കൊറോണ വൈറസ് പകർച്ചവ്യാധി മൂലമുണ്ടായ വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സമ്പദ് വ്യവസ്ഥയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുളള കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് പാക്കേജിന് കീഴിലെ മൂന്നാം ഘട്ട നടപടികൾ പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് 3.0 യിൽ തൊഴിലവസര സൃഷ്ടി, റിയൽ എസ്റ്റേറ്റ്- ഇൻഫ്രാസ്ട്രക്ചർ മേഖലകളിലെ ഉണർവ് എന്നിവ ലക്ഷ്യമിട്ടുളള നടപടികൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്.

ആത്മനിർഭർ ഭാരത് 3.0 പ്രഖ്യാപനങ്ങളിൽ, സർക്കാരിന് 2,65,080 കോടി രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. കൊവിഡ്-19 നെതിരായ പോരാട്ടത്തിൽ സമ്പദ് വ്യവസ്ഥയ്ക്ക് നൽകിയ മൊത്തം ധന-ധനസഹായ പാക്കേജിന്റെ മൂല്യം ഇതോ‌ടെ 29,87,641 കോടി രൂപയായി. ഇത് രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) ഏകദേശം 15 ശതമാനത്തിന് തുല്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

ഇതുവരെയുള്ള മൊത്തം ഉത്തേജനത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിഹിതം 12,71,200 കോടിയാണ്. 1.0, 2.0 എന്നീ ആത്മനിർഭർ ഭാരത് പാക്കേജുകൾ യഥാക്രമം 1,102,650 കോടി, 73,000 കോടിയുടേതായിരുന്നു. 

റിയൽറ്റി ഡവലപ്പർമാർക്കും കരാറുകാർക്കും അധിക ധനസഹായം, രാസവളങ്ങൾക്കുള്ള സബ്സിഡി, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള പ്രോത്സാഹനങ്ങൾ, ഗ്രാമീണ ജോലികൾക്കായുളള അധിക ചെലവാക്കൽ എന്നിവ ആത്മനിർഭർ ഭാരത് 3.0 ഉത്തേജക നടപടികളിൽ ഉൾപ്പെടുന്നു.

"സമ്പദ് വ്യവസ്ഥയിൽ വീണ്ടെടുക്കൽ വ്യക്തമായി നടക്കുന്നുവെന്ന് നിരവധി സൂചകങ്ങൾ കാണിക്കുന്നു... സർക്കാർ ആസൂത്രിതമായി കൊണ്ടുവന്ന നിരന്തരമായ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിലാണ് ശക്തമായ വീണ്ടെടുക്കൽ, ”ധനമന്ത്രി മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിന് കൂടുതൽ ഉത്തേജക നടപടികൾ ആവശ്യപ്പെടുന്ന സമയത്താണ് ഏറ്റവും പുതിയ പാക്കേജ് വരുന്നത്, നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ വാർഷിക സങ്കോചത്തിലേക്ക് രാജ്യത്തെ ഇപ്പോഴത്തെ പ്രതിസന്ധി നയിക്കുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ആവശ്യകത വർദ്ധിപ്പിക്കുന്നതിനും കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ധനമന്ത്രി പറഞ്ഞു. കൂടുതൽ ഉത്തേജക നടപടികൾ പ്രഖ്യാപിക്കുമെന്ന സൂചനയും ധനമന്ത്രി നൽകി.