വർഷം അവസാനത്തോടെ കൊവിഡ്-19 വൈറസിനെതിരെയുളള വാക്സിൻ രാജ്യത്ത് ഉണ്ടാകുമെന്ന് ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (SII) സിഇഒ അദർ പൂനവല്ല പറഞ്ഞു. സിഎൻബിസി-ടിവി 18 നോട് സംസാരിച്ച പൂനവല്ല ഡിസംബർ മുതൽ കമ്പനി കൊവിഡ് -19 വാക്സിൻ പുറത്തിറക്കുമെന്നും വ്യക്തമാക്കി.

ഓഗസ്റ്റ് ഏഴിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഗാവി, ദി വാക്സിൻ അലയൻസ്, ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ എന്നിവയുമായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. 100 ദശലക്ഷം ഡോസ് വരെ COVID-19 വാക്സിനുകൾ ഇന്ത്യയ്ക്കും കുറഞ്ഞതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്കുമായി വിതരണം ചെയ്യുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. 

ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദാർ പൂനവല്ല വാക്സിൻ ​ഗവേഷണത്തയും നിർമാണത്തെയും സംബന്ധിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പ്രതിവർഷം 1.5 ബില്യൺ ഡോസ് വാക്സികൾ ഉത്പാദിപ്പിക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് പ്രമുഖ മാധ്യമ സ്ഥാപനമായ ബ്ലൂംബെർ​ഗ് റിപ്പോർട്ട് ചെയ്യുന്നത്. ഓരോ മിനിറ്റിലും 500 ഗ്ലാസ് വിയാൾസ് നിറയ്ക്കുന്ന യന്ത്ര സംവിധാനങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. കൂടാതെ രണ്ട് നിലകളുള്ള സ്റ്റീൽ ബയോ റിയാക്ടറുകൾക്ക് പ്രതിമാസം 10 ദശലക്ഷത്തിലധികം ഷോട്ടുകൾ സൃഷ്ടിക്കാൻ കഴിയും. നൂറിലധികം രാജ്യങ്ങളിലായി ലോകത്തിലെ 65% കുട്ടികൾക്കും അഞ്ചാംപനി, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കെതിരെ കുത്തിവയ്പ്പെടുക്കാൻ ഇൻസ്റ്റിറ്റ്യൂട്ട് സഹായിക്കുന്നതായി അദാർ പൂനവല്ല ബ്ലൂംബെർ​ഗിനോട് പറഞ്ഞു. ബ്ലൂംബെർ​ഗിന് വേണ്ടി അറി ആൾട്ട്സ്റ്റെഡർ തയ്യാറാക്കിയ വിശദമായ ലേഖനത്തിലാണ് വിവരങ്ങളുളളത്.   

മാറ്റാത്ത ബിസിനസ് മോഡൽ

മുംബൈയിൽ നിന്ന് ഏകദേശം മൂന്ന് മണിക്കൂർ അകലെ സെറത്തിന്റെ 50 ഏക്കർ വിസ്തൃതിയുള്ള കാമ്പസിനുള്ളിൽ, കൊറോണ വൈറസ് എന്ന പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനുളള പ്രധാന പരീക്ഷണാത്മക വാക്സിനുകൾ നിർമ്മിക്കുന്നതിനായുളള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അദാർ പൂനവല്ല പറയുന്നു. വളരെ കുറഞ്ഞ മാർജിനിൽ വളർന്നുവരുന്ന വിപണികൾക്കായി അടിസ്ഥാന വാക്സിനുകൾ നിർമ്മിക്കുന്നത് മികച്ച ബിസിനസ് ആശയമായല്ല വിശേഷിപ്പിക്കപ്പെടുന്നത്. വികസിത രാജ്യങ്ങളിലെ നിർമ്മാതാക്കൾ പതിറ്റാണ്ടുകൾക്ക് മുമ്പ് ഉപേക്ഷിച്ച ബിസിനസ് മോഡലാണിത്. 

2011 ൽ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആയ ശേഷം അദ്ദേഹം തന്റെ ബിസിനസ് മോഡൽ മാറ്റാൻ തയ്യാറായില്ല. സിഇഒ ആയതിനുശേഷം, മന്ദഗതിയിലുള്ള വാക്സിൻ ആവശ്യകതയ്ക്കുള്ള പ്രവചനങ്ങൾ അദ്ദേ​ഹം പതിവായി അവഗണിച്ചു. പകരം, സെറത്തിന്റെ ഉൽപാദന ലക്ഷ്യങ്ങൾ ക്രമാനുഗതമായി വർദ്ധിപ്പിക്കുകയും പുതിയ ഉൽപാദന ലൈനുകൾ നിർമിച്ച് അതിന്റെ ശേഷി ഇരട്ടിയാക്കുകയും ചെയ്തു.

വാർഷിക ശേഷി ഏകദേശം രണ്ട് ബില്ല്യൺ ഡോസുകളായി ഉയർത്തിക്കൊണ്ടുളള ഇൻസ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങൾ കമ്മീഷൻ ചെയ്യാൻ തയ്യാറായി വരുകയാണ്. ഇതോടെ രണ്ടാമത്തെ വലിയ വാക്സിൻ നിർമ്മാതാവായ സനോഫി എസ് എയേക്കാൾ സെറം വളരെ മുന്നിലാകും, ഇത് ഇന്ത്യൻ ഫാക്ടറികളിൽ നിന്നുള്ള ആകെ വോളിയത്തിന്റെ പകുതിയിലധികം വരും.

യുഎസിന്റെയും യൂറോപ്യൻ റെഗുലേറ്റർമാരുടെയും അനുമതി നേടാൻ കഴിയുന്ന ഓക്സ്ഫോർഡ് സർവകലാശാലയും അസ്ട്രാസെനെക പി എൽ സിയും വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിൻ ChAdOx1 nCoV-19 ന്റെ ഒരു ബില്യൺ ഡോസ് ഉത്പാദിപ്പിക്കാൻ സെറത്തിന് ഇതിനകം ഒരു കരാർ ലഭിച്ചു കഴിഞ്ഞു. 79 കാരനായ പിതാവ്, സൈറസും പണത്തോടുള്ള അദ്ദേഹത്തിന്റെ ലിബറൽ മനോഭാവവും, ആ കുടുംബത്തിന്റെ ധാർമ്മികതയുമാണ് സെറത്തിന്റെ ഇന്ന് കാണുന്ന വമ്പിച്ച ശേഷി സൃഷ്ടിച്ചത്. പൂനവല്ലയുടെ വീക്ഷണത്തിൽ, ലിസ്റ്റുചെയ്ത ഏതൊരു ഫാർമസ്യൂട്ടിക്കൽ ഭീമനേക്കാളും വേഗത്തിൽ നീങ്ങാനും പകർച്ചവ്യാധി സമയത്ത് വലിയ റിസ്ക് ഉൽപ്പാദനം നടത്താനും ഈ കരുത്ത് കമ്പനിക്ക് ആത്മവിശ്വാസം നൽകുന്നു. 

കുടുംബപ്പേരായ പൂനവല്ല

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് അന്നത്തെ ബോംബെയിൽ നിന്ന് 90 മൈൽ അകലെയുള്ള പൂനെയിലേക്ക് വന്ന ഒരു കുടിയേറ്റക്കാരാണ് അദർ പൂനവല്ലയുടെ പൂർവികർ. പ്രാദേശിക ബ്രിട്ടീഷ് ഓഫീസർമാരുടെ ക്ലബിൽ "ബില്ലിയാർഡ് മാർക്കർ" ആയി അവർ ജോലി ചെയ്തു. കൊളോണിയൽ മിലിട്ടറിയുമായുള്ള ബന്ധം കുടുംബത്തെ വിജയകരമായ ഒരു നിർമ്മാണ ബിസിനസ്സുകാരാക്കി. ധാരാളം ഭൂമി സ്വന്തമാക്കി, ആളുകൾ അവരെ പൂനെയിലെ ആൾ എന്ന അർത്ഥത്തിൽ "പൂനവല്ല" എന്ന് വിളിക്കാൻ തുടങ്ങി. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ നിർമ്മാതാക്കളാണ് അവർ. 

