2019ലെ ഊര്‍ജ ഉപഭോഗത്തേക്കാള്‍ കുറവ് വന്നത് കൊവിഡ് രണ്ടാം തരംഗം കാരണം പ്രാദേശിക തലത്തില്‍ രാജ്യത്തിന്റെ പലയിടത്തും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് നിഗമനം. 

മുംബൈ: രാജ്യത്തെ വൈദ്യുതി ഉപഭോഗത്തില്‍ മെയ് മാസത്തില്‍ 8.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മെയില്‍ 110.47 ബില്യണ്‍ യൂണിറ്റാണ് രാജ്യത്തെ വൈദ്യുത ഉപഭോഗം. 2020ലെ ഉപഭോഗവുമായി താരതമ്യം ചെയ്യുമ്പോഴാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. അതേസമയം, 2019ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗത്തില്‍ ഇടിവ് വന്നു. 

2019ലെ ഊര്‍ജ ഉപഭോഗത്തേക്കാള്‍ കുറവ് വന്നത് കൊവിഡ് രണ്ടാം തരംഗം കാരണം പ്രാദേശിക തലത്തില്‍ രാജ്യത്തിന്റെ പലയിടത്തും ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്നാണ് നിഗമനം. ഇതിന് പുറമെ രാജ്യത്തെ പ്രതിസന്ധിയിലാക്കിയ രണ്ട് ചുഴലിക്കാറ്റുകളും ഊര്‍ജ ഉപഭോഗത്തിന് തിരിച്ചടിയായിട്ടുണ്ട്.

പ്രാദേശിക ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ ഊര്‍ജ ഉപഭോഗത്തിലും ഉയര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലെ ആകെ ഊര്‍ജ്ജ ഉപഭോഗം 102.08 ബില്യണ്‍ യൂണിറ്റായിരുന്നു. 2019 മെയ് മാസത്തെ അപേക്ഷിച്ച് 15 ശതമാനത്തോളം കുറവായിരുന്നു ഇത്. 2019ല്‍ 120.02 ബില്യണ്‍ യൂണിറ്റായിരുന്നു ഉപഭോഗം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona