വീട്/ അപ്പാർട്ട്മെന്റ് വാങ്ങാൻ പദ്ധതിയിട്ടിരുന്ന മൂന്നിൽ രണ്ട് ആളുകളും ഇപ്പോൾ റിയൽ എസ്റ്റേറ്റ് വിപണിയിലേക്ക് തിരിച്ചെത്തിയെന്ന് 99acres.com നടത്തിയ ഉപഭോക്തൃ സർവേകൾ വ്യക്തമാക്കി. അവരിൽ 33% പേർ ഒരു പുതിയ വീട് വാങ്ങുന്നതിനുള്ള നല്ല സമയമാണിതെന്ന് കരുതുന്നു, 32% പേർ ഭവനം സ്വന്തമാക്കാനുളള പ്രവർത്തനങ്ങളുടെ അന്തിമഘട്ടത്തിലാണ്.

കൊവിഡ് -19 പകർച്ചവ്യാധി റിയൽ എസ്റ്റേറ്റ് മേഖലയെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ദേശീയ ലോക്ക്ഡൗൺ മൂലം രാജ്യത്തെ നിർമാണ പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ചിരുന്നു. കൊറോണ വൈറസ് പടർന്നുപിടിച്ചത് നിരവധി പേരുടെ ശമ്പളത്തെയും ജോലിയെയും ബാധിച്ചു. നിരവധി കമ്പനികളാണ് ശമ്പളം വെട്ടിക്കുറയ്ക്കൽ നടപടികളിലേക്ക് നീങ്ങിയത്. ഇതോടെ വീട് സ്വന്തമാക്കണമെന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോയിരുന്ന ആളുകൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി.

രാജ്യത്ത് പ്രാദേശിക ലോക്ക്ഡൗണുകൾ തുടരുമ്പോഴും അപ്പാർട്ട്മെന്റുകളുടെ നിർമാണ പ്രവർത്തനങ്ങൾ നിരവധി നഗരങ്ങളിൽ പുനരാരംഭിച്ചിട്ടുണ്ട്. ഇത് മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നു. ലോക്ക്ഡൗൺ 1.0 ന് ശേഷം വീടുകൾക്കായി 38 ശതമാനം പേർ മാത്രമാണ് സജീവമായി തിരഞ്ഞിരുന്നതെന്ന് 99 ഏക്കർ ചീഫ് ബിസിനസ് ഓഫീസർ മനീഷ് ഉപാധ്യായ പറഞ്ഞു. "ഇതിനുപുറമെ, ഇപ്പോഴും റിയൽ എസ്റ്റേറ്റിനെ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല മേഖലയായി ആളുകൾ കാണുന്നു. 55-60% വാങ്ങുന്നവർ / വാടകക്കാർ വെച്വൽ സന്ദർശനങ്ങൾക്കും കൂടിക്കാഴ്ചകൾക്കും മുൻഗണന നൽകുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ സ്വീകരിച്ചിട്ടുണ്ട്," അദ്ദേഹം പറഞ്ഞു.

നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ 

റിപ്പോർട്ട് അനുസരിച്ച്, 11% പേർ ജോലിയും വിപണിയിലെ അനിശ്ചിതത്വവും കാരണം ഒരു വസ്തു വാങ്ങാനുള്ള ആശയം പൂർണ്ണമായും ഉപേക്ഷിച്ചു. ഈ വിഭാഗം കടുത്ത മാനസിക സമ്മർദ്ദം നേരിടുന്നതായാണ് റിപ്പോർട്ട്. 

77% വീട് വാങ്ങുന്നവർ ഉപയോ​ഗത്തിനായാണ് വാങ്ങുന്നത്. 23% പേർ മാത്രമാണ് നിക്ഷേപ ആവശ്യങ്ങൾക്കായി ഭവനം വാങ്ങാൻ തയ്യാറാകുന്നത്. വീടുകൾ വാങ്ങുന്നതിനോ വാടകയ്‌ക്കെടുക്കുന്നതിനോ ഉള്ള ഡിജിറ്റൽ മാർഗങ്ങളിലേക്കാണ് മുൻ‌ഗണന മാറിയതെങ്കിലും, ഭൗതിക സന്ദർശനങ്ങളുടെ ആവശ്യകത ഇപ്പോഴും നിലനിൽക്കുന്നുണ്ടെങ്കിലും കരാർ അന്തിമമാക്കുന്നതിന് മാത്രമായി ഇവ ചുരുങ്ങിയിട്ടുണ്ട്.

കൊറോണ കാരണം വിലയുടെ കാര്യത്തിൽ, 67% ഹോം ബയർമാർ നിരക്ക് ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു, മറ്റൊരു 20% നേരിയ കുറവ് മാത്രമാണ് പ്രതീക്ഷിക്കുന്നു.

വീട്ടിൽ നിന്നുള്ള ജോലിയുടെ സാഹചര്യം മിക്ക തൊഴിൽ മേഖലകളിലും യാഥാർത്ഥ്യമാകുന്നതോടെ, ഒരു കാലത്ത് പ്രധാന ആശങ്കയായിരുന്ന ജോലിസ്ഥലവുമായുളള സാമീപ്യം പരി​ഗണനയ്ക്കെടുക്കുന്നത് കുറഞ്ഞെന്നും സർവേ പറയുന്നു. എന്നാൽ, മാർക്കറ്റ്, ഹോസ്പിറ്റൽ, സ്കൂൾ തുടങ്ങിയ പ്രധാന മേഖലകളിലേക്കുള്ള സാമീപ്യവും സുരക്ഷയും ഒരു പ്രോപ്പർട്ടി ഷോർട്ട്‌ലിസ്റ്റ് ചെയ്യുമ്പോൾ വാങ്ങുന്നവരുടെ മനസ്സിനെ ഇന്നും കീഴടക്കുന്ന വസ്തുതയാണ്.