Asianet News MalayalamAsianet News Malayalam

പെട്രോളിയത്തിന് ജിഎസ്ടി: കൗൺസിൽ ശുപാർശ നൽകിയിട്ടില്ല, പുതിയ സെസ് ഏർപ്പെ‌ടുത്തില്ലെന്നും അനുരാഗ് താക്കൂര്‍

ജിഎസ്ടിക്ക് കീഴിൽ പെട്രോളിയം ഇന്ധനങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ എടുക്കേണ്ടതുണ്ടെന്ന് നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

petroleum gst minister of state for finance Anurag Thakur in Rajya Sabha response
Author
New Delhi, First Published Mar 9, 2021, 8:29 PM IST

ദില്ലി: പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് പുതിയതായി ഒരു സെസ്സും ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് പദ്ധതിയില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ വ്യക്തമാക്കി. നിലവില്‍ രാജ്യത്തെ പെട്രോളിനും ഡീസലിനും മുകളില്‍ റോഡ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെസ്സ്, അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെസ്സ് എന്നിവ ചുമത്തുന്നുണ്ട്. 

കേന്ദ്ര സര്‍ക്കാരിന്റെ അടിസ്ഥാന എക്‌സൈസ് തീരുവ, സ്‌പെഷ്യല്‍ അഡീഷണല്‍ എക്‌സൈസ് തീരുവ എന്നിവയ്ക്ക് പുറമേയാണ് ഇത് ഇടാക്കുന്നത്. 2021 ലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പെട്രോളിനും ഡീസലിനും യഥാക്രമം ലിറ്റർ 2.5 രൂപയും, ലിറ്ററിന് നാല് രൂപയും കാർഷിക സെസ്സ് പ്രഖ്യാപിച്ചിരുന്നു. ഈ പുതിയ സെസ് ഏർപ്പെടുത്തിയതിനെ തുടർന്ന്, അടിസ്ഥാന എക്സൈസ് തീരുവ (ബിഇഡി) പ്രത്യേക അധിക എക്സൈസ് തീരുവ (എസ്ഇഡി) എന്നിവയിൽ കുറവ് വരുത്തിയിരുന്നു.

“സിജിഎസ്ടി നിയമത്തിലെ സെക്ഷൻ 9 (2) അനുസരിച്ച് ജിഎസ്ടിയിൽ ഈ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്താൻ ജിഎസ്ടി കൗൺസിലിന്റെ ശുപാർശ ആവശ്യമാണ്. ജിഎസ്ടിക്ക് കീഴിൽ പെട്രോളും ഡീസലും ഉൾപ്പെടുത്തുന്നതിന് ഇതുവരെ ജിഎസ്ടി കൗൺസിൽ ഒരു ശുപാർശയും നൽകിയിട്ടില്ല, " ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിയിൽ പെട്രോളിയം ഉൽപന്നങ്ങളെ കൊണ്ടുവരാൻ സർക്കാരിന് എന്തെങ്കിലും പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് അനുരാഗ് താക്കൂർ പറഞ്ഞു, 

ജിഎസ്ടിക്ക് കീഴിൽ പെട്രോളിയം ഇന്ധനങ്ങൾ കൊണ്ടുവരാനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ എടുക്കേണ്ടതുണ്ടെന്ന് നിർമല സീതാരാമൻ നേരത്തെ വ്യക്തമാക്കിയിരുന്നു. 

ഫെബ്രുവരിയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തി. എന്നാൽ, മാർച്ചിൽ ഇന്ധന വിലയിൽ ഒരു പരിഷ്കരണവും ഉണ്ടായിട്ടില്ല. ചൊവ്വാഴ്ച തുടർച്ചയായ പത്താം ദിവസവും നാല് മെട്രോ നഗരങ്ങളിൽ നിരക്ക് മാറ്റമില്ലാതെ തുടർന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫെബ്രുവരി 27 ന് അവസാനമായി പെട്രോൾ നിരക്ക് ദില്ലിയിൽ എക്കാലത്തെയും ഉയർന്ന നിരക്കായ 91.17 രൂപയിലേക്ക് കൂട്ടി. ഡീസൽ നിരക്ക് 81.47 രൂപയാണ്. 

Follow Us:
Download App:
  • android
  • ios