അടുത്ത രണ്ട് വർഷത്തിനുള്ളിൽ വീട് വാങ്ങാൻ പകുതിയോളം പേരും തയ്യാറെടുക്കുകയാണെന്ന് കൊളിയേഴ്സ് നടത്തിയ പുതിയ സർവേ റിപ്പോർട്ട്. വില, വീടിന്റെ വലിപ്പം, ചുറ്റുപാടുകൾ എന്നിവയ്ക്കാണ് ആളുകൾ കൂടുതൽ പ്രാധാന്യം നൽകുന്നത്. കൂടാതെ 60 ശതമാനത്തിലധികം പേരും 'റെഡി ടു മൂവ്' വീടുകൾക്കാണ് മുൻഗണന നൽകുന്നത്.

സ്വന്തമായി ഒരു വീട് വാങ്ങണം എന്നത് മിക്കവരുടെയും വലിയൊരു സ്വപ്നമാണ്. അതിന് പറ്റിയ സമയത്തിനായി കാത്തിരിക്കുകയാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല. പ്രമുഖ നിക്ഷേപക സ്ഥാപനമായ 'കൊളിയേഴ്സ്' നടത്തിയ പുതിയ സര്‍വേ പ്രകാരം, വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍ ഭൂരിഭാഗം പേരും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ സ്വന്തമായി ഒരു വീട് വാങ്ങാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ വില, സ്ഥലം, വീടിന്റെ ഗുണനിലവാരം എന്നിവ കൃത്യമായി പരിശോധിച്ച ശേഷം മാത്രമേ ഇവര്‍ അന്തിമ തീരുമാനം എടുക്കുന്നുള്ളൂ.

രാജ്യത്തെ 30-ലധികം നഗരങ്ങളിലെ 1,800-ഓളം ആളുകളിലാണ് പഠനം നടത്തിയത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ വീട് വാങ്ങാന്‍ സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ക്കും താല്പര്യമുണ്ട്. ആഗോളതലത്തിലുള്ള സാമ്പത്തിക അസ്ഥിരതകളൊന്നും ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ കാര്യമായി ബാധിക്കില്ലെന്നാണ് 54 ശതമാനം പേരും വിശ്വസിക്കുന്നത്. സ്വന്തമായി താമസിക്കാന്‍ വീട് വാങ്ങുന്നവരാണ് ഇതില്‍ കൂടുതലും.

വില തന്നെയാണ് പ്രധാന പ്രശ്‌നം

വീട് വാങ്ങാന്‍ താല്പര്യമുണ്ടെങ്കിലും ബജറ്റിലൊതുങ്ങുന്ന വില എന്നത് തന്നെയാണ് പ്രധാന ഘടകം. 31 ശതമാനം പേര്‍ക്കും വീടിന്റെ വില ഒരു പ്രധാന ആശങ്കയാണ്. തൊഴില്‍ സുരക്ഷയും ഭാവിയിലെ വരുമാനവും ആളുകളെ മാറി ചിന്തിപ്പിക്കുന്നുണ്ട്. വില കഴിഞ്ഞാല്‍ വീടിന്റെ വലിപ്പം, ലേഔട്ട്, ചുറ്റുപാടുകള്‍, യാത്രാ സൗകര്യം എന്നിവയ്ക്കാണ് വീട് വാങ്ങുന്നവര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 75-80 ശതമാനം പേരും ഈ കാര്യങ്ങള്‍ നിര്‍ണായകമാണെന്ന് അഭിപ്രായപ്പെട്ടു.

ഏതുതരം വീടുകളാണ് ആളുകള്‍ക്ക് വേണ്ടത്?

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരില്‍ 62 ശതമാനം പേര്‍ക്കും 2 അല്ലെങ്കില്‍ 3 ബെഡ്റൂം അപ്പാര്‍ട്ട്മെന്റുകളോടാണ് താല്പര്യം. എന്നാല്‍ ഓരോ നഗരങ്ങളിലും ആളുകളുടെ താല്പര്യം വ്യത്യസ്തമാണ്. 46 ശതമാനം പേരും 50 ലക്ഷം മുതല്‍ 1.5 കോടി രൂപ വരെ വിലയുള്ള പ്രോപ്പര്‍ട്ടികളാണ് അന്വേഷിക്കുന്നത്. പണി പൂര്‍ത്തിയായതോ, അല്ലെങ്കില്‍ ഉടന്‍ പൂര്‍ത്തിയാകാന്‍ പോകുന്നതോ ആയ പ്രോജക്റ്റുകള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് എന്നതാണ് മറ്റൊരു കണ്ടെത്തല്‍. 60 ശതമാനത്തിലധികം പേരും 'റെഡി ടു മൂവ്' വീടുകള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. വീട് കൃത്യമായി എന്ന് ലഭിക്കുമെന്നും, ചുറ്റുപാടുകള്‍ എങ്ങനെയുണ്ടെന്നും നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ ഇതിലൂടെ സാധിക്കുമെന്നതാണ് കാരണം.

സൗകര്യങ്ങള്‍ക്കും വേണം മുന്‍ഗണന

വീടിനൊപ്പം ലഭിക്കുന്ന മറ്റ് സൗകര്യങ്ങള്‍ക്കും ആളുകള്‍ ഇപ്പോള്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഗേറ്റഡ് കമ്മ്യൂണിറ്റികളില്‍ മികച്ച സുരക്ഷാ സംവിധാനങ്ങള്‍ക്കാണ് പ്രധാന പരിഗണന. ഇതിന് പുറമെ പാര്‍ക്കുകള്‍, ഓപ്പണ്‍ സ്‌പേസ്, മറ്റ് വിനോദ സൗകര്യങ്ങള്‍ എന്നിവയും വീട് വാങ്ങുന്നവര്‍ പ്രതീക്ഷിക്കുന്നു. 30 വയസ്സിന് താഴെയുള്ളവര്‍ ഫിറ്റ്‌നസ് സൗകര്യങ്ങള്‍ക്ക് ശരാശരിയിലും ഇരട്ടി പ്രാധാന്യമാണ് നല്‍കുന്നത്.