മുംബൈ: രാജ്യത്തെ ബാങ്കിങ് വ്യവസായത്തിൽ വൻ മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന നിയമ നിർമാണത്തിന് ശുപാർശ ചെയ്ത് റിസർവ് ബാങ്ക് ആഭ്യന്തര സമിതി. സമിതിയുടെ ശുപാർശകൾക്ക് അം​ഗീകാരം ലഭിച്ചാൽ 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിൽ ദേ​ദ​ഗതി ചെയ്യേണ്ടി വരും.

വൻകിട കോർപ്പറേറ്റുകൾക്കും വ്യവസായ സ്ഥാപനങ്ങൾക്കും പുതിയ ശുപാർശകൾ പ്രകാരം ബാങ്കുകളുടെ പ്രമോട്ടർമാരാകാൻ കഴിയും. മാത്രമല്ല നിലവിലെ രീതികളിൽ നിന്ന് വിപരീതമായി പ്രമോട്ടർ ഓഹരി വിഹിതം 15 ശതമാനത്തിൽ നിന്ന് 26 ശതമാനമാക്കാനും സമിതി നിർദ്ദേശിക്കുന്നു. 

റിസർവ് ബാങ്ക് ആഭ്യന്തര സമിതിയുടെ മറ്റ് ശുപാർശകൾ ഇവയാണ്:

-പ്രമോട്ടർമാർ അല്ലാത്തവരുടെ ഓഹരി വിഹിതം 15 ശതമാനമെന്ന് നിജപ്പെടുത്തണം.
-മികച്ച ട്രാക്ക് റെക്കോർഡ് ഉളളതും 50,000 കോടി രൂപയെങ്കിലും ആസ്തിയുളളതുമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് (എൻബിഎഫ്സി) ബാങ്കുകളായി പ്രവർത്തന അനുമതി നൽകാം.
-കോർപ്പറേറ്റ് സംവിധാനങ്ങളുടെ എൻബിഎഫ്സികളെയും പരി​ഗണിക്കാം.
-ബാങ്കായി പ്രവർത്ത അനുമതി തേടുന്ന എൻബിഎഫ്സികൾക്ക് കുറഞ്ഞത് 10 വർഷത്തെ മികച്ച രീതിയിലുളള പ്രവർത്തന പരിചയം ഉണ്ടാകണം.
-ഷെഡ്യൂൾഡ് ബാങ്കുകളായി പ്രവർത്തിക്കാൻ പുതിയ ലൈസൻസ് ലഭിക്കാൻ ആവശ്യമായ മൂലധന ശേഷി 500 കോടിയിൽ നിന്ന് 1,000 കോടി രൂപയായി ഉയർത്തുക. 
-സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസ് നേടാൻ മൂലധന ശേഷി 200 കോടിയിൽ നിന്ന് 300 കോടിയായി ഉയർത്തുക. 
-സ്മോൾ ഫിനാൻസ് ബാങ്ക് ലൈസൻസ് ലഭിക്കാൻ പേയ്മെന്റ് ബാങ്കുകൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടാകണം.
-ലൈസൻസ് സംബന്ധിച്ച പുതിയ വ്യവസ്ഥകൾ അവ ഉദാരമാണെങ്കിലും കർശനമാണെങ്കിലും നിലവിലെ ബാങ്കുകൾക്കും ബാധകമാക്കണം.
-പുതിയ നിയമത്തിലെ വ്യവസ്ഥകൾ നിലവിലെ ബാങ്കുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെങ്കിൽ അതിൽ ഇളവുകൾ അനുവദിക്കാമെന്നും സമിതി നിർദ്ദേശിക്കുന്നു.

പൊതുജന അഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാ​ഗമായി ജനുവരി 15 വരെ റിസർവ് ബാങ്ക് ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് ആർബിഐ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.