Asianet News MalayalamAsianet News Malayalam

മോദിയുടെ കൊവിഡ് നയത്തെ വിമർശിച്ച് രഘുറാം രാജന്‍; രണ്ടാം തരം​ഗത്തിന് കാരണം നേതൃത്വത്തിന്‍റെ പോരായ്മ

അണുബാധയുടെ ആദ്യ തരംഗത്തിനെതിരായ ഇന്ത്യയുടെ ആപേക്ഷിക വിജയം സ്വന്തം ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ തയ്യാറാക്കാനുളള വേഗത കുറയാൻ കാരണമായതായും അദ്ദേഹം പറഞ്ഞു. 

Raghuram Rajan opinion about covid-19 crisis in india
Author
New Delhi, First Published May 5, 2021, 3:53 PM IST

ദില്ലി: രാജ്യത്തെ കൊവിഡ്-19 പകർച്ചവ്യാധിയുടെ രണ്ടാം തരം​ഗത്തിന് കാരണം രാജ്യം ഭരിക്കുന്നവരുടെ ദീര്‍ഘവീക്ഷണമില്ലായ്മയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനുമായ രഘുറാം രാജന്‍. നേതൃത്വത്തിന്‍റെ പോരായ്മയും ഉള്‍ക്കാഴ്ച്ചയില്ലാത്തതിന്‍റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ കൂടുതല്‍ ബോധവാനായിരുന്നെങ്കില്‍, നിങ്ങള്‍ കൂടുതല്‍ കരുതലോടെയുള്ള ആളായിരുന്നെങ്കില്‍ നിങ്ങള്‍ക്ക് തിരിച്ചറിയായമായിരുന്നു, കാര്യങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് രഘുറാം രാജന്‍ കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി.

രഘുറാം രാജനുമായി കാത്‍ലീൻ ഹെയ്സ് നടത്തിയ ബ്ലൂംബെർഗ് ടെലിവിഷൻ അഭിമുഖത്തിലായിരുന്നു സർക്കാരിനെതിരെയുളള രൂക്ഷ വിമർശനം. “ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ, ബ്രസീലിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുന്ന ഏതൊരാൾക്കും വൈറസ് തിരിച്ചെത്തുന്നുവെന്നും കൂടുതൽ വൈറസ് വകഭേദങ്ങൾ ഉണ്ടെന്നും തിരിച്ചറിഞ്ഞിരിക്കണം.” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.

ലോകത്തിലെ ഏറ്റവും മോശമായ കൊവിഡ് -19 സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. ഞായറാഴ്ച റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങൾ റെക്കോർഡ് ഉയരത്തിലായിരുന്നു. പുതിയ കേസുകൾ പ്രതിദിനം 350,000 ന് മുകളിലാണിപ്പോൾ. വ്യാപനം തടയുന്നതിന് കർശനമായ ലോക്ക്ഡൗൺ നിയന്ത്രണളിലേക്ക് നീങ്ങാൻ സർക്കാരിൽ സമ്മർദ്ദം വർധിക്കാൻ ഈ അപകടകരമായ സാഹചര്യം ഇടയാക്കിയിട്ടുണ്ട്, കഴിഞ്ഞ വർഷം സാമ്പത്തിക രം​ഗത്തുണ്ടായ തകർച്ചയാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലേക്ക് പോകാതെ വ്യാപനം തടയാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. 

സർക്കാർ ഇപ്പോൾ എമൻജൻസി മോഡിൽ ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും മുൻ അന്താരാഷ്ട്ര നാണയ നിധി ചീഫ് ഇക്കണോമിസ്റ്റും നിലവിൽ ചിക്കാഗോ സർവകലാശാലയിലെ ധനകാര്യ പ്രൊഫസറുമായ രാജൻ പറയുന്നു. അണുബാധയുടെ ആദ്യ തരംഗത്തിനെതിരായ ഇന്ത്യയുടെ ആപേക്ഷിക വിജയം സ്വന്തം ജനസംഖ്യയ്ക്ക് ആവശ്യമായ വാക്സിനുകൾ തയ്യാറാക്കാനുളള വേഗത കുറയാൻ കാരണമായതായും അദ്ദേഹം പറഞ്ഞു. 

റിസർവ് ബാങ്കിനെ നയിക്കാൻ 2013 ൽ മുൻ സർക്കാർ നിയോഗിച്ച രാജൻ, ഒന്നാം എൻഡിഎ സർക്കാർ അധികാരമേറ്റതിനുശേഷം വിമർശിക്കപ്പെട്ടു, റിസർവ് ഡിവിഡന്റുകളുടെയും പലിശനിരക്കുകളുടെയും കാര്യത്തിലായിരുന്നു വിമർശനങ്ങൾ. റിസർവ് ബാങ്ക് പലിശനിരക്ക് വളരെ ഉയർന്നതാണെന്ന ആരോപണങ്ങളും അക്കാലത്ത് ഉയർന്നിരുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പ്രകടനത്തെക്കുറിച്ച് സംശയങ്ങൾ വർദ്ധിക്കുമ്പോഴും, ആർബിഐയുടെ പക്കലുളള വളരെ വലിയ വിദേശനാണ്യ കരുതൽ ശേഖരത്തിന് “വിദേശ നിക്ഷേപകർക്ക് ഒരു പരിധിവരെ ആശ്വാസം നൽകാൻ കഴിയും.” അദ്ദേഹം വ്യക്തമാക്കി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios