ആരോഗ്യം, സ്വകാര്യത, ഹൈപ്പർ-ലോക്കലൈസേഷൻ എന്നിവ മൂലം ഇന്ത്യൻ ഉപഭോക്താക്കളുടെ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റം ഉണ്ടാകുന്നതായി ഇവൈ (ഏർണസ്റ്റ് ആൻഡ് യങ്). പ്രൊഫഷണൽ സേവന സ്ഥാപനമായ ഇ വൈയുടെ ഏറ്റവും പുതിയ പഠനമനുസരിച്ച് 94.5% ഇന്ത്യക്കാർ വർക്ക് ഫ്രം ഹോം (WFH) സംവിധാനത്തിലേക്ക് മാറി. പകർച്ചവ്യാധി മൂലമുളള പ്രതിസന്ധി മാറിയ ശേഷവും വർക്ക് ഫ്രം ഹോം സംവിധാനത്തിൽ തുടരാനാണ് 55 ശതമാനം തൊഴിൽ ചെയ്യുന്നവരും ആ​ഗ്രഹിക്കുന്നതെന്നും ഇ വൈ പഠനം വ്യക്തമാക്കുന്നു. 

കൊവിഡിനെ തുടർന്ന് 80% വിദ്യാർത്ഥികളും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറി, 46% പേർ കൊവിഡിന് ശേഷമുളള ലോകക്രമത്തിലും ഓൺലൈൻ പഠനവുമായി മുന്നോട്ട് പോകാൻ തയ്യാറാണെന്ന് അഭിപ്രായപ്പെട്ടു.

മെയ് മാസത്തിൽ നഗരത്തിലെയും മുതിർന്നവരായും ഉളള 2,033 ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് 'ലൈഫ് ഇൻ എ പാൻഡെമിക്'എന്ന സർവേ സംഘടിപ്പിച്ചത്. പ്രതികരിച്ചവരിൽ 30% സ്ത്രീകളും 70% ഐടി പ്രൊഫഷണലുകളും 80% വരെ 24-40 വയസ്സിനിടയിലുള്ളവരുമാണ്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം

ഡിജിറ്റൽ ആപ്ലിക്കേഷനുകൾ വ്യാപകമായി സ്വീകരിക്കപ്പെട്ടതോടെ സാമൂഹിക ഇടപെടലുകൾ വലിയ മാറ്റത്തിന് വിധേയമായി. 78% വ്യക്തികൾ വീഡിയോ കോൺഫറൻസിംഗ് പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് സുഹൃത്തുക്കളുമായും കുടുംബവുമായും ബന്ധം നിലനിർത്തുന്നു. പകർച്ചവ്യാധി സമയത്ത് സ്വീകരിച്ച പുതിയ പെരുമാറ്റ ശീലങ്ങളുടെ ഫലമായി ഉപയോക്താക്കൾ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ നല്ല മാറ്റങ്ങൾ അനുഭവിക്കുന്നുണ്ടെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. കുടുംബത്തോടൊപ്പമുളള സമയം വർദ്ധിക്കുന്നത് തങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തിയെന്ന് 65% പേർ അഭിപ്രായപ്പെട്ടു. സർവേയിൽ പങ്കെടുത്ത 80% പേർ ആരോഗ്യകരമായതും വീട്ടിൽ തന്നെ പാകം ചെയ്യുന്നതുമായ ഭക്ഷണം കഴിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡിനെ തുടർന്നുളള ഭാവിയെ മൂടുന്ന അനിശ്ചിതത്വങ്ങൾ ഭൂരിപക്ഷം പേരിലും അമ്പരപ്പുണ്ടാക്കി. ജനസംഖ്യയുടെ 70% ഭയത്തോടും ഉത്കണ്ഠയോടും കൂടി തുടരുന്നു. മാനസിക ക്ഷേമം ഒരു പ്രധാന മുൻഗണനയായി മാറിയതോടെ, ഓൺലൈൻ ഫിറ്റ്നസ്, ആരോഗ്യ പരിപാടികൾ എന്നിവയുടെ ഉപഭോഗത്തിൽ കുത്തനെ വർധനയുണ്ടായി. ഓൺലൈൻ ഡോക്ടർ കൺസൾട്ടേഷനുകൾക്കും ആക്കം കൂട്ടി, സർവേയൊട് പ്രതികരിച്ച 32% പേരും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്തി. ജനസംഖ്യയുടെ 80% പേർ അവരുടെ ഭക്ഷണരീതി മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 56% വീട്ടുജോലികളിലും 32% ഹോം വർക്ക് ഔട്ടുകളിലും പങ്കെടുക്കുന്നു.

വ്യക്തികൾ ബന്ധം നിലനിർത്താൻ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ, 55% ആളുകളും ലോക്ക്ഡൗൺ പാലിക്കാൻ പരസ്പരം പ്രോത്സാഹിപ്പിച്ചു. അഞ്ചിലൊന്ന് അയൽക്കാരുമായി കൂടുതൽ ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന പ്രാദേശിക കമ്മ്യൂണിറ്റികൾ വീണ്ടും ശ്രദ്ധയിൽപ്പെട്ടു.

വലിയ ചെലവാക്കലുകൾ ഉപയോക്താക്കൾ മാറ്റിവയ്ക്കുന്നു. ഓട്ടോമൊബൈൽ, യാത്ര, ഉപഭോക്തൃ ഡ്യൂറബിൾസ് തുടങ്ങിയ വിഭാഗങ്ങളിലുടനീളം വലിയ ചെലവാക്കലുക‌ൾ കുറയ്ക്കുമെന്ന് 43 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. 29% പേർ ഇവന്റുകൾ, ഫംഗ്ഷനുകൾ മുതലായവ റദ്ദാക്കുന്നത് പരിഗണിക്കുന്നു, പകുതിയിലധികം പേരും എല്ലാ അവശ്യമല്ലാത്തവയ്ക്കും ചെലവ് കുറയ്ക്കാൻ ആഗ്രഹിക്കുന്നു. വീട്, ഫർണിച്ചർ, ഹോം എർണോണോമിക്സ്, കണക്റ്റിവിറ്റി എന്നിവയ്ക്കായി കൂടുതൽ ചെലവാക്കൽ ഇക്കാലത്ത് ഉണ്ടാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 'ലൈഫ് ഇൻ എ പാൻഡെമിക്'എന്ന സർവേ പ്രമുഖ ദേശീയ മാധ്യമമായ ലൈവ് മിന്റാണ് റിപ്പോർട്ട് ചെയ്തത്. 

സുരക്ഷയെക്കുറിച്ചുളള ആശങ്ക വലുത് 

ഉപയോക്താക്കൾ അവരുടെ ഓൺലൈൻ സുരക്ഷയെക്കുറിച്ച് വളരെയധികം ആശങ്കാകുലരാണ്, 79% പ്രതികരിക്കുന്നവർ അജ്ഞാത വെബ് സൈറ്റുകളും സേവനങ്ങളും സന്ദർശിക്കുന്നത് ഒഴിവാക്കുന്നുവെന്ന് പറയുന്നു. അവരുടെ ഐഡന്റിറ്റി പരിരക്ഷിക്കുന്നതിന്, അവർ വ്യക്തിഗത ഡാറ്റ പങ്കിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്യുന്നു.

പകർച്ചവ്യാധിക്ക് ശേഷമുളള അവസ്ഥയിൽ പോലും, ജനസംഖ്യയുടെ വലിയൊരു ഭാഗം മാളുകളിലെ ഷോപ്പിംഗ്, യാത്ര, വീടിന് പുറത്തെ ഭക്ഷണം കഴിക്കൽ, തിയേറ്ററിലേക്ക് പോകുക തുടങ്ങിയ മിക്ക പ്രവർത്തനങ്ങളിലും ജാഗ്രത പാലിക്കുന്നത് തുടരുമെന്ന് പഠനം കണ്ടെത്തി.

പരമ്പരാഗതമായി ഓഫ് ലൈൻ വിഭാഗങ്ങളിൽ നിന്ന് ഓൺലൈനിലേക്കുള്ള ഉപഭോക്താക്കളുടെ മാറ്റം വ്യക്തമാണ്. പകർച്ചവ്യാധിയിൽ നിന്ന് സ്വയം രക്ഷനേടാനായി ഉപയോക്താക്കൾ വീട്ടിൽ തന്നെ തങ്ങുന്നു, ”ഇ വൈ ഇന്ത്യയുടെ കസ്റ്റമർ എക്സ്പീരിയൻസ് ആൻഡ് ഡിസൈൻ തിങ്കിങ് പാർട്നറായ ശശാങ്ക് ഷ്വെറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ മാറ്റങ്ങളുടെ സ്പന്ദനം പിടിച്ചെടുക്കാനും അവയ്ക്ക് ആവശ്യമായി സമയബന്ധിതമായ മാറ്റങ്ങൾ ഉറപ്പുവരുത്താനും ഡിജിറ്റൽ സൗകര്യങ്ങൾ ഉൾച്ചേർക്കാനും പരിശ്രമിച്ച ബ്രാൻഡുകൾ ഈ അഭൂതപൂർവമായ സാഹചര്യങ്ങളിൽ അഭിവൃദ്ധി പ്രാപിക്കുമെന്നും പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു.