നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദവാർഷികങ്ങളിൽ കരകൗശല വസ്തുക്കൾ അടക്കമുള്ള ടെക്സ്റ്റൈൽസ് & അപ്പാരൽ കയറ്റുമതി കുത്തനെ ഉയർന്നിട്ടുണ്ട്

ദില്ലി: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ഏപ്രിൽ - ഡിസംബർ മാസങ്ങളിൽ തുണിത്തരങ്ങളുടെ കയറ്റുമതി 41 % വർദ്ധിച്ചു. ടെക്സ്റ്റൈൽ മേഖല തുടർച്ചയായി വ്യാപാര വർധന രേഖപ്പെടുത്തി. ഇറക്കുമതിയെ അപേക്ഷിച്ച് കയറ്റുമതി പലമടങ്ങ് കൂടുതലാണ്. 2020-21 സാമ്പത്തിക വർഷത്തിൽ കൊവിഡ് മഹാമാരിയെ തുടർന്ന് വിതരണ ശൃംഖല തടസപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങളുടെ കയറ്റുമതിയിൽ കുത്തനെ ഇടിവുണ്ടായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

അതേസമയം തിരിച്ചുവരവിന്റെ ലക്ഷണമാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ദൃശ്യമാകുന്നത്. നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് പാദവാർഷികങ്ങളിൽ കരകൗശല വസ്തുക്കൾ അടക്കമുള്ള ടെക്സ്റ്റൈൽസ് & അപ്പാരൽ കയറ്റുമതി കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 21.2 ബില്യൺ അമേരിക്കൻ ഡോളറായിരുന്നു. ഇപ്പോൾ ഇത് 29.8 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 41% അധികം വളർച്ച കയറ്റുമതിയിൽ നേടിയെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. കരകൗശലവസ്തുക്കൾ ഉൾപ്പെടെ ടെക്സ്റ്റൈൽസിനും അപ്പാരലിനും 44 ബില്യൺ ഡോളറാണ് ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. ഇതിന്റെ 68 ശതമാനം കയറ്റുമതിയിൽ ആദ്യത്തെ ഒൻപത് മാസങ്ങൾക്കുള്ളിൽ രാജ്യത്തിന് നേടാനായിട്ടുണ്ട്.