അദറിന്റെ പൂര്‍വികര്‍ക്ക് വലിയ സ്വത്തുക്കളുണ്ടായിരുന്നു. അവ പിന്നീട് പലതായി വിഭജിക്കപ്പെട്ടു. അദറിന്റെ മുത്തച്ഛന്‍ സോളിക്ക് 40 ഏക്കര്‍ തരിശ് ഭൂമിയും ഒരു വീടുമാണ് ലഭിച്ചത്. സോളി അവിടെ തങ്ങള്‍ക്ക് പൂനെക്കാർ നല്‍കിയ കുടുംബപ്പേരായ പൂനവല്ല എന്ന പേരില്‍ ഒരു ഫാം തുടങ്ങി. 

പിന്നീട് രാജ്യത്തെ ഏറ്റവും മികച്ച പന്തയക്കുതിരകളുടെ ഇടമായി ആ പൂനവല്ല ഫാം ഹൗസ് മാറി. എന്നാല്‍, ഇന്ത്യയില്‍ ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തില്‍ എത്തിയതോടെ രാജകീയ വിനോദമായ കുതിരപ്പന്തയം രാജ്യത്ത് പ്രതിസന്ധിയിലായി. അതോടെ സോളി തന്റെ സമ്പാദ്യമായതെല്ലാം മകനായ സൈറസിന് കൈമാറി. എന്നാല്‍, അദ്ദേഹത്തിന്റെ പാത മറ്റൊന്നായിരുന്നു. അത് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ രൂപത്തിൽ ഇന്നും തല ഉയർത്തി നിൽക്കുന്നു. അതിനെ മുന്നോട്ട് നയിക്കാൻ അദർ പൂനവല്ലയും.

വാക്സിന്റെ വില  

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, അതിന്റെ തന്ത്രപരമായ നിക്ഷേപ ഫണ്ട് വഴി, ഗാവിക്ക് 150 മില്യൺ ഡോളർ റിസ്ക് ഫണ്ട് നൽകും, വാക്സിൻ കാൻഡിഡേറ്റുകൾ നിർമ്മിക്കുന്നതിന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ പിന്തുണയ്ക്കാൻ ഈ നിക്ഷേപം ഉപയോഗിക്കുമെന്ന് ​ഗാവി വ്യക്തമാക്കിയിട്ടുണ്ട്. ഗാവിയുടെ കോവക്സ് എഎംസി വഴി താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങൾക്ക് ഭാവിയിൽ വാക്സിനുകൾ വിതരണം ചെയ്യും. മൂന്ന് ഡോളറാണ് വാക്സിനുകളുടെ വില, ഈ നിരക്ക് ഒരു റിസ്ക് ഷെയറിം​ഗ് വിലയാണെന്ന് അദർ പൂനവല്ല സിഎൻബിസി-ടിവി 18 നോട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

"ഞങ്ങൾക്ക് ലഭിച്ച ഫണ്ടിംഗ് കാരണം മൂന്ന് ഡോളർ എന്നത് പ്രത്യേക വിലയായി പരി​ഗണിച്ചാൽ മതി. ലൈസൻസുകൾ ലഭിച്ചുകഴിഞ്ഞാൽ വാക്സിനുകളുടെ വില അൽപ്പം കൂടുതലായിരിക്കും. വാക്സിനുകളുടെ അന്തിമ വില രണ്ട് മാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും," അദ്ദേഹം പറഞ്ഞു.