര യോഗമാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ നേതൃത്വത്തിൽ വെബിനാറിലൂടെ നടന്നത്. ഇങ്ങനെയൊരു എണ്ണയുത്പാദന യുദ്ധം പൊട്ടിപ്പുറപ്പെടാൻ തന്നെ കാരണം, പരമ്പരാഗത പെട്രോളിയം ഉത്പാദകരാജ്യങ്ങൾ അമേരിക്കയിലെ ഷെയിൽ ഗ്യാസ് ഇൻഡസ്ട്രിയിൽ നിന്ന് നേരിടുന്ന മത്സരമാണ്. ഒപെകിന് അമേരിക്കയിലെ ഷെയിൽ ഗ്യാസ്, ഓയിൽ ഉത്പാദന വില്പനകളുടെ കാര്യത്തിൽ ഒരു നിയന്ത്രണവുമില്ല. അമേരിക്കയിലെ ഷെയിൽ ഗ്യാസ് ഇൻഡസ്ട്രിയുടെ ഉത്പാദനം പലപ്പോഴും മറ്റുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെമേൽ കനത്ത ആഘാതങ്ങൾ ഏൽപ്പിക്കുന്ന തരത്തിലുമാണ് മുന്നോട്ട് പോകുന്നത്.  വ്ലാദിമിർ പുട്ടിന് വാശികയറിയാൽ !

അമേരിക്കൻ ഷെയിൽ ഗ്യാസ് വ്യവസായത്തിനെതിരായി സത്യത്തിൽ വ്ലാദിമിർ പുട്ടിന്റെ റഷ്യൻ ഗവൺമെന്റാണ് ക്രൂഡ് വാർ തുടങ്ങിയത്. അതിനായി സൗദിയുമായുള്ള കൂട്ടുവെട്ടാനും റഷ്യ തയ്യാറായി. മാർച്ച് അഞ്ചാം തീയതി വിയന്നയിൽ ചേർന്ന ഒപെക് പ്ലസിന്റെ സമ്മേളനത്തിൽ സൗദിയുമായി എത്തിച്ചേർന്ന ധാരണയെ അട്ടിമറിച്ചുകൊണ്ടാണ് റഷ്യ എണ്ണ ഉത്പാദനം കുറയ്ക്കാൻ വിസമ്മതിച്ചത്. തങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് അമേരിക്കയിലെ ഷെയിൽ ഗ്യാസ് ഇൻഡസ്ട്രിക്ക് ഗുണകരമാകും എന്ന ആശങ്കയാണ് പുടിനെക്കൊണ്ട് കൈവിട്ട തീരുമാനമെടുപ്പിക്കാൻ പ്രേരിപ്പിച്ചത്.

ധാരണ തെറ്റിച്ച് പുടിൻ ഉത്പാദനം തുടർന്നതോടെ സൗദിക്കും വാശിയേറി. റഷ്യയെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ച് സൗദിയും രാജ്യത്തെ ഉത്പാദനം വർധിപ്പിച്ചു. അതോടെ ക്രൂഡ് ഓയിലിന്റെ വിപണി വില കുത്തനെ ഇടിഞ്ഞു താണു. ക്രൂഡോയിലിന്റെ വിലയിടിവ് റഷ്യൻ വിപണിയിൽ കാര്യമായ ചാഞ്ചാട്ടങ്ങളുണ്ടാക്കി. റൂബിളിന്റെ വിനിമയ മൂല്യം അത് ഇരുപതുശതമാനത്തോളം ഇടിച്ചു. ഒരു അമേരിക്കൻ ഡോളറിന് 80 റൂബിൾ എന്ന നിലയ്ക്ക് മൂല്യം കുറഞ്ഞു. 150 ബില്യൺ ഡോളറിന്റെ നാഷണൽ വെൽഫെയർ ഫണ്ടും, 551 ബില്യൺ ഡോളറിന്റെ കറൻസി റിസർവുകളും ഒക്കെയായി റഷ്യ സധൈര്യം മത്സരം തുടർന്നു.

റഷ്യ ഇത് സ്വന്തം സമ്പദ്‍വ്യവസ്ഥയെ കുരുതികൊടുത്തും കളിച്ചു തീർക്കാൻ തന്നെ ഒരുമ്പെട്ട് ഇരിക്കുകയായിരുന്നു. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഈ വർഷം എണ്ണവിലവെച്ച് ഒരു കളിക്കും അമേരിക്ക മുതിരില്ലെന്നുറപ്പായിരുന്നു. അതുകൊണ്ടുതന്നെ ഏത് നിമിഷവും ട്രംപിന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടൽ പ്രതീക്ഷിച്ചു തന്നെയാണ് വിപണി ഇരുന്നത്. ഒടുവിൽ ഏപ്രിൽ ഒമ്പതാം തീയതി അതുണ്ടായി. റഷ്യക്ക് ബാരലിന് 25 ഡോളർ ആയാലും പിടിച്ചു നിൽക്കാനാകും. എന്നാൽ പൂർണമായും എണ്ണ വിൽപ്പനയിലെ ലാഭത്തിൽ മാത്രം ആശ്രയിച്ച് സമ്പദ്‍വ്യവസ്ഥയെ മുന്നോട്ട് ചലിപ്പിക്കുന്ന സൗദിക്ക് അങ്ങനെയല്ല, ചുരുങ്ങിയത്  $85-$91 എങ്കിലും വേണം. എങ്കിലെ പിടിച്ചു നിൽക്കാനാകൂ...! അതുകൊണ്ടുതന്നെ ബ്രെന്റ് ക്രൂഡിന്റെ വില 34 ഡോളറിലേക്ക് കൂപ്പുകുത്തിയത് അമേരിക്കയെപ്പോലെതന്നെ സൗദിയെയും ഒരു ഒത്തുതീർപ്പിലേക്കെത്താൻ പ്രേരിപ്പിച്ചു എന്നുവേണം കരുതാൻ.വിപണി സ്മാർട്ടാകാൻ കൊറോണ പോകണം 

എന്തായാലും കാര്യങ്ങളൊക്കെ ട്രംപ് ഇടപെട്ട് ഒത്തുതീർപ്പാക്കിയിരിക്കുകയാണ്. പുതിയ കരാർ പ്രകാരം പ്രതിദിനം പത്തു ബില്യൺ ബാരൽ വീതം ഉത്പാദനം കുറയും. കൊവിഡ് 19 കാരണം പല രാജ്യങ്ങളും ലോക്ക് ടൗണിലേക്ക് പോയതും, അന്താരാഷ്ട്ര -ആഭ്യന്തര വിമാന സർവീസുകൾ നിർത്തിവെച്ചതും ഒക്കെ  വിപണിയിലെ എണ്ണയുടെ ആവശ്യം വല്ലാതെ കുറച്ചിട്ടുണ്ട്.  അതുകൊണ്ടുതന്നെ ഇങ്ങനെ ഉത്പാദനം കുറച്ചു എന്നുവരികിലും, എണ്ണവില സന്തുലിതാവസ്ഥ പ്രാപിക്കുക അത്രയെളുപ്പം നടക്കില്ല. അതിന്, കൊറോണാ ഭീതി അകന്ന് എല്ലാ വ്യവസായങ്ങളും പതിവ് ഉന്മേഷത്തിലേക്ക് ഉണർന്നു പ്രവർത്തിച്ച്, എണ്ണ ഉപഭോഗം പഴയപടി ആവേണ്ടതുണ്ട്. എങ്കിൽ മാത്രമേ എണ്ണ വില്പന കൊണ്ട് ഒപെക് പ്ലസ് രാജ്യങ്ങൾക്ക് ഗുണമുണ്ടാവുന്ന രീതിയിലേക്ക് വിപണി തിരിച്ചെത്തുകയുള്ളൂ.