Asianet News MalayalamAsianet News Malayalam

Russia Ukraine Crisis : ക്രൂഡ് ഓയിൽ വില വർധന; പെട്രോൾ ഡീസൽ വില കുതിച്ചുയരും; മലയാളിയുടെ ബജറ്റ് തെറ്റും?

ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈനെതിരെ സൈനിക നീക്കം തുടങ്ങിയ റഷ്യയാകട്ടെ ലോകത്ത് എണ്ണ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യവുമാണ്

Russia Ukraine Crisis lead crude price increase would hike fuel price to lead inflation India
Author
Thiruvananthapuram, First Published Feb 24, 2022, 4:48 PM IST

തിരുവനന്തപുരം: റഷ്യ-യുക്രൈന്‍ (russia Ukraine crisis) യുദ്ധം തുടങ്ങിയതോടെ ഇന്ത്യയില്‍ ഇന്ധനവില (fuel price hike) കുതിച്ചുയരുമെന്നാണ് കരുതുന്നത്. റഷ്യ യുദ്ധപ്രഖ്യാപനം നടത്തി സൈനിക നീക്കം ആരംഭിച്ചതോടെ അസംസ്കൃത എണ്ണയുടെ വില ബാരലിന് 100 ഡോളര്‍ കടന്നു. ക്രൂഡ് ഓയിൽ വില 75-85 ഡോളറിൽ നിൽക്കുന്നതാണ് ഇന്ത്യക്ക് ഏറ്റവും അഭികാമ്യം. അതേസമയം യുദ്ധം പലതരത്തിലും വിപണിയെ സ്വാധീനിക്കുന്നതിനാൽ കേരളത്തിലുള്ളവർക്കും ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേൺണ്ടി വരും.

ഉപയോഗിക്കുന്ന എണ്ണയുടെ എണ്‍പത്തഞ്ച് ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈനെതിരെ സൈനിക നീക്കം തുടങ്ങിയ റഷ്യയാകട്ടെ ലോകത്ത് എണ്ണ ഉൽപ്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യവുമാണ്. ഇന്ത്യ റഷ്യയിൽ നിന്ന് അധികം എണ്ണ ഇറക്കുമതി ചെയ്യുന്നില്ല. എന്നാൽ യുദ്ധം നീണ്ടുപോയാൽ റഷ്യയ്ക്ക് മേൽ ലോകരാഷ്ട്രങ്ങൾ ഉപരോധം ഏർപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും. അങ്ങിനെ വന്നാൽ നിലവിൽ ഇന്ത്യ ആശ്രയിക്കുന്ന ലോകത്തെ ഒപെക് രാജ്യങ്ങളിൽ നിന്നുള്ള ഇന്ധനത്തിന് ഡിമാന്റ് ഉയരാൻ സാധ്യതയുണ്ടെന്ന് ബിപിസിഎൽ മുൻ ഫിനാൻസ് ഡയറക്ടർ വിജയഗോപാൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു.

'നവംബർ നാലിന് ശേഷം എണ്ണ വില വർധിപ്പിച്ചിട്ടില്ല. യുദ്ധത്തിന് മുൻപ് തന്നെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഉയർന്നിരുന്നു. മാർച്ച് മാസത്തോടെ കുറഞ്ഞത് പത്ത് രൂപയെങ്കിലും പെട്രോൾ, ഡീസൽ വില വർധിപ്പിക്കേണ്ട സാഹചര്യമാണ്. യുദ്ധം അധികം നീണ്ടുപോകില്ലെന്നാണ് കരുതുന്നത്. പക്ഷെ നീണ്ടുപോയാൽ അത് രാജ്യത്ത് വിലക്കയറ്റത്തിനും ഉൽപ്പാദന മേഖലയുടെ തളർച്ചയ്ക്കും കാരണമാകും,'- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 12 മണിക്കൂറായി റഷ്യയുടെ സൈനിക നീക്കങ്ങളെ ഒറ്റയ്ക്ക് നേരിടുകയാണ് യുക്രൈൻ. കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം ഒപെക് രാജ്യങ്ങൾ കുറച്ചത് വൻതോതിൽ വില ആഗോള തലത്തിൽ വില വർധിക്കാൻ കാരണമായിരുന്നു. നവംബറിന് ശേഷം ഇന്ത്യയിൽ വില വർധിക്കാതിരുന്നത് അഞ്ച് സംസ്ഥാനങ്ങളിലായി നടക്കാനിരുന്ന അസംബ്ലി തെരഞ്ഞെടുപ്പ് കൊണ്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് മാർച്ച് ഏഴിന് അവസാനിക്കുമെന്നിരിക്കെ, എണ്ണ കമ്പനികൾ വില കുത്തനെ ഉയർത്തുമെന്നാണ് കരുതുന്നത്.

റഷ്യയുടെ യുദ്ധപ്രഖ്യാപനത്തിന് പിന്നാലെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി. കഴിഞ്ഞ 8 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന വിലയാണ് ഇന്നത്തേത്. ക്രൂഡ് ഓയിൽ വില 110 ഡോളർ വരെയാകുമെന്ന് വിജയഗോപാൽ കരുതുന്നു. 'ഉടനെയൊന്നും വില കുറയാൻ സാധ്യത കാണുന്നില്ല. ഒപെക് രാജ്യങ്ങളിലെ എണ്ണക്കമ്പനികൾ പ്രൊഡക്ഷന് വേണ്ടി അധികം പണം ചെലവഴിക്കുന്നില്ല. ആ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് യുദ്ധം കൂടി വന്നത്,'- അദ്ദേഹം പറഞ്ഞു.

ഇതിന് മുമ്പ് ക്രൂഡോയിൽ വില ഇത്രയേറെ ഉയർന്നത്  2014 ലാണ്. യൂറോപ്പിലേക്കുള്ള ഇന്ധനത്തിന്റെ മൂന്നിലൊന്നും റഷ്യയാണ് നൽകുന്നത്. അതിനാൽ തന്നെ യുദ്ധ  സാഹചര്യം ക്രൂഡ് ഓയിൽ വില ഇനിയും വർധിപ്പിച്ചേക്കും. 'റഷ്യയ്ക്ക് മേൽ ഉപരോധം വന്നാൽ ക്രൂഡ് ഓയിലിന് യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇറാനെ ആശ്രയിക്കേണ്ടി വരും. ഇറാനോടുള്ള നിലപാട് അമേരിക്ക മയപ്പെടുത്തേണ്ടതായ സാഹചര്യം വരും. പക്ഷെ ഉൽപ്പാദനം വർധിപ്പിക്കുന്ന കാര്യത്തിൽ ഒപെക് രാജ്യങ്ങളുടെ നിലപാട് നിർണായകമാകും,' - അദ്ദേഹം പറഞ്ഞു.

നവംബര്‍ നാലിന് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി ഡീസല്‍ ലീറ്ററിന് 10 രൂപയും പെട്രോളിന് അഞ്ചു രൂപയും കുറച്ചതിനു ശേഷം അസംസ്‌കൃത എണ്ണവിലയില്‍ 10 ഡോളറിന്റെ വര്‍ധനവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. അസംസ്കൃത  എണ്ണവില ഒരു ഡോളർ ഉയരുമ്പോൾ ശരാശരി  70–80 പൈസയുടെ വർധനയാണ് എണ്ണയുടെ ചില്ലറവിൽപ്പന വിലയിൽ ഉണ്ടാകാറുള്ളത്. അതിനാല്‍ തന്നെ മാര്‍ച്ച് ഏഴിന് അവസാനഘട്ട പോളിംഗിന് ശേഷം മാര്‍ച്ച് ഏഴിനാണ് അവസാനഘട്ട പോളിങ്. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വില ലീറ്ററിന് 7-8 രൂപ വരെ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

'യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയരും. അത് മാത്രമല്ല, ക്രൂഡ് ഓയിലിനെ സംസ്കരിക്കുന്ന ചെലവും രൂപയുടെ മൂല്യവും എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതിനാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ യുദ്ധം നീണ്ടുപോകുന്നത് ഗുണകരമല്ല. അടുത്ത ഒരു മാസത്തിനുള്ളിൽ യുദ്ധം ഇതേനിലയിൽ തുടർന്നാൽ 10-12 രൂപ എന്തായാലും വർധിപ്പിക്കേണ്ടി വരും,'-വിജയഗോപാൽ പറഞ്ഞു.

എന്നാൽ കേന്ദ്രസർക്കാർ ഇടപെടുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്. വിലക്കയറ്റത്തിന് കാരണമാകുമെന്നതിനാൽ കേന്ദ്രസർക്കാർ വില കുറയ്ക്കാൻ തയ്യാറായേക്കും. ഏറ്റവും കുറഞ്ഞത് അഞ്ച് രൂപയെങ്കിലും എക്സൈസ് തീരുവ കുറയ്ക്കുമെന്നാണ് കരുതുന്നത്. അല്ലെങ്കിൽ വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിയില്ല,'- അദ്ദേഹം വ്യക്തമാക്കി.

ദില്ലിയില്‍ പെട്രോൾ ലിറ്ററിന് 95.41 രൂപയും ഡീസലിന് 86.67 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 109.98 രൂപയും ലിറ്ററിന് 94.14 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 104.67 രൂപയും ഒരു ലിറ്റർ ഡീസൽ വില 89.97 രൂപയുമാണ്. നവംബർ നാലിന് തമിഴ്നാട് സർക്കാർ വില കുറച്ചതോടെ ചെന്നൈയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില യഥാക്രമം 101.40 രൂപയും ലിറ്ററിന് 91.43 രൂപയുമായി മാറിയിരുന്നു. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 106.36 രൂപയും ഡീസലിന് ലിറ്ററിന് 93.47 രൂപയുമാണ് വില.
 

Follow Us:
Download App:
  • android
  • ios