Asianet News MalayalamAsianet News Malayalam

ഈ സാമ്പത്തിക വർഷം രാജ്യത്തെ പ്രതിശീർഷ വരുമാനം ഇടിയും: എസ്ബിഐ റിപ്പോർട്ട്

"അഖിലേന്ത്യാ തലത്തിൽ പിസിഐ 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കുറയും എന്നാണ് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്," 

sbi report on pci in FY 21
Author
New Delhi, First Published Jun 23, 2020, 3:07 PM IST

കൊവിഡ് -19 പകർച്ചവ്യാധിയെ തുടർന്ന് 2020 -21 സാമ്പത്തിക വർഷത്തിൽ (എഫ്‌വൈ 21) ഇന്ത്യയുടെ പ്രതിശീർഷ വരുമാനം (പിസിഐ) 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കുറയും. മുൻ സാമ്പത്തിക വർഷത്തിലെ 1.52 ലക്ഷം രൂപയിൽ നിന്നാണ് 1.43 ലക്ഷമായി വരുമാനം കുറയുകയെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനകാര്യ വിഭാ​ഗം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. പിസിഐയിലെ ഈ ഇടിവ് നാമമാത്രമായ ജിഡിപിയിലെ 3.8 ശതമാനം ഇടിവിനെക്കാൾ കൂടുതലായിരിക്കുമെന്നും റിപ്പോർട്ടിൽ അഭിപ്രായപ്പെടുന്നു.  

ദില്ലി, ചണ്ഡി​ഗഡ്, ഗുജറാത്ത് എന്നിവയാകും പ്രതിശീർഷ വരുമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവ് രേഖപ്പെടുത്തുന്ന മേഖലകൾ. ന‌ടപ്പ് സാമ്പത്തിക വർഷം യഥാക്രമം ഈ മേഖലകളിൽ പിസിഐയിൽ 15.4 ശതമാനം, 13.9 ശതമാനം, 11.6 ശതമാനം എന്ന രീതിയിൽ ഇടിവ് രേഖപ്പെടുത്തും. സ്പെക്ട്രത്തിന്റെ മറ്റേ അറ്റത്ത് അരുണാചൽ പ്രദേശ്, ഗോവ, മണിപ്പൂർ എന്നിവയായിരിക്കും ഈ കാലയളവിൽ പിസിഐയുടെ കാര്യത്തിൽ ഏറ്റവും കുറഞ്ഞ ഇടിവിന് സാക്ഷ്യം വഹിക്കുന്ന മേഖലകൾ. 

"അഖിലേന്ത്യാ തലത്തിൽ പിസിഐ 5.4 ശതമാനം ഇടിഞ്ഞ് 1.43 ലക്ഷമായി കുറയും എന്നാണ് ഞങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പിസിഐയിലെ ഈ ഇടിവ് നോമിനൽ ജിഡിപിയുടെ 3.8 ശതമാനം ഇടിവിനെക്കാൾ കൂടുതലായിരിക്കും. ആഗോളതലത്തിലും 2020 ൽ പ്രതിശീർഷ ജിഡിപിയുടെ 6.2 ശതമാനത്തിന്റെ ഇടിവ് ആഗോള ജിഡിപിയുടെ 5.2 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്, ” സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ ഡോ. സൗമ്യ കാന്തി ഘോഷ് എഴുതി.

സമ്പന്ന സംസ്ഥാനങ്ങളെയാണ് (പ്രതിശീർഷ വരുമാനം അഖിലേന്ത്യാ ശരാശരിയേക്കാൾ കൂടുതലുള്ള സംസ്ഥാനങ്ങൾ) പിസിഐയിലെ തളർച്ച ഏറ്റവും കൂടുതൽ ബാധിക്കുകയെന്ന് റിപ്പോർട്ട് പറയുന്നു. ഉദാഹരണത്തിന്, ദില്ലിയിലും ചണ്ഡിഗഡിലും പിസിഐയുടെ ഇടിവ് അഖിലേന്ത്യാ തലത്തിലുള്ള ഇടിവിനെക്കാൾ മൂന്നിരട്ടിയായിരുക്കുമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 

Follow Us:
Download App:
  • android
  • ios