ദില്ലി: കൊവിഡ് പകര്‍ച്ചവ്യാധി മൂലം വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവരുടെ എണ്ണം രാജ്യത്ത് വലിയതോതില്‍ വര്‍ധിച്ചിരിക്കുകയാണ്. ഇത് കണക്കിലെടുത്ത് കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിരവധി കമ്പനികള്‍ കൊവിഡാനന്തരവും വര്‍ക്ക് ഫ്രം ഹോം മാതൃകയില്‍ നിശ്ചിത ശതമാനം ജീവനക്കാരെ നിലനിര്‍ത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് ആദായ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് പ്രമുഖ ദേശീയ വാര്‍ത്താ മാധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാന്‍ ജീവനക്കാര്‍ക്ക് പണം ചെലവാക്കേണ്ട സഹചര്യവും നിലവിലുണ്ട്. വീട്ടിൽ ഒരു വർക്ക് സ്റ്റേഷൻ സ്ഥാപിക്കുന്നതിനായി ചില കമ്പനികൾ സഹായവും നൽകി വരുന്നുണ്ട്. രാജ്യത്തിന്റെ വിദൂര ദേശങ്ങളില്‍ ഇരുന്ന തൊഴില്‍ ചെയ്യുന്നവര്‍ക്ക് കണടക്ടിവിറ്റി പ്രശ്‌നങ്ങളും ഉണ്ട്. ഇതിന് പരിഹാരം ലക്ഷ്യമിട്ടുളള പ്രഖ്യാപനങ്ങൾക്കും ബജറ്റില്‍ ഇടം കിട്ടിയേക്കും.

"പ്രത്യേകിച്ചും ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുമ്പോൾ അവർക്ക് നികുതി ഇളവ് നൽകാം,” പിഡബ്ല്യുസി ഇന്ത്യയുടെ സീനിയർ ടാക്സ് പാർട്നറായ രാഹുൽ ഗാർഗ് അഭിപ്രായപ്പെട്ടു. 

ഒരു ഇളവോ കിഴിവോ നൽകുന്നതിലൂടെ വ്യക്തിയുടെ കൈകളിലേക്ക് കൂടുതൽ പണം എത്തുന്നതിനുളള സാഹചര്യം സൃഷ്ടിക്കും, അവർക്ക് പ്രതിമാസം ആയിരക്കണക്കിന് രൂപ ലഭിക്കാവുന്ന അവസ്ഥ ഉണ്ടാകും, കൂടാതെ ജോലി ചെയ്യുന്ന ഓരോ വ്യക്തിക്കും കിഴിവും നികുതി ഇളവും ലഭിക്കുന്നത് ഡിമാൻഡ് സൃഷ്ടിക്കുന്നതിനും കാരണമാകും, ഗാർഗ് ലൈവ് മിന്റിനോട് പറഞ്ഞു.