റിസർവ് ബാങ്ക് 2020-21 ലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) വളർച്ചാ പ്രവചനം പരിഷ്കരിച്ചു. 2020 മാർച്ച് 31 ന് അവസാനിച്ച വർഷത്തിൽ ജിഡിപി വളർച്ച -7.5 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര ബാങ്ക് പ്രതീക്ഷിക്കുന്നത്. നേരത്തെ പ്രവചിച്ച -9.5 ശതമാനത്തിൽ നിന്ന് പുതിയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്താണ് വളർച്ചാ പ്രവചനം പരിഷ്കരിക്കുന്നത്. 

“നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മികച്ച വളർച്ചാ മുന്നേറ്റം പ്രതീക്ഷിക്കുന്നു,” ഗവർണർ ശക്തികാന്ത ദാസ് ധനനയ സമിതിയുടെ യോഗത്തിന് ശേഷം വ്യക്തമാക്കി. സെപ്റ്റംബർ പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ തിരിച്ചുവരവിന്റെ സൂചനകൾ സമ്പദ്‍വ്യവസ്ഥ പ്രകടിപ്പിച്ചതിനെ തുടർന്ന്, കേന്ദ്ര ബാങ്ക് പ്രതീക്ഷിത വളർച്ചാ നിരക്ക് പരിഷ്കരിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തുവന്നിരുന്നു. 

നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വളർച്ചാ നിരക്ക് പോസിറ്റീവ് നിരക്കിലേക്ക് എത്തിയേക്കുമെന്നാണ് റിസർവ് ബാങ്ക് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തിൽ + 0.1 ശതമാനവും നാലാം പാദത്തിൽ + 0.7 ശതമാനവും വളർച്ചാ നിരക്ക് പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വർഷത്തിന്റെ ആദ്യ അർധ വാർഷികത്തിൽ സമ്പദ്‍വ്യവസ്ഥ വൻ തിരിച്ചുവരവ് നടത്തും. ജിഡിപി നിരക്കിൽ +21.9 ശതമാനം മുതൽ (+) 6.5 ശതമാനം വരെ മുന്നേറ്റമാണ് റിസർവ് ബാങ്ക് കണക്കാക്കുന്നത്. 

ധനനയ നിലപാടിൽ മാറ്റമില്ല

കൊവിഡ്-19 പകർച്ചവ്യാധി പ്രതിസന്ധികളെ തുടർന്ന് സമ്പദ് വ്യവസ്ഥ ആദ്യ പാദത്തിൽ 23.9 ശതമാനവും രണ്ടാം പാദത്തിൽ 7.5 ശതമാനവും ചുരുങ്ങിയിരുന്നു, നാല് പതിറ്റാണ്ടിനിടെയുണ്ടായ ഏറ്റവും മോശം സങ്കോച സാഹചര്യമാണിത്. 
 
സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിൽ പ്രതീക്ഷിച്ചതിലും ശക്തമായ മുന്നേറ്റം കാണിക്കുന്നുണ്ടെന്ന് ആർബിഐ ഗവർണർ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ജിഡിപി പ്രൊജക്ഷനിൽ മാറ്റം വരുത്തിയത്. എന്നാൽ, വിപണി ആവശ്യകതയുടെ സുസ്ഥിരതയെക്കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും റിസർവ് ബാങ്ക് പറയുന്നു. 

ഏറ്റവും പുതിയ സാമ്പത്തിക പ്രവചനങ്ങൾ സമ്പദ് വ്യവസ്ഥ വി ആകൃതിയിലുള്ള വീണ്ടെടുക്കലിലാണെന്ന സർക്കാരിന്റെ വീക്ഷണത്തെ ശക്തിപ്പെടുത്തുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ അഞ്ചാമത്തെ ദ്വിമാസ ധനനയത്തിൽ “അക്കോമഡേറ്റീവ്” നയ നിലപാട് നിലനിർത്താനുള്ള ആർബിഐയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് പുതുക്കിയ പ്രൊജക്ഷൻ പുറത്തുവിട്ടിരിക്കുന്നത്.

ചില്ലറ പണപ്പെരുപ്പം പ്രതിസന്ധിയാകും

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയ സമിതി യോ​ഗം പ്രധാന വായ്പാ നിരക്ക് നാല് ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തിയിട്ടുണ്ട്. കൂടുതൽ പലിശ ഇളവിന് കേന്ദ്ര ബാങ്ക് തയ്യാറാകാത്തത് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചുവരവ് മികച്ചതാകുന്നതിന്റെ സൂചനയായാണ് സാമ്പത്തിക വിദ​ഗ്ധർ കണക്കാക്കുന്നത്.  

മെയ് മുതൽ, റിപ്പോ നിരക്ക് - അല്ലെങ്കിൽ വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പ്രധാന പലിശ നിരക്ക് - 19 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ നാല് ശതമാനത്തിൽ സ്ഥിരമായി നിലനിർത്തിയിരിക്കുകയാണ്. റിവേഴ്സ് റിപ്പോ നിരക്ക് 3.35 ശതമാനമായി തുടരുമെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. 

ഈ വർഷം മാർച്ച് ഒഴികെ എല്ലാ മാസവും ആർബിഐയുടെ ടാർ​ഗറ്റ് ശ്രേണിയെക്കാൾ ഉയരത്തിലാണ് പണപ്പെരുപ്പം. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതിനാൽ ഒക്ടോബറിൽ ചില്ലറ പണപ്പെരുപ്പം ആറ് വർഷത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.