Asianet News MalayalamAsianet News Malayalam

സാമ്പത്തിക പ്രതിസന്ധിയുടെ ചുഴിയില്‍ ശ്രീലങ്ക; കരകയറാനാകുമോ

സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഭക്ഷണവിതരണത്തില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ രൂപയുമായുള്ള ഡോളര്‍ വ്യത്യാസം കുതിച്ചുയരുകയാണ്. ഒരു ഡോളറിന് 230 ശ്രീലങ്കന്‍ രൂപയാണ് വിനിമയ നിരക്ക്.
 

The reasons behind sri lankan Financial crisis
Author
New Delhi, First Published Sep 18, 2021, 11:27 AM IST

ന്ത്യയുടെ അയല്‍രാജ്യമായ ശ്രീലങ്ക കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സമീപകാലത്തൊന്നും രാജ്യം കണ്ടിട്ടില്ലാത്ത കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ഗോതബായ രാജപക്‌സെ ഭക്ഷ്യവിതരണത്തില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു. ശ്രീലങ്കന്‍ രൂപയുമായുള്ള ഡോളര്‍ വ്യത്യാസം കുതിച്ചുയരുകയാണ്. ഒരു ഡോളറിന് 230 ശ്രീലങ്കന്‍ രൂപയാണ് വിനിമയ നിരക്ക്. സ്റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവര്‍ റേറ്റിങ് ഏജന്‍സി ശ്രീലങ്കയെ സിസിസി ഗ്രേഡിലേക്ക് താഴ്ത്തി. രാജ്യത്തെങ്ങും സാമ്പത്തിക അരക്ഷിതാവസ്ഥ നിലനില്‍ക്കുകയാണ്. 

സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഫാര്‍മസികളിലും ഷെല്‍ഫുകള്‍ കാലിയായി എന്നതാണ് സാധാരണക്കാരനെ ആദ്യം ബാധിച്ചത്. സാമ്പത്തിക രംഗത്തെ സംരക്ഷിക്കാനായി ഇറക്കുമതി പൂര്‍ണമായി നിരോധിച്ചതാണ് സാധനങ്ങളുടെ ദൗര്‍ലഭ്യത്തിന് കാരണമായത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധിക്ക് ആഭ്യന്തരവും വൈദേശികവുമായ നിരവധി കാരണങ്ങളാണ് ചൂണ്ടിക്കാനുള്ളത്. പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കി പരിഹരിക്കാന്‍ ഭരണനേതൃത്വത്തിനുണ്ടായ കാലതാമസം കാര്യങ്ങള്‍ രൂക്ഷമാക്കുകയാണ് ചെയ്തത്. 

ഭീമമായ കടമെടുപ്പ്

അനിയന്ത്രിതമായ കടമെടുപ്പാണ് ശ്രീലങ്കന്‍ സാമ്പത്തിക രംഗത്തെ പെട്ടെന്ന് തകര്‍ച്ചയിലേക്ക് നയിച്ചതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ശ്രീലങ്കയുടെ കട സുസ്ഥിരത പാടേ തകര്‍ന്നു. 2020ന്റെ അവസാനം ശ്രീലങ്കയുടെ കടം-ജിഡിപി അനുപാതം 101 ശതമാനമായിരുന്നു. 2022ഓടു കൂടി ഇത് 108 ശതമാനമായി ഉയരുമെന്നാണ് കണക്കുകൂട്ടല്‍. 2021-2025നും ഇടയില്‍ വിദേശകടം വീട്ടാനായി മാത്രം ശ്രീലങ്കക്ക് നാനൂറ് മുതല്‍ അഞ്ഞൂറ് കോടി വരെ യുഎസ് ഡോളര്‍ ആവശ്യമായി വരും. അതോടൊപ്പം ശ്രീലങ്കയുടെ ബജറ്റ് കമ്മിയും പേമന്റ് കമ്മിയും കുത്തനെ ഉയര്‍ന്നു. 2021ല്‍ 100 കോടി ഡോളറിന്റെ കടം വീട്ടിയതോടെ വിദേശനാണ്യ കരുതല്‍ 280 കോടി ഡോളറായി ചുരുങ്ങി. സാധാരണ വായ്പയെടുത്ത് പരിഹരിക്കാവുന്ന പ്രശ്‌നമാണെങ്കിലും കുറഞ്ഞ ക്രെഡിറ്റ് റേറ്റിങ് കാരണം വായ്പാ ലഭ്യത വെല്ലുവിളിയാണ്. നിക്ഷേപകരും ശ്രീലങ്കയെ കൈവിടുകയാണ്. ശ്രീലങ്കയുടെ വികസന ബോണ്ടുകള്‍ നിക്ഷേപകര്‍ ഉപേക്ഷിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായി ഇടക്കാലത്ത് ചൈന, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി ഹ്രസ്വകാല കറന്‍സി ഇടപാടുകള്‍ ആരംഭിച്ചു. എന്നാല്‍ ഇത് വളരെ ചെലവേറിയതാണ്. കുറഞ്ഞ തിരിച്ചടവ് കാലവും ഉയര്‍ന്ന പലിശ നിരക്കുമാണ് കറന്‍സി കൈമാറ്റത്തിന്റെ പ്രത്യേകത. ഇതെല്ലാം ശ്രീലങ്കയിലെ പ്രശ്‌നങ്ങളുടെ ആഴം വര്‍ധിപ്പിച്ചു. പ്രശ്‌നങ്ങള്‍ ആഴത്തിലുള്ളതാണെങ്കിലും അന്താരാഷ്ട്ര നാണ്യനിധി(ഐഎംഎഫ്) മുന്നോട്ടുവെച്ച രക്ഷാപദ്ധതി അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 

വിദേശനാണ്യ ഇടപാട്

വിദേശനാണ്യത്തിന്റെ കുറവാണ് ശ്രീലങ്ക നേരിടുന്ന പ്രതിസന്ധിയുടെ മറ്റൊരു കാരണം. വിദേശ കടം വീട്ടേണ്ടി വന്നതോടെ വിദേശനാണ്യ കരുതലില്‍ വലിയ കുറവുണ്ടായി. ജൂണില്‍ ബാങ്കുകള്‍ ബാങ്കുകള്‍ക്ക് ഡോളര്‍ വായ്പ നല്‍കരുതെന്ന് സെന്‍ട്രല്‍ ബാങ്ക് ഉത്തരവിറക്കി. സ്വകാര്യ ബാങ്കുകള്‍ ഫണ്ട് മറ്റ് വിപണിയില്‍ നിന്ന് കണ്ടെത്തണമെന്നും അറിയിച്ചു. രാജ്യത്ത് ഡോളര്‍ കൈവശം വെക്കുന്ന കയറ്റുമതിക്കാര്‍ വ്യാപരത്തിന് തയ്യാറാകാത്തതാണ് വിദേശനാണ്യ ലഭ്യതയുടെ കുറവിന്റെ പ്രധാനകാരണം. ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുന്നത് നേട്ടമായിട്ടാണ് കയറ്റുമതിക്കാര്‍ കാണുന്നത്. കൊവിഡ് പ്രതിസന്ധിക്കാലത്ത് നിബന്ധനകളൊന്നുമില്ലാതെയാണ് ഐഎംഎഫ് 787 ദശലക്ഷം ഡോളര്‍ ശ്രീലങ്കക്ക് നല്‍കിയത്. അതിന് പുറമെ, സെന്‍ട്രല്‍ ബാങ്ക് ഹ്രസ്വകാല കറന്‍സി ഇടപാടിലൂടെ 359 കോടി ഡോളറും ലഭ്യമാക്കി. ഇതൊന്നും പ്രതിസന്ധി മറകടക്കാന്‍ ഉതകുന്നതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്ത രണ്ട് വര്‍ഷം വിദേശകടം വീട്ടാനായി മാത്രം 610 കോടി ഡോളര്‍ ആവശ്യമായി വരും.  

കൊവിഡ് 19 

വിനോദസഞ്ചാര മേഖലയെ പ്രധാനമായി ആശ്രയിക്കുന്ന രാജ്യമെന്ന നിലയില്‍ കൊവിഡ് 19 ശ്രീലങ്കയുടെ സാമ്പത്തിക സ്ഥിതി തകര്‍ക്കുന്നതില്‍ പ്രധാന കാരണമായി. 300 മുതല്‍ 500 കോടിയാണ് ടൂറിസത്തിലൂടെ ശ്രീലങ്കക്ക് പ്രതിവര്‍ഷം ലഭിച്ചിരുന്ന വരുമാനം. 18 മാസമാണ് ശ്രീലങ്കയിലെ ആദ്യ ലോക്ക്ഡൗണ്‍ നീണ്ടത്. ഇക്കാലയളവില്‍ ടൂറിസത്തില്‍ നിന്നുണ്ടാകുന്ന വരുമാന നഷ്ടം മറികടക്കാന്‍ മറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയും ചെയ്തു. സര്‍ക്കാറിന്റെ കൊവിഡ് വാക്‌സിനേഷന്‍ നയം പോലും ചോദ്യം ചെയ്യപ്പെട്ടു. പ്രതിസന്ധികള്‍ മുന്‍കൂട്ടി കാണുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. 2020ല്‍ ശ്രീലങ്കയുടെ എക്കോണമി 3.6 ശതമാനമായി ചുരുങ്ങി. കയറ്റുമതി 180 കോടി ഡോളറായി ചുരുങ്ങി. 2021 അര്‍ധപാദത്തില്‍ കയറ്റുമതി വരുമാനം വര്‍ധിക്കുന്നുണ്ട്. ഇതുമാത്രമാണ് ശുഭസൂചന. 

നികുതിയില്‍ നല്‍കിയ ഇളവ്

2019ല്‍ അധികാരത്തില്‍ എത്തിയ ഉടനെ പ്രസിഡന്റ് ഗോതബായ രാജപക്‌സെ നികുതി ഘടനയില്‍ വരുത്തിയ മാറ്റം തിരിച്ചടിയായി. കോര്‍പറേറ്റ് നികുതിയിലും മൂല്യവര്‍ധിത നികുതിയിലും വരുത്തി കുറവ് 5600 കോടി ശ്രീലങ്കന്‍ രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കിയത്. അതിന് പിന്നാലെ വന്ന കൊവിഡ് മഹാമാരി സര്‍ക്കാറിന്റെ കണക്കുകൂട്ടലുകള്‍ പാടെ തകര്‍ത്തു. അമിതമായ പണ അച്ചടിയുടെ പ്രതികൂല ഫലങ്ങള്‍ക്ക് ശ്രീലങ്ക സാക്ഷ്യം വഹിക്കുകയാണ്. പണപ്പെരുപ്പം 6% ആയി മാറി. ഭക്ഷ്യ വിലക്കയറ്റം 11.5%ആയി ഉയര്‍ന്നു. 2020ന് മുമ്പ്, ശ്രീലങ്കയുടെ ബജറ്റ് കമ്മി ജിഡിപിയുടെ 6% ആയിരുന്നു. 2020ല്‍ ഇത് ഏകദേശം 11.2% ആയി ഉയര്‍ന്നു. സര്‍ക്കാരുകള്‍ സിവില്‍ സര്‍വീസില്‍ ഓരോ വര്‍ഷവും ഏകദേശം 100,000 ജോലികള്‍ നല്‍കുന്നു. പെന്‍ഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ വരുമാനത്തിന്റെ 80% ചെലവാകുന്നു. അതിന് പുറമെ, വായ്പാ തിരിച്ചടവിനും പലിശക്കും വലിയ തുക ചെലവാക്കണം. 

ജൈവകൃഷി നയം

കാര്‍ഷിക നയത്തില്‍ വരുത്തിയ മാറ്റം സാമ്പത്തികാവസ്ഥയെ തകിടം മറിച്ചു. കാര്‍ഷിക മേഖലയില്‍ ജൈവരീതിയിലല്ലാത്ത രാസവളവും കീടനാശിനിയും അണുനാശിനിയും 2021 ഏപ്രില്‍ മുതല്‍ പൂര്‍ണമായി നിരോധിച്ചു. വലിയ കൂടിയാലോചനകളൊന്നുമില്ലാതെയാണ് ഒറ്റരാത്രി പ്രസിഡന്റ് ജൈവകൃഷി തീരുമാനം നടപ്പാക്കിയത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങള്‍ മാത്രമല്ല,  വിദേശനാണ്യത്തിന്റെ അഭാവവും ജൈവ കൃഷി തീരുമാനത്തിന് പിന്നിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിവര്‍ഷം 250 ദശലക്ഷം ഡോളര്‍ രാസവളങ്ങള്‍ വാങ്ങുന്നതിനായി ശ്രീലങ്ക ചെലവഴിക്കുന്നു. പക്ഷേ, ഭാവിയിലെ ശ്രീലങ്കയുടെ കാര്‍ഷിക രംഗത്തെ മൊത്തമായി ബാധിക്കുന്നതാണ് എന്ന് മനസ്സിലാക്കിയില്ല. ജൈവകൃഷി രീതിയെ തുടര്‍ന്ന് കാര്‍ഷിക ഉല്‍പാദനം പകുതിയായി കുറഞ്ഞു. ഇതുവഴി തേയില മേഖലയില്‍ 625 ദശലക്ഷം ഡോളറിന്റെ നഷ്ടമാണ് കുറഞ്ഞ കാലയളവില്‍ ഉണ്ടായത്. തേയില മേഖലയെ ഈ നഷ്ടം വലിയ പ്രതിസന്ധിയിലാക്കി. ശ്രീലങ്കയിലെ പ്രധാന വിളകളായ കുരുമുളക്, കറുവപ്പട്ട, പച്ചക്കറി, പഴം തുടങ്ങിയ എല്ലാ കാര്‍ഷിക മേഖലകളെയും ജൈവകൃഷി തീരുമാനം പ്രതികൂലമായി ബാധിച്ചു. ഉല്‍പാദന ക്ഷമത 30-50 ശതമാനം വരെ ഇടിഞ്ഞു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്കുറവ് സുഗന്ധവ്യഞ്ജന കയറ്റുമതിയെയും അതുവഴി ലഭിച്ചിരുന്ന വിദേശനാണ്യത്തെയും ബാധിച്ചു. സമീപകാലത്ത് ശ്രീലങ്കക്ക് കയറ്റുമതിയില്‍ നിന്ന് ലഭിച്ച വരുമാനത്തേക്കാള്‍ ഇറക്കുമതിക്ക് ചെലവാക്കേണ്ടി വന്നു. 

പാളിയ കൊവിഡ് നയങ്ങളും തകര്‍ന്ന ടൂറിസവും

300 മുതല്‍ 500 കോടി ഡോളര്‍ വരെയാണ് ശ്രീലങ്കക്ക് ടൂറിസത്തില്‍ നിന്ന് ലഭിച്ചിരുന്ന വരുമാനം. കൊവിഡ് കാലത്ത് ഈ വരുമാനത്തിന് ഇടിവ് സംഭവിച്ചു. കൊവിഡ് 19 മാരമായി വ്യാപിച്ച സമയത്ത് സര്‍ക്കാര്‍ വിനോദസഞ്ചാരികള്‍ക്കായി രാജ്യം തുറന്നുകൊടുത്തു. ഇത് വലിയ തിരിച്ചടിയായി. യുകെ, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ വിനോദ സഞ്ചാര പട്ടികയില്‍ ശ്രീലങ്ക ഇപ്പോഴും അപകടകരമായ കൊവിഡ് സ്ഥിതി വിശേഷമുള്ളവയുടെ ഗണത്തിലാണ്. 2021 ജൂലൈയിലെ കണക്ക് പ്രകാരം 19,300 വിനോദ സഞ്ചാരികള്‍ മാത്രമാണ് ശ്രീലങ്കയില്‍ എത്തിയത്. 23 ലക്ഷം പേര്‍ വരേണ്ട സ്ഥാനത്തത്താണ് 19000 പേര്‍ എത്തിയത്. വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച മറ്റ് രാജ്യങ്ങള്‍ക്കും കൊവിഡ് സമയം തിരിച്ചടി നേരിട്ടെങ്കിലും അവരൊക്കെ പതിയെ സ്വാഭാവികതയിലേക്ക് തിരിച്ചെത്തിയപ്പോഴും ശ്രീലങ്ക കയത്തില്‍ നിന്ന് കരകയറിയിട്ടില്ല.

ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ​ഗവർണർ നാളെ സ്ഥാനമൊഴിയും: രാജ്യം ​ഗുരുതര ധനപ്രതിസന്ധിയിൽ; ഭക്ഷ്യധാന്യത്തിന് ക്ഷാമം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